Representational Image

വാഴ കുലച്ചില്ല; കർഷകന് നഴ്സറി ഉടമ ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

മലപ്പുറം: വാഗ്ദാനം ചെയ്ത സമയത്ത് വാഴ കുലയ്ക്കാത്ത സംഭവത്തിൽ നഴ്സറി ഉടമകൾ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമീഷൻ. വണ്ടൂർ കരിമ്പൻതൊട്ടിയിൽ അലവി നൽകിയ പരാതിയിലാണ് കമീഷന്റെ ഉത്തരവ്.

സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളാണ് പരാതിക്കാരനായ അലവി. ചുങ്കത്തറയിലെ കാർഷിക നഴ്‌സറിയിൽ നിന്നും 150 നേന്ത്രവാഴ ഉൾപ്പെടെയുള്ള കന്നുകൾ 3425 രൂപ നൽകിയാണ് വാങ്ങിയത്. 10 മാസത്തിനകം വാഴ കുലക്കുമെന്നും ഓണവിപണിയിൽ വിൽക്കാമെന്നും കരുതിയാണ് വാഴക്കന്നുകൾ വാങ്ങിയത്. എന്നാൽ, വാഗ്ദാനം ചെയ്ത സമയത്ത് വാഴ കുലച്ചില്ലെന്ന് മാത്രമല്ല, നേന്ത്രവാഴക്ക് പകരം സ്വർണ്ണമുഖി എന്ന ഇനത്തിൽപെട്ട കന്നുകളാണ് അലവിക്ക് നൽകിയത്. തുടർന്ന് 1,64,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കമീഷനിൽ പരാതി നൽകുകയായിരുന്നു.

വണ്ടൂർ കൃഷി ഓഫിസറും അഭിഭാഷക കമീഷനും കൃഷിയിടം പരിശോധിച്ച് റിപ്പോർട്ട് നൽകി. പരാതിക്കാരന്റെ വാദം ശരിവെച്ചു കൊണ്ടുള്ള റിപ്പോർട്ടുകൾ അംഗീകരിച്ച് കൃഷിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും വാഴക്കന്നുകൾക്ക് നൽകിയ വില 3425 രൂപയും വളം ചേർക്കുന്നതിന് ചെലവഴിച്ച 11,175 രൂപയും കോടതി ചെലവായി 10,000 രൂപയും നൽകുന്നതിന് കമീഷൻ ഉത്തരവിടുകയായിരുന്നു.

ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം പലിശയും നൽകണമെന്ന് കെ. മോഹൻദാസ് അധ്യക്ഷനും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ചുങ്കത്തറ കാർഷിക നഴ്‌സറി ആൻഡ് ഗാർഡൻ സർവിസ് എന്ന സ്ഥാപനത്തിനെതിരെയാണ് കമീഷന്റെ വിധി.

Tags:    
News Summary - Bananas not harvested; Nursery owner ordered to pay compensation of Rs. 1 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.