??????????????????????? ??? ??. ?????????? ?????

പച്ചപ്പട്ടാളം

എല്ലാ ഞായറാഴ്ചകളിലും ഒൗഷധസസ്യങ്ങളുമായി നാടുചുറ്റുന്ന ഒരു കുട്ടിപ്പട്ടാളമുണ്ട് തൃശൂര്‍ ജില്ലയിലെ അവിണിശ്ശേരി പഞ്ചായത്തിലെ കുട്ടംകുളങ്ങര എന്ന ഗ്രാമത്തില്‍. ഒൗഷധസസ്യങ്ങളുടെ വലിയൊരു ശേഖരവുമായി ഞായറാഴ്ചകളില്‍ ഗ്രാമത്തിലെ ഓരോ വീട്ടിലും ഇവരത്തെും. ഇതിനോടകം തങ്ങളുടെ ചുറ്റുപാടിലുമായി 3800 വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചു ഈ പച്ചപ്പട്ടാളം. എല്ലാമാസവും വീടുകള്‍ കയറിയിറങ്ങി തങ്ങള്‍ നട്ട തൈകളുടെ വളര്‍ച്ച സൂക്ഷ്മമായി നിരീക്ഷിക്കും. നശിച്ചുപോയവക്ക് പകരം മരങ്ങള്‍ വെച്ചുപിടിപ്പിച്ച് കൃത്യമായി സംരക്ഷിച്ചുപോരുകയും ചെയ്യുന്നു. ഞായറാഴ്ചയായാല്‍ ഗ്രാമമൊന്നാകെ അവരുടെ വരവിനായി കാത്തിരിക്കും. ആ നാടൊന്നാകെ ഇപ്പോള്‍ ‘ഗ്രീന്‍ കിഡ്സ്’ എന്ന കുട്ടിക്കൂട്ടത്തിനൊപ്പമാണ്.
പ്രകൃതിയോട് ഒട്ടിയ ജീവിതം എന്നത് വാക്കുകള്‍ക്കപ്പുറം പ്രവൃത്തിയിലൂടെ കാണിച്ചുകൊടുത്താണ് അഗ്രിമയും കൂട്ടുകാരും വ്യത്യസ്തരാകുന്നത്. ഒന്നര വര്‍ഷം മുമ്പ് തുടങ്ങിയ ഈ ഒൗഷധ സസ്യ വിതരണ പദ്ധതിപ്രകാരം ഗവണ്‍മെന്‍റ് എല്‍.പി.എസ് പെരിഞ്ചേരി, ഗുരുശ്രീ വിദ്യാനികേതന്‍ പാലിശ്ശേരി, സെന്‍റ് സേവിയര്‍ സ്കൂള്‍ ചൂവ്വൂര്‍ തുടങ്ങിയ സ്കൂളുകള്‍ മുഖേന ആയിരത്തിലധികം ഒൗഷധസസ്യങ്ങള്‍ വിതരണം ചെയ്തു.
ഏഴു വയസ്സുകാരി  അഗ്രിമയും സംഗീതയും കതിരേശും നിഖിലും നേഹയും സനല്‍രാജും വൈഗയും സ്നേഹയും അടങ്ങുന്നതാണ് ഗ്രീന്‍കിഡ്സ്. ഇവര്‍ക്ക് കരുത്തായി അഗ്രിമയുടെയും കതിരേശന്‍െറയും മാതാപിതാക്കളായ മധു പി. ദാമോധരനും ലതയും കൂടെയുണ്ട്.
അവിണിശ്ശേരി കുട്ടംകുളങ്ങരയില്‍ ഇവരെക്കാള്‍ വലുപ്പത്തില്‍ 2800ഓളം വൃക്ഷങ്ങളാണ് തലയാട്ടിനില്‍ക്കുന്നത്. വൃക്ഷം നടല്‍ കൂടാതെ ‘പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുക, അതിനായി ഒരുമിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് പഴയ സാരികളില്‍നിന്ന് തുണിസഞ്ചി നിര്‍മിച്ച് താങ്കളുടെ ഓരോരുത്തരുടെയും വീടുകളില്‍നിന്ന് പ്ളാസ്റ്റിക്കിനെ അകറ്റിനിര്‍ത്തി പ്രവൃത്തിയിലൂടെ മാത്രം ഗ്രാമസൃഷ്ടിയിലേക്കുള്ള തയാറെടുപ്പിലാണ് ഇവര്‍.
പ്രവര്‍ത്തനമേഖല വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗ്രീന്‍കിഡ്സ്. തങ്ങളുടെ ചുറ്റിലുമുള്ള സ്കൂളുകളില്‍ ഒൗഷധവൃക്ഷത്തൈ വിതരണം ചെയ്തും ഓരോ ഇനങ്ങളുടെയും ഗുണഗണങ്ങള്‍ വിവരിച്ചും കൂടുതല്‍ വിദ്യാര്‍ഥികളെ തങ്ങളുടെ പാതയിലേക്ക് എത്തിക്കാന്‍  ഇവര്‍ ശ്രമിക്കുന്നുണ്ട്. നിരവധി വെല്ലുവളികള്‍ ഈ  സംഘവും നേരിടുന്നുണ്ട്. ഒൗഷധ തൈകളുടെ ലഭ്യതയാണ് പ്രധാന പ്രശ്നം. പിന്നെ, സാമ്പത്തിക ചെലവുകളും. എന്നാല്‍, അത്തരം വെല്ലുവിളികളെയെല്ലാം ആത്മവിശ്വാസംകൊണ്ടും ആത്മാര്‍ഥതകൊണ്ടും മറികടക്കുകയാണ് ഈ കൂട്ടുകാര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.