ചോക്ലേറ്റ് മരത്തിൽ കായ്ക്കുമോ? മുറിച്ചാൽ ചോക്ലേറ്റ് പുഡ്ഡിങ്ങിന്‍റെ ടേസ്റ്റുള്ള ബ്ലാക്ക് സപ്പോട്ട കേരളത്തിലും സുലഭമായി വളരും

കേൾക്കുമ്പോൾ അത്ഭുതം തോന്നും, പക്ഷെ സംഭവം സത്യമാണ്. മുറിച്ചാൽ ഉള്ളിൽ ചോക്ലേറ്റ് പുഡ്ഡിങ് പോലെ തോന്നുന്ന ഒരു പഴം. ഇതാണ് ബ്ലാക്ക് സപ്പോട്ട. മെക്സിക്കോയും ഗ്വാട്ടിമാലയുമാണ് ഇതിന്റെ സ്വദേശം. പുറത്ത് പച്ച നിറമുള്ള തക്കാളി പോലെ തോന്നുമെങ്കിലും, അകത്ത് പഴുത്തു കഴിയുമ്പോൾ കറുത്ത്, ക്രീം പോലെ മൃദുലമാകും.

ഒരിക്കൽ വളർന്നു കഴിഞ്ഞാൽ വലിയ പരിചരണം വേണ്ടാത്ത പഴമാണിത്. പഞ്ചസാര ചേർക്കാതെ തന്നെ മധുരമുള്ള ഡെസേർട്ട് ആയി കഴിക്കാം. കുട്ടികൾക്ക് വളരെ ഇഷ്ടമാണ്. ഇതിന് വലിയ മരുന്ന് തളിക്കലോ പരിചരണമോ വേണ്ട. ഈ മരത്തിന് വേണ്ടത് ചൂടുള്ള, ഉഷ്ണമേഖലാ കാലാവസ്ഥയാണ്. കേരളത്തിലെ കാലാവസ്ഥ ഇതിന് ഏറ്റവും അനുയോജ്യമാണ്. താപനില 21°C മുതൽ 29°C വരെയാണ് ഏറ്റവും നല്ലത്. 

എങ്ങനെ നടാം

എപ്പോഴും ഗ്രാഫ്റ്റ് ചെയ്ത തൈ വാങ്ങാൻ ശ്രമിക്കുക. വിത്ത് മുളപ്പിച്ചു വളർത്തുന്ന മരത്തിന് 7-8 വർഷം വരെ കായ്ക്കാൻ സമയമെടുക്കും, എന്നാൽ ഗ്രാഫ്റ്റ് ചെയ്ത തൈ 3-4 വർഷത്തിനുള്ളിൽ കായ്ക്കും. Bernicker, Black Beauty എന്നിവയാണ് നല്ല ഇനങ്ങൾ.

ദിവസം കുറഞ്ഞത് 6 മണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്ന സ്ഥലം വേണം. വീടിന്റെ തെക്ക് ഭാഗം നല്ലതാണ്. 30 അടി വരെ ഉയരം വെക്കുന്ന മരമാണ്, അതുകൊണ്ട് തൈകൾ തമ്മിൽ 25-30 അടി അകലം നിർബന്ധമായും കൊടുക്കണം. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്ത് ഒരിക്കലും നടരുത്.

നല്ല നീർവാർച്ചയുള്ള മണ്ണാണ് ബ്ലാക്ക് സപ്പോട്ടക്ക് ആവശ്യം. ചെളി മണ്ണാണെങ്കിൽ മണലും കമ്പോസ്റ്റും ചേർത്ത് നന്നാക്കണം. pH 5.5 മുതൽ 7 വരെയാണ് അനുയോജ്യം. കുഴി എടുക്കുമ്പോൾ 2 അടി ആഴവും 2 അടി വീതിയും എടുക്കുക. അതിൽ നിന്ന് എടുത്ത മണ്ണിൽ ഒരു ചാക്ക് കമ്പോസ്റ്റും, കുറച്ച് ചകിരിച്ചോറും, വേപ്പിൻ പിണ്ണാക്കും ചേർത്ത് തിരികെ ഇടുക.

ഫെബ്രുവരി - ഏപ്രിൽ ആണ് ഏറ്റവും നല്ല സമയം. കടുത്ത വേനലിനു മുൻപ് വേര് പിടിക്കാൻ ഇത് സഹായിക്കും. ആദ്യത്തെ ഒരു വർഷം ദിവസവും നനയ്ക്കണം. പിന്നീട് രണ്ട് ദിവസത്തിലൊരിക്കൽ മതി. മണ്ണ് എപ്പോഴും നനവുള്ളതായിരിക്കണം, പക്ഷെ ചെളിയാകരുത്.

വലിയ വളപ്രയോഗം വേണ്ട. വർഷത്തിൽ രണ്ടു തവണ - മാർച്ചിലും ആഗസ്റ്റിലും ചാണകപ്പൊടിയും എല്ലുപൊടിയും ചേർന്ന ജൈവവളമോ കൊടുത്താൽ മതി.കമ്പ് കോതലാണ് ഏറ്റവും പ്രധാനം. എല്ലാ വർഷവും മഴക്കാലം കഴിഞ്ഞ് ഉണങ്ങിയതും, തമ്മിൽ മുട്ടി നിൽക്കുന്നതുമായ കൊമ്പുകൾ മുറിച്ചു കളയണം. ഇത് നല്ല വായുസഞ്ചാരം കിട്ടാനും, കൂടുതൽ കായ് പിടിക്കാനും സഹായിക്കും.

മരത്തിന്റെ ചുവട്ടിൽ 3 ഇഞ്ച് കനത്തിൽ ഉണങ്ങിയ ഇല കൊണ്ടോ വൈക്കോൽ കൊണ്ടോ പുതയിടുക. ഇത് വെള്ളം പിടിച്ചു നിർത്താനും കള വളരാതിരിക്കാനും സഹായിക്കും. പച്ച നിറത്തിൽ നിന്ന് ഇരുണ്ട പച്ചയോ, ഒലിവ് നിറമോ ആകുമ്പോൾ പറിക്കാം. പറിച്ച ഉടൻ തിന്നരുത്.  3-4 ദിവസം വെച്ചാൽ ഉള്ളിൽ മൃദുവായി കറുത്ത നിറമാകും. അപ്പോൾ തൊലി പൊളിച്ച് സ്പൂൺ കൊണ്ട് കോരി കഴിക്കാം. പഞ്ചസാരയോ തേനോ ഒന്നും ചേർക്കേണ്ടതില്ല.

Tags:    
News Summary - Chocolate Pudding Fruit How to Grow Black Sapote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.