വെച്ചൂച്ചിറ ഇടത്തിക്കാവിൽ കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടം

വേനൽമഴയിൽ 307 കോടിയുടെ കൃഷി നാശം

തൊടുപുഴ: സംസ്ഥാനത്ത് വേനൽമഴയിൽ 307.57 കോടിയുടെ കൃഷി നാശം. ഈ വർഷം മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 11വരെയുള്ള കണക്കുപ്രകാരം 63,485 കർഷകരുടെ 20,296.59 ഹെക്ടറിലെ കൃഷിയാണ് മഴയിലും കാറ്റിലും നശിച്ചത്. വൻതോതിൽ നശിച്ചവയിൽ റബറും തെങ്ങും ഏലവും മുതൽ വിളവെടുപ്പിന് പാകമായ പച്ചക്കറികൾവരെ ഉൾപ്പെടുന്നു.

മാർച്ച് ഒന്നിനും 31നുമിടയിൽ 45.67 കോടിയുടെയും ഏപ്രിൽ ഒന്നിനും 11നുമിടയിൽ 261.90 കോടിയുടെയും നാശനഷ്ടമുണ്ടായതായാണ് കൃഷി വകുപ്പിന്‍റെ കണക്ക്. കൃഷി നാശം പല ജില്ലകളിലും കർഷകരെ തീരാദുരിതത്തിലാക്കിയിട്ടുണ്ട്. ഹെക്ടർ കണക്കിന് നെൽകൃഷി വെള്ളം കയറി പൂർണമായി നശിച്ചു. കോവിഡ് പ്രതിസന്ധിക്കുശേഷം കരകയറാൻ ശ്രമിക്കുന്ന കാർഷിക മേഖലക്ക് കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴ കനത്ത തിരിച്ചടിയായി. വിലയിടിവും ഉൽപാദനത്തകർച്ചയും സൃഷ്ടിച്ച കനത്ത നഷ്ടം അതിജീവിക്കാൻ പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ചെയ്തവരാണ് കൂടുതൽ ദുരിതത്തിലായത്.

4649.17 ഹെക്ടറിലെ നെല്ലും 260.25 ഹെക്ടറിലെ പച്ചക്കറിയും 1920 ഹെക്ടറിലെ മരച്ചീനിയും എട്ട് ഹെക്ടറിലെ ഏലവും ഈ കാലയളവിൽ നശിച്ചു. തെങ്ങ് 7605 എണ്ണം, റബർ 38,683 എണ്ണം, കുലച്ച വാഴ 14.18 ലക്ഷം, കുരുമുളക് ചെടികൾ 10,705 എണ്ണം, കവുങ്ങ് 19,439 എണ്ണം എന്നിങ്ങനെയാണ് മറ്റ് പ്രധാന വിളകളുടെ നാശത്തിന്‍റെ കണക്ക്.

Tags:    
News Summary - 307 crore crop damage due to summer rains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.