വാഷിങ്ടൺ: ന്യൂയോർക് മേയർ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള പ്രൈമറി മത്സരത്തിൽ ഇന്തോ-അമേരിക്കൻ വംശജനും നിയമസഭാംഗവുമായ സുഹ്‌റാൻ ക്വാമെ മംദാനിക്ക്‍ അട്ടിമറി വിജയം. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെ ആണ് 33കാരനായ മംദാനി പരാജയപ്പെടുത്തിയത്. പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഇന്തോ-ഉഗാണ്ടൻ അക്കാദമീഷ്യൻ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സുഹ്‌റാൻ. ക്വീൻസിൽ നിന്നുള്ള സംസ്ഥാന നിയമസഭ അംഗമാണ് മംദാനി. ഡെമോക്രാറ്റുകൾക്ക് ആധിപത്യമുള്ള നഗരത്തിൽ ആദ്യമായാണ് മുസ്‍ലിം മേയർ ഉണ്ടാകാനുള്ള സാധ്യത തെളിഞ്ഞത്.
ഇസ്രായേലിനു പുറത്ത് ഏറ്റവും കൂടുതൽ ജൂതർ താമസിക്കുന്ന ന്യൂയോർക് സിറ്റിയിലെ മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള തെരഞ്ഞെടുപ്പിലാണ് (പ്രൈമറി) ഇസ്രായേൽ-സയണിസ്റ്റ് അനുകൂലി ആൻഡ്ര്യൂ ക്വോമോക്ക് അപ്രതീക്ഷിത തോൽവി പിണഞ്ഞത്. 93 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 43.5 ശതമാനം വോട്ടോടെ 33കാരനായ സുഹ്‌റാൻ മംദാനി ഒന്നാം സ്ഥാനം ഉറപ്പിച്ചു. അന്തിമഫലം പുറത്തുവരാൻ ദിവസങ്ങളെടുക്കും.
1991 ഒക്ടോബർ 18ന് ഉഗാണ്ടയിലെ കാംപ്ലയിൽ ജനിച്ച മംദാനി ന്യൂയോർക് സിറ്റിയിലാണ് വളർന്നത്. ഏഴ് വയസ്സുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം ന്യൂയോർക്കിലേക്ക് താമസം മാറി. മംദാനിക്ക് അഭിനന്ദനവുമായി ബെർനി സാന്റേഴ്‌സ് അടക്കമുള്ള പ്രമുഖർ രംഗത്തെത്തി. എതിരാളികളുടെ രാഷ്ട്രീയ, സാമ്പത്തിക, മാധ്യമ പിന്തുണക്കെതിരെയാണ് മംദാനി വിജയം നേടിയതെന്ന് സാന്റേഴ്‌സ് പറഞ്ഞു.
പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകളും ജനസംഖ്യയുടെ 10 ശതമാനത്തിലേറെ വരുന്ന ജൂതവോട്ടുകളും സ്വന്തമാക്കുമെന്ന് കരുതിയിരുന്ന ആൻഡ്ര്യൂ ക്വോമോ ആഴ്ചകൾ മുമ്പുവരെ അനായാസ ജയം നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, മംദാനിയുടെ പുരോഗമന ആശയങ്ങളും ഗസ്സക്കും ഇറാനും മേലുള്ള ഇസ്രായേൽ അതിക്രമങ്ങളും ജനങ്ങളെ സ്വാധീനിച്ചു. തോൽവി അംഗീകരിച്ച ക്വോമോ, മംദാനിയെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.