സിയാലിന്‍റെ 'അഗ്രിവോൾട്ടായ്ക് ' ജൈവ കൃഷിയിടം

സിയാൽ സൗരപ്പാടത്തെ 'അഗ്രിവോൾട്ടായ്ക്' കൃഷിരീതി 20 ഏക്കറിലേക്ക്

നെടുമ്പാശേരി: ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന്‍റെ ജൈവകൃഷി പുതിയ നേട്ടത്തിലേക്ക്​. ഭക്ഷ്യ-സൗരോർജ ഉത്പാദന മാർഗങ്ങൾ സമന്വയിപ്പിക്കുന്ന 'അഗ്രിവോൾട്ടായ്ക്' കൃഷി രീതിയിലൂടെ സിയാലിന്‍റെ ജൈവകൃഷി 20 ഏക്കർ വിസ്തൃതിയിലേക്ക്​ വ്യാപിച്ചു. ഇതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അഗ്രിവോൾട്ടായ്ക് കൃഷിസ്ഥലങ്ങളിലൊന്നായി സിയാലിന്‍റെ സൗരപ്പാടം മാറി.

കൊച്ചി രാജ്യാന്തര വിമാനത്താവള പരിസരത്ത് എട്ട് സൗരോർജ പ്ലാന്‍റുകളാണുള്ളത്. ഇവയിൽ ഏറ്റവും വലിയ പ്ലാന്‍റ്​ കാർഗോ ടെർമിനലിനടുത്താണ്. 45 ഏക്കറാണ് വിസ്തൃതി. ഇവിടെ സോളാർ പി.വി പാനലുകൾക്കിടയിൽ ജൈവകൃഷി സിയാൽ പരീക്ഷണാടിസ്ഥാനത്തിൽ നേരത്തെ തുടങ്ങിയിരുന്നു. ഒരേസ്ഥലത്ത് നിന്ന് കൂടുതൽ വിളവും കാര്യക്ഷമതയുള്ള സൗരോർജ ഉത്പാദനവും സാധ്യമാക്കാനുള്ള അഗ്രിവോൾട്ടായ്ക് കൃഷി രീതി വ്യാപിപ്പിക്കാനുള്ള ശ്രമം 2021 ജൂലായിലാണ് തുടങ്ങിയത്.

മത്തൻ, പാവക്ക ഉൾപ്പെടെയുള്ള വിളകളാണ് നേരത്തെ കൃഷി ചെയ്തിരുന്നത്. ചേന, അച്ചിങ്ങ, മുരിങ്ങ, മലയിഞ്ചി , മഞ്ഞൾ, കാബേജ്, ക്വാളിഫ്‌ളവർ, മുളക് തുടങ്ങിയവയാണ് നിലവിൽ കൃഷി ചെയ്യുന്നത്. സൗരോർജ പാനലുകൾക്കടിയിലുള്ള സൂക്ഷ്മാന്തരീക്ഷത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ ഇവയ്ക്കാകും. ഇവക്കൊപ്പം അഗ്രിവോൾട്ടായ്ക് രീതി അനുശാസിക്കുന്ന ജലസേചനവും പരീക്ഷിച്ചു.

2021 ഡിസംബർ ആദ്യവാരത്തോടെ അഗ്രിവോൾട്ടായ്ക് രീതി 20 ഏക്കറിലേക്ക്​ വ്യാപിപ്പിക്കാനായി. ഇതുവരെ 80 ടൺ ഉത്പ്പന്നങ്ങൾ ലഭിച്ചു. സൗരോർജ പാനലുകൾ കഴുകാനുപയോഗിക്കുന്ന വെള്ളം കൃഷിക്കായി ഉപയോഗിക്കും. പെട്ടെന്ന് വളരുന്നതരം ചെടികളായതിനാൽ മണ്ണൊലിപ്പ്​ തടയാനുമായി. കളകൾ വ്യാപിക്കുന്നത് ചെറുക്കാനായതാണ് മറ്റൊരു നേട്ടം.

അഗ്രികൾച്ചറൽ ഫോട്ടോവോൾട്ടെയ്ക്സ് അഥവാ അഗ്രിവോൾട്ടായ്ക് രീതിയിലൂടെ സൗരോർജ ഉൽപ്പാദന-കാർഷിക മേഖലക്ക്​ വലിയ അവസരമാണ് തുറന്നുകിട്ടുന്നതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. 'അന്തരീക്ഷത്തിലെ ചൂട് കൂടുന്നതിന് അനുസരിച്ച് സൗരോർജ പാനലുകളുടെ കാര്യക്ഷമത കുറയും. വെളിച്ചത്തെ ആശ്രയിച്ചാണ് ഇവയുടെ പ്രവർത്തനം. പാനലുകൾക്കടിയിൽ ചെടിവളരുന്നത് താപനില കുറക്കാൻ സഹായിക്കും. ലഭ്യമായ ഭൂമി, ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ് സിയാലിന്‍റെ നയം. സുസ്ഥിരവികസനത്തിന്‍റെ ഘടകങ്ങളിലൊന്നാണിത്'-സുഹാസ് കൂട്ടിച്ചേർത്തു.

വിമാനത്താവള പരിസരത്തെ പ്ലാന്‍റുകളുടെ മൊത്തം സ്ഥാപിതശേഷി 40 മെഗാവാട്ടാണ്. പ്രതിദിനം 1.6 ലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇതിലൂടെ ലഭിക്കുക. വിമാനത്താവളത്തിന്‍റെ പ്രതിദിന വൈദ്യുതി ഉപഭോഗം 1.3 ലക്ഷം യൂനിറ്റാണ്. കേരള സംസ്ഥാന വൈദ്യുതി ബോർഡിന്‍റെ ഗ്രിഡുമായി ഏകോപിപ്പിച്ചാണ് സിയാലിന്‍റെ സൗരോർജ ഉത്പാദനം.

പകലുണ്ടാക്കുന്ന അധിക വൈദ്യുതി ഗ്രിഡിലേക്ക്​ നൽകുകയും രാത്രി ആവശ്യമുള്ളത് ഗ്രിഡിൽ നിന്ന് തിരിച്ചെടുക്കുകയും ചെയ്യും. 2021 നവംബറിൽ സിയാലിന്‍റെ ആദ്യത്തെ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. നാലര മെഗാവാട്ടാണ് ഇതിന്‍റെ സ്ഥാപിതശേഷി. 

Tags:    
News Summary - Agrivoltaic farming method in CIAL solar field extended to 20 acres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.