കാർഷികവിളകളുടെ ശരിയായ വളർച്ചക്ക് ആവശ്യമായ പ്രാഥമിക മൂലകങ്ങൾ അടങ്ങിയതാണ് ജീവാണുവളങ്ങൾ. ജൈവവളങ്ങളോടൊപ്പം ജീവാണുവളങ്ങളും ചേർന്ന സംയോജിത വളപ്രയോഗരീതികളാണ് വിളകളുടെ വളർച്ചക്ക് ആഭികാമ്യം. പലതരത്തിലുള്ള ജീവാണുവളങ്ങൾ ഇന്ന് ഉപയോഗിച്ച് വരുന്നു. അതുപോലെ ഉപയോഗിക്കാവുന്ന ശുദ്ധജലത്തിൽ വളരുന്ന ഒരു പന്നൽ ചെടിയാണ് അസോള.
പായൽപോലെ ജലോപരിതലത്തിൽ വളരുന്ന ഈ ചെറുജലസസ്യത്തിന്റെ ഇലകളുടെ ഉപരിതലത്തിലെ അറകളിൽ ജീവിക്കുന്ന ‘അനബിനഅസോള’ എന്ന പായലിനു അന്തരീക്ഷത്തിലെ പാക്യജനകം (നൈട്രജൻ) ആഗിരണം ചെയ്തു സൂക്ഷിക്കുവാൻ കഴിയുന്നതുകൊണ്ടുതന്നെ ഇതൊരു ഉത്തമ ജൈവവളമാണ്.
കൃഷിയിടത്തിലെ കാർബണിന്റെ അളവ് കൂട്ടുകയും മണ്ണിന്റെ പോഷകചക്രം (ന്യൂട്രിയന്റ് സൈക്കിൾ) നിലനിർത്തുന്നതിനും മണ്ണിന്റെ ജൈവാംശം കൂട്ടുന്നതിനും അസോള സഹായിക്കുന്നു.വിളകളുടെ വളർച്ചയും ഉൽപാദനവും കൂട്ടുവാനും അസോള ഉപയോഗിക്കുന്നുണ്ട്. കൃഷിയിടങ്ങളിൽ കളനിയന്ത്രണത്തിനായും കൊതുകു നിയന്ത്രണകാരിയായും അസോള ഉപയോഗിക്കാം.
ഉത്തമ കാലിത്തീറ്റകൂടിയാണ് അസോള. ഈ ചെറുജലസസ്യത്തിൻറെ 25 മുതൽ 30 ശതമാനം വരെ മാംസ്യം അടങ്ങിയിരിക്കുന്നു. കന്നുകാലികളിൽ പാലിന്റെ ഗുണമേന്മയും ഉത്പാദനവും വർദ്ധിപ്പിക്കുന്നു. പന്നി, താറാവ്, കോഴി, കാട തുടങ്ങിയ വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും വളരെ പോഷകസമൃദ്ധമായി നൽകാൻ കഴിയുന്ന ഒരു തീറ്റ കൂടിയാണ് അസോള. മത്സ്യകൃഷിയിലും തീറ്റയായി അസോള നൽകാവുന്നതാണ്.
വീട്ടുവളപ്പിലെ കൃഷിയിലും നഗരകൃഷിയിലും എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും കൃഷിചെയ്തുപയോഗിക്കാവുന്ന ഒന്നാണ് അസോള.
ഇഷ്ടിക, സിമൻറ്, സിൽപോളിൻ ഷീറ്റ് എന്നിവ ഉപയോഗിച്ച് വീടിന്റെ പരിസരത്തോ ടെറസിലോ ടാങ്കുകൾ നിർമിച്ച് അസോള കൃഷി ചെയ്യാം. ശരാശരി രണ്ടര കിലോ അസോള ദിനംപ്രതി ലഭിക്കുവാൻ 5 x 3 മീറ്റർ വിസ്‌തീർണവും 15 സെന്റിമീറ്റർ ആഴവുമുള്ള ടാങ്ക് വേണം. 60-70 കിലോഗ്രാം മണലോ മേൽമണ്ണോ നിരത്തി ചാണകം 20 ലിറ്റർ വെള്ളത്തിൽ കലക്കി 80 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ് ചേർത്ത് ടാങ്കിൽ നിക്ഷേപിച്ച് 8 മുതൽ 10 സെന്റിമീറ്റർവരെ ഉയരത്തിൽ വെള്ളം നിറക്കുക.
ടാങ്കിൽ 2 കിലോ അസോള വിത്ത് വിതറി ഒരാഴ്ച കഴിഞ്ഞ് ആദ്യ വിളവെടു്താം. തുടർന്ന് ഓരോ ദിവസവും 2.5 കിലോ അസോളവരെ വിളവെടുക്കാവുന്നതാണ്. ഇത്തരത്തിൽ 4 -5 മാസംവരെ വിളവെടുക്കാൻ കഴിയും. ഇടയ്ക്കിടെ വളപ്രയോഗം നടത്തി ടാങ്ക് സമ്പുഷ്ടീകരിക്കാവുന്നതാണ്.ആറ് മാസത്തിനുശേഷം ടാങ്ക് വൃത്തിയാക്കി പുനർക്രമീകരിച്ചുപയോഗിക്കാവുന്നതാണ്.
കൃഷി വിജ്ഞാനകേന്ദ്രങ്ങൾ, കാർഷിക കോളേജുകൾ, കേരള കാർഷിക സർവകലാശാലകളിലെ റിസർച്ച് സ്റ്റേഷനുകൾ എന്നിവിടങ്ങളിലും ചില സ്വകാര്യ കടകളിലും അസോള വിത്ത് ലഭിക്കും. കൂടാതെ ഓൺലൈനിൽ ആമസോൺ, ഫ്ളിപ്കാർട്ട് എന്നിടവിടങ്ങളിൽ നിന്നും 99 രൂപ മുതൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.