ഒട്ടാവ: കൊള്ളയടിക്കലും കൊലപാതകവും ആരോപിക്കപ്പെട്ട ‘ബിഷ്‍ണോയി ഗാങ്’ കാനഡയിൽ ഇന്ത്യാ സർക്കാറിനുവേണ്ടി പ്രവർത്തിക്കുന്നതായി ‘റോയൽ കനേഡിയൻ മൗണ്ടെയ്ൻ പൊലീസി’ (ആർ.സി.എം.പി)ന്റെ രേഖ അന്താരാഷ്ട്ര ഓൺലൈൻ മീഡിയയായ ‘ഗ്ലോബൽ ന്യൂസ് പുറത്തുവിട്ടു. ലോറൻസ് ബിഷ്‌ണോയി സംഘത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ, ആർ.സി.എം.പി ദേശീയ സുരക്ഷാ വിഭാഗം ഈ കുറ്റവാളി സംഘത്തിന് ഇന്ത്യൻ സർക്കാറുമായുള്ള ബന്ധത്തെക്കുറിച്ച് വെറും മൂന്ന് പേജുകളിൽ അര ഡസൻ തവണയാണ് പരാമർശിച്ചത്.
ആർ.സി.എം.പി കഴിഞ്ഞ വർഷം ആഭ്യന്തരമായി വിതരണം ചെയ്ത ഈ രേഖ, കാനഡയിൽ ബിഷ്‌ണോയി ഗാങ്ങി വർധിച്ചുവരുന്ന സാന്നിധ്യത്തിന്റെ ഒരു രഹസ്യ വിലയിരുത്തലായാണ് കാണുന്നത്. കനഡ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ സജീവവും തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നതുമായ സാന്നിധ്യമുള്ള ഒരു അക്രമാസക്തമായ ക്രിമിനൽ സംഘടനയാണ് ബിഷ്‌ണോയി ക്രൈം ഗ്രൂപ്പ് എന്ന് റിപ്പോർട്ട് പറയുന്നു.
രാഷ്ട്രീയമോ മതപരമോ ആയ ലക്ഷ്യങ്ങളേക്കാൾ അത്യാഗ്രഹത്താൽ നയിക്കപ്പെടുന്ന ബിഷ്‌ണോയി സംഘം കൊള്ളയടിക്കൽ, മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, കരാർ കൊലപാതകങ്ങൾ എന്നിവ നടത്തുന്നുണ്ടെന്ന് ആർ.സി.എം.പി വെളിപ്പെടുത്തുന്നു. ‘ബിഷ്ണോയി ക്രൈം ഗ്രൂപ്പ് ഇന്ത്യൻ സർക്കാറിനുവേണ്ടി പ്രവർത്തിക്കുന്നുണ്ടെങ്കിലും അവരുടെ ക്രിമിനൽ സംരംഭം മുന്നോട്ട് കൊണ്ടുപോകാൻ അക്രമം ഉപയോഗിക്കുന്നതായി അറിയപ്പെടുന്നു’വെന്ന് ‘പ്രൊട്ടക്റ്റഡ് എ’ എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നു.
കാനഡയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയുടെ സർക്കാർ മേധാവിയായ ഡേവിഡ് എബി 2025 ജൂൺ 17ന് ബിഷ്‌ണോയി സംഘത്തെ തീവ്രവാദ സംഘടനയായി പട്ടികപ്പെടുത്താൻ സർക്കാറിനോട് ആവശ്യപ്പെട്ട പ്രസ്താവനയെയും റിപ്പോർട്ട് പരാമർശിക്കുന്നു.
ജനുവരി 12-17 തീയതികളിൽ ഡേവിഡ് എബി ഇന്ത്യയിലേക്കുള്ള വ്യാപാര ദൗത്യം ആരംഭിച്ച അതേ ദിവസം തന്നെയാണ് ഈ രേഖ പുറത്തുവിട്ടത്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുണ്ട്. കാനഡയുടെ വ്യാപാര പങ്കാളിത്തം വൈവിധ്യവത്കരിക്കാനും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള താരിഫിനെ പ്രതിരോധിക്കാനുമുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമാണ് പുതിയ നയതന്ത്ര നീക്കമെന്നു പറയുന്നു.
എന്നാൽ, കനഡയിൽ ഇന്ത്യക്കുമേൽ ആരോപിക്കപ്പെടുന്ന അക്രമ പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യമായ കനേഡിയൻ സിഖുകാരെ പ്രതിനിധീകരിക്കുന്ന സംഘടനകൾ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള കനഡയുടെ ശ്രമങ്ങളിൽ പ്രതിഷേധമറിയിച്ചു. ദക്ഷിണേഷ്യൻ കനേഡിയൻമാരെ ലക്ഷ്യമിട്ടുള്ള കൊലപാതക ഗൂഢാലോചനകൾക്ക് ഇന്ത്യയെ ഉത്തരവാദികളാക്കുന്നതിനുപകരം മെച്ചപ്പെട്ട വ്യാപാരത്തിന് മുൻഗണന നൽകി രാഷ്ട്രീയക്കാർ തങ്ങളെ വഞ്ചിച്ചുവെന്ന് അവർ ആരോപിക്കുന്നു.
ഇന്ത്യയിലേക്കുള്ള ഒരു വ്യാപാര ദൗത്യത്തിനിടെ, ‘ബിഷ്‌ണോയി സംഘം ഇന്ത്യൻ സർക്കാറിനുവേണ്ടി പ്രവർത്തിക്കുന്നു’ എന്ന് പറയുന്ന ആർ.സി.എം.പി രേഖയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഡേവിഡ് എബി ലാഘവമാർന്ന മറുപടിയാണ് നൽകിയത്. ഗ്ലോബൽ ന്യൂസിന് ലഭിച്ച റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ, ‘അത് ഒരു വർഷത്തിലേറെ മുമ്പ് പൊതുജനങ്ങൾക്ക് ലഭ്യമായ വാർത്താ റിപ്പോർട്ടുകളുടെ സംഗ്രഹം’ ആണെന്നായിരു മുൻ ഇന്റലിജൻസ് അനലിസ്റ്റ് എബിയുടെ അഭിപ്രായത്തോട് വിയോജിച്ചു. പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും അപകടകരവുമാണ് എന്ന് ഒരു കനേഡിയൻ സിഖ് സംഘടയും പ്രതികരിച്ചു.
ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയുടെ പുറത്ത് പ്രമുഖ സിഖ് നേതാവായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ഇന്ത്യ-കാനഡ ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉയർത്തിയിരുന്നു. ഈ മരണം അദ്ദേഹത്തിന്റെ അനുയായികളെ പ്രകോപിപ്പിക്കുകയും സിഖ് വിഘടനവാദികളും ഇന്ത്യൻ സർക്കാരും തമ്മിലുള്ള ആഗോള സംഘർഷങ്ങൾ രൂക്ഷമാക്കുകയും ചെയ്തു. 2023 ജൂണിൽ സറേ നഗരത്തിലെ ഗുരുനാനാക് സിഖ് ഗുരുദ്വാരയുടെ തിരക്കേറിയ പാർക്കിങ് സ്ഥലത്ത്, മുഖംമൂടി ധരിച്ച രണ്ട് തോക്കുധാരികൾ നിജ്ജാറിനെ തന്റെ ട്രക്കിൽ വെടിവച്ചു കൊല്ലുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.