കോട്ടയം: പുഞ്ചക്കൊയ്ത്ത് പുരോഗമിക്കുന്നതിനിടെ, കർഷകരുടെ നെഞ്ചിടിപ്പേറ്റി ഉൽപാദനത്തിൽ വൻ ഇടിവ്. ഒരേക്കറില്‍നിന്ന് ശരാശരി 20 ക്വിന്റല്‍ നെല്ലെങ്കിലും ലഭിക്കേണ്ടതാണെങ്കിലും ഇത്തവണ കൊയ്ത്ത് പൂർത്തിയായ ഭൂരിഭാഗം പാടങ്ങളിലും 15 ക്വിന്റലില്‍ താഴെ മാത്രമാണ് ഉൽപാദനം.
എട്ട് മുതല്‍ 10 ക്വിന്റല്‍ വരെ മാത്രം നെല്ല് ലഭിച്ച നിരവധി പാടങ്ങളുമുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. നേരത്തേ ഏക്കറിന് 30 ക്വിന്റല്‍ വരെ നെല്ല് വിളഞ്ഞിരുന്ന പാടശേഖരങ്ങളിലാണ് ഈ സ്ഥിതി.
വലിയ പ്രതീക്ഷയോടെ കൃഷിയിറക്കിയ കർഷകർക്ക് ഇത് വൻ തിരിച്ചടിയാണ്. വിത്തിന്റെ ഗുണനിലവാരക്കുറവാകാം ഉൽപാദനത്തെ ബാധിച്ചതെന്ന സംശയത്തിലാണ് കർഷകർ.
സര്‍ക്കാര്‍ നല്കുന്ന ഉമ വിത്താണ് അപ്പര്‍ കുട്ടനാട്ടില്‍ കര്‍ഷകര്‍ വിതക്കുന്നത്.
മുമ്പ് കതിരില്‍ നെല്‍ അടുപ്പം കൂടുതലുള്ള വിത്താണ് ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അകലം കൂടിയതാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഇതോടെ, തൂക്കം കുറയും. കാഴ്ചയില്‍ നെല്‍ച്ചെടികള്‍ക്കും കതിരിനും കുറവൊന്നുമുണ്ടാകുകയുമില്ല- ഇവർ പറയുന്നു.
കുറെ വര്‍ഷങ്ങളായി കര്‍ഷകര്‍ വിത്തിന്റെ ഗുണമേന്മ സംബന്ധിച്ച് പരാതി പറയുന്നുണ്ടെങ്കിലും നടപടികളൊന്നുമുണ്ടാകുന്നില്ല. ആദ്യം നല്കിയ വിത്ത് കിളിര്ക്കാത്തതു മൂലം രണ്ടാമതും വിതക്കേണ്ടി വന്ന പാടശേഖരങ്ങളും ജില്ലയിലുണ്ട്. മഴയുടെ സമയത്തില്‍ വന്ന മാറ്റങ്ങളും തിരിച്ചടിയായതായി കർഷകർ സംശയിക്കുന്നുണ്ട്. വെള്ളത്തിലെ പുളിരസവും ഉപ്പിന്റെ സാന്നിധ്യവും ഉൽപാദനത്തെ ബാധിക്കുന്നുണ്ട്.
ഇതിനിടെ, മില്ലുകൾ ചൂഷണം തുടരുന്നതും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. മൂന്ന് മുതല്‍ ആറ് കിലോ വരെ കിഴിവ് മില്ലുകാർ തള്ളുന്നതായി കര്‍ഷകര്‍ പറയുന്നു. ഉള്‍പ്രദേശങ്ങളിലെ പാടശേഖരങ്ങളിലെ കര്‍ഷകരെയാണ് മില്ലുടമകള്‍ കബളിപ്പിക്കുന്നത്. മില്ലുകാരുടെ ശ്രമത്തിന് സപ്ലൈകോ ഉദ്യോഗസ്ഥർ കൂട്ടുനില്‍ക്കുന്നതായും ആരോപണമുണ്ട്.
കോട്ടയം: സംഭരണം തുടങ്ങി രണ്ടുമാസം പിന്നിട്ടിട്ടും നെല്ലിന്റെ വില നൽകി തുടങ്ങിയിട്ടില്ല. ഉടൻ വിതരണം ആരംഭിക്കുമെന്ന പ്രഖ്യാപനമല്ലാതെ ഭൂരിഭാഗം കർഷകർക്കും പണം ലഭിച്ചുതുടങ്ങിയിട്ടില്ല. വായ്പയെടുത്താണ് കർഷകരിൽ പലതും കൃഷിയിറക്കിയത്.
ഒരുമാസം മുമ്പ് സംഭരണം അവസാനിച്ച വിരിപ്പ് കൃഷിയുടെ പണം ഇനിയും കര്‍ഷകര്‍ക്ക് ലഭിക്കാനുമുണ്ട്.
നിലവില്‍ 35.64 കോടി രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. വിരിപ്പ്, പുഞ്ച കൃഷികളിലായി ഇതുവരെ നല്‍കിയത് 28.32 കോടി രൂപ മാത്രം. അടുത്തയാഴ്ച കുടിശ്ശിക പണം നല്‍കുമെന്നാണ് നെല്ല് സംഭരിക്കുന്ന സപ്ലൈകോ കര്‍ഷകരെ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.