????? ?????????? ???? ??????????????

ഹെല്‍മറ്റുണ്ടെങ്കില്‍ കൃഷിയുണ്ട്

 

 

ഹെല്‍മറ്റില്ലങ്കില്‍  പെട്രോളില്ലന്ന ഉത്തരവ് നാടാകെ ചര്‍ച്ച ചെയ്യുമ്പോള്‍ ജോയിക്ക് പറയാനുള്ളത് മറ്റൊന്നാണ്: ഹെല്‍മറ്റുണ്ടെങ്കില്‍ കൃഷിയുണ്ട്. ഉപയോഗശൂന്യമായ ഹെല്‍മറ്റുകളില്‍ വിജയകരമായി പച്ചക്കറികൃഷി നടത്തി തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി ജോയി നമുക്കത് കാണിച്ചുതരുന്നു. ഹെല്‍മറ്റുണ്ടെങ്കില്‍ പെട്രോള്‍ മാത്രമല്ല വീട്ടിലേക്കാവശ്യമായ പച്ചക്കറിയും ലഭിക്കുമെന്ന് തന്‍െറ വ്യാപാരസ്ഥാപനത്തിന് മുന്‍വശം കൃഷിയിടമാക്കി മാറ്റി ജോയി തെളിയിച്ചിരിക്കുകയാണ്.
വെണ്ടയും വഴുതനയും തക്കാളിയും പച്ചമുളകും മുതല്‍ കൈതച്ചക്കവരെ ഹെല്‍മറ്റിനുള്ളില്‍ സുരക്ഷിതമായി വിളഞ്ഞുനില്‍ക്കുന്നത് ജോയിയുടെ കൃഷിയിടത്തിലെ കൗതുകക്കാഴ്ചയാണ്. ഉപയോഗശൂന്യമായി വലിച്ചെറിയുന്ന ബക്കറ്റുകളില്‍ വരെ വന്‍ മരങ്ങള്‍ വളര്‍ത്തി ഇവിടെ പരിപാലിച്ചിട്ടുണ്ട്. മണ്ണില്‍ എത്രനാള്‍ വേണമെങ്കിലും നശിക്കാതെ കിടക്കുന്ന ഹെല്‍മറ്റ് എന്തുകൊണ്ട് ചെടികള്‍ നടാന്‍ ഉപയോഗിച്ചുകൂടാ എന്ന ചിന്തയാണ് നൂതന കൃഷിരീതി പരീക്ഷിക്കാന്‍ ജോയിക്ക് പ്രേരണയായത്. മൂന്ന് ഹെല്‍മെറ്റില്‍ തുടങ്ങിയ കൃഷി ഇപ്പോള്‍ 40 ഹെല്‍മറ്റില്‍ എത്തിനില്‍ക്കുന്നു. ഹെല്‍മറ്റിനുള്ളില്‍ മണ്ണ് നിറച്ചാണ് ചെടിനടുന്നത്. ഇങ്ങനെ നട്ട പച്ചക്കറികള്‍ വിളവെടുപ്പിന് പാകമായി. ഹെല്‍മറ്റ് കൃഷിയെക്കുറിച്ചറിയാവുന്നവര്‍ ജോയിയെ വിളിച്ചുവരുത്തി പഴയ ഹെല്‍മറ്റുകള്‍ നല്‍കാറുണ്ട്. പഴയ പത്തോളം ഹെല്‍മറ്റുകള്‍ വിവിധ സ്ഥാപനങ്ങളില്‍തന്നെ കാത്തിരിപ്പുണ്ടെന്നും ജോയി പറഞ്ഞു. 
നാട് മുഴുവന്‍ നടന്ന് ഹെല്‍മറ്റ് ശേഖരിക്കുന്നത് കണ്ട് പണ്ട് മൂക്കത്ത് വിരല്‍ വെച്ചവരൊക്കെ ഇപ്പോള്‍ ജോയിയുടെ കൃഷിയിടം കണ്ട് അദ്ഭുതപ്പെടുകയാണ്. പകല്‍ സമയങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ ചെടികള്‍ നനച്ചുകൊടുക്കണം. അല്‍പം ശ്രദ്ധയും പരിചരണവും കൊടുത്താല്‍ നല്ല വിളവ് ലഭിക്കുമെന്ന് ജോയിയുടെ അനുഭവസാക്ഷ്യം.
വെങ്ങല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ജോയിയുടെ ഹെല്‍മറ്റ് കൃഷിക്ക് പിന്തുണയുമായി കടയുടമയും മറ്റ് ജീവനക്കാരും ഒപ്പമുണ്ട്. ഉപോഗശൂന്യമായ വസ്തുക്കള്‍ വലിച്ചെറിയാതെ ഏതെങ്കിലും തരത്തില്‍ പ്രയോജനപ്പെടുത്തണമെന്നാണ് ജോയിയുടെ പ്രത്യയശാസ്ത്രം. ഹെല്‍മറ്റ് കൃഷി കൂടാതെ ചെറിയവീപ്പയില്‍ ആല്‍, പ്ളാവ്, മഞ്ചാടി മരങ്ങളും ജോയി വളര്‍ത്തുന്നു. മൂന്നിനങ്ങളും ഒരുമയോടെ ഒരേ ചുവട്ടില്‍നിന്ന് വെള്ളവും വളവും ശേഖരിച്ച് വളരുകയാണ്. കത്തിച്ചോ പൊട്ടിച്ചോ കളയാനാവാത്ത ഹെല്‍മറ്റിലെ കൃഷി മറ്റുള്ളവര്‍ മാതൃകയാക്കണമെന്നാണ് ജോയിയുടെ ഉപദേശം. വിഷപച്ചക്കറിയെ നാട്ടില്‍നിന്ന് തുരത്താനും ഇത്തരം കൃഷിരീതികള്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.