സ്കൂളില്‍ വിളഞ്ഞത് കുന്നോളം പച്ചക്കറി

മലപ്പുറം പെരിന്തല്‍മണ്ണയിലെ കുന്നക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൃഷിയെന്നാല്‍ പഠനത്തിന്‍െറ ഭാഗംകൂടിയാണ്. ജൈവകൃഷിയിലൂടെ സ്വന്തമായി വിളവെടുത്ത പച്ചക്കറികള്‍ ഉപയോഗിച്ചാണ് ഇവിടുത്തെ കുട്ടികള്‍ സ്കൂളില്‍ വിഭവസമൃദ്ധ  ഉച്ചഭക്ഷണം വിളമ്പുന്നത്. കൃഷിയെ സ്നേഹിക്കുന്ന 100ഓളം വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് തരിശുനിലത്തില്‍ കാര്‍ഷിക വിപ്ളവം തീര്‍ക്കുന്നത്. ഇവര്‍ ഈ വര്‍ഷം വിളയിച്ചത് 400ഓളം കാബേജാണ്. ഇതിനുപുറമെ 100 മുളക് തൈകള്‍, 50 ചെരങ്ങാ തൈകള്‍, 150 വഴുതന തൈകള്‍ എന്നിവയും കൃഷിയിറക്കി. തക്കാളി, ചീര തുടങ്ങിയവയും ഈ അധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ വിളവെടുത്തത്. കൂടാതെ റോബസ്റ്റ, ചെങ്കദളി, മൈസൂര്‍പൂവന്‍, നേന്ത്ര, നാട്ടുപൂവന്‍ തുടങ്ങി 100ഓളം വാഴക്കുലകളും വിളവെടുത്തു. പഠനത്തോടൊപ്പം വിദ്യാര്‍ഥികളില്‍ കാര്‍ഷികവൃത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. ഏലംകുളം കൃഷിഭവന്‍െറ സഹകരണം കൂടിയായതോടെ സ്കൂള്‍മുറ്റം പച്ചവിരിച്ചു തുടങ്ങുകയായിരുന്നു. കൃഷി ഓഫിസര്‍ ശ്രീരേഖ പ്രോത്സാഹനവുമായി എത്തിയതോടെ കുട്ടികള്‍ക്കും ആവേശമായി. ആവശ്യമായ മുഴുവന്‍ തൈകളും കൃഷിഭവനില്‍ നിന്നാണ് എത്തിച്ചത്.

അധ്യാപകരും വിദ്യാര്‍ഥികളും പച്ചക്കറി വിളവെടുപ്പില്‍
 

കാബേജ് ചാക്കുകളില്‍ നട്ട്, വളരുന്നതിനനുസരിച്ച് വാഴക്കയര്‍ ഉപയോഗിച്ച് കെട്ടിയാണ് പരിപാലിച്ചിരുന്നത്. ചകിരിച്ചോറ് കമ്പോസ്റ്റ്, കോഴികാഷ്ഠം, മത്തി ശര്‍ക്കര മിശ്രിതമടക്കമുള്ള കീടനാശിനികള്‍ തുടങ്ങിയ ജൈവവളമാണ് ഉപയോഗിച്ചത്. തരിശായി കിടന്നിരുന്ന ഭൂമി സ്കൂളിലെ നാഷനല്‍ സര്‍വിസ് സ്കീം (എന്‍.എസ്.എസ്) യൂനിറ്റ് അംഗങ്ങളാണ് കൃഷി നടത്താന്‍ പാകപ്പെടുത്തിയെടുത്തത്. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ കെ. ഷംസുദ്ദീന്‍, പ്രിന്‍സിപ്പല്‍ കെ. മധുസൂദനന്‍, കെ.പി. ഹംസ, മോഹന്‍ദാസ്, സുനില്‍ എന്നീ അധ്യാപകര്‍ നിര്‍ദേശങ്ങള്‍ നല്‍കി. എല്ലാ ദിവസവും വൈകീട്ട് കുട്ടികള്‍ കൃഷി നനക്കാനും പരിപാലനത്തിനുമായി എത്തും. 100 വിദ്യാര്‍ഥികളെ 10 പേരടങ്ങുന്ന വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചാണ് നനക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. പച്ചക്കറി വില്‍പ്പന നടത്താതെ സ്കൂളിലെ ഉച്ചഭക്ഷണത്തിന് വിഭവങ്ങള്‍ ഒരുക്കുകയാണ് ചെയ്യാറെന്ന് അധ്യാപകര്‍ പറഞ്ഞു. വിദ്യാര്‍ഥികളായ എം.ആര്‍. ഉമ, ദേവിക, കെ.എസ്. ശ്രീജിത്ത്, നിഷിത, അര്‍ഷദലി എന്നീ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു പരിപാലനം. ആദ്യഘട്ട വിളവെടുപ്പ് മുഴുവന്‍ പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് ഇവര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.