പൊക്കാളി കൃഷിയുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി കൃഷി വകുപ്പ് മുൻകൈയെടുത്ത് 10 കോടി അനുവദിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. അടുത്ത സാമ്പത്തിക വർഷം തുക അനുവദിക്കും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, പൊക്കാളി നില വികസന ഏജൻസി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരകം 2025 പൊക്കാളി ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പൊക്കാളി കൃഷിയുടെ വളർച്ചയ്ക്കായി അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം വില ലഭ്യമാക്കുന്നതിലും ശ്രദ്ധ വേണം. ഉൽപാദന ചെലവിന്റെ 50 ശതമാനമെങ്കിലും കർഷകന് ലഭ്യമാക്കണം. എല്ലാ മേഖലയിലും ഉത്പന്നത്തിന്റെ വില നിശ്ചയിക്കുന്നത് ഉത്പാദിപ്പിച്ചവരാണ്. എന്നാൽ ഉത്പാദിപ്പിച്ചതിന്റെ വില നിശ്ചയിക്കാൻ അവകാശമില്ലാത്ത ഒരാൾ കർഷകനാണ്. ഉത്പാദന ചെലവ് പകുതിയെങ്കിലും ലഭ്യമായാൽ മാത്രമേ കർഷകനും നിലനിൽക്കാൻ സാധിക്കൂ. കൃഷിവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും എല്ലാവരും യോജിച്ച് കർഷകന് കൃത്യമായ വില ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ നയമായ 'ഒരു നെല്ലും ഒരു മീനും' കൃഷി രീതിയാണ് പൊക്കാളി പാടശേഖരങ്ങളിൽ നടപ്പിലാക്കുന്നത്. ആറുമാസം പൊക്കാളിയും ആറുമാസം മത്സ്യകൃഷിയുമാണ് ഇവിടെ പ്രോത്സാഹിപ്പിക്കുന്നത്. സംഘർഷങ്ങൾ ഒഴിവാക്കുന്നതിനായി കലണ്ടർ കൃത്യമായി നടപ്പിലാക്കും.
പൊക്കാളി കൃഷിക്ക് ജൈവ സർട്ടിഫിക്കേഷൻ ലഭ്യമാക്കും. ഇത് ലഭ്യമായാൽ കർഷകർക്ക് കുറച്ചുകൂടി വില ഉറപ്പാക്കാൻ സാധിക്കും. നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ (എൻ.പി.ഒ.പി) സർട്ടിഫിക്കറ്റ് കൂടി ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൃഷിവകുപ്പിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്.
കൊയ്ത്തിനാണ് ചെലവിന്റെ 40 ശതമാനം വേണ്ടിവരുന്നത്. പൊക്കാളി പാടങ്ങൾക്ക് ആവശ്യമായ കൊയ്ത്തുപകരണങ്ങൾ ലഭ്യമാക്കും. കേരള ഗ്രോ ബ്രാൻഡ് പേരിൽ പൊക്കാളി അരിയും, പൊക്കാളി കൊണ്ടുള്ള മറ്റ് ഉൽപ്പന്നങ്ങളും വിപണനം ചെയ്യാനുള്ള പ്രവർത്തനങ്ങൾ കൃഷിവകുപ്പ് ഉറപ്പാക്കും.
പൊക്കാളി കൃഷി രീതിയുടെ ഗുണമേന്മ സമൂഹം കൂടുതൽ മനസ്സിലാക്കണം. ആരോഗ്യവകുപ്പുമായി ചേർന്ന് ഗുണമേന്മകൾ സമൂഹത്തിലേക്ക് എത്തിക്കുവാനും ജനങ്ങളെ ബോധവാന്മാരാക്കുവാനും പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. കേരളത്തിന് പുറത്ത് വിപണന സാധ്യതകൾ പരിശോധിക്കും. എല്ലാ പിന്തുണയും കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകും. വിത്തിന്റെ ലഭ്യത കുറവ് പരിഹരിക്കാൻ കൃഷിവകുപ്പ്, കാർഷിക സർവകലാശാല തുടങ്ങിയവയുമായി സഹകരിച്ച് പദ്ധതികൾ നടപ്പിലാക്കും.
2017ൽ ഭൗമസൂചിക പദവി ലഭിച്ച കൃഷി രീതിയാണ് പൊക്കാളി. അമ്ലത്തെയും ഉപ്പിന്റെ അംശത്തെയും വെള്ളക്കെട്ടിനെയും പ്രതിരോധിക്കാൻ ഇതിന് സാധിക്കും. പൊക്കാളിക്ക് നിരവധി ഗുണങ്ങളുണ്ട്. ഇതിനെക്കുറിച്ച് പഠനം നടത്താൻ കാർഷിക വിലനിർണയ ബോർഡിനെ ചുമതലപ്പെടുത്തിയപ്പോൾ 40 വർഷങ്ങൾക്കു മുമ്പ് 24,000 ഹെക്ടറിൽ ചെയ്തിരുന്ന പൊക്കാളി കൃഷി ഇന്ന് 2400 ഹെക്ടറിൽ മാത്രമാണ് കൃഷി ചെയ്യുന്നതെന്ന് വ്യക്തമായതായി മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.