യുക്രെയ്ൻ സൈനിക മേധാവി ഒലക്സാണ്ടർ സിർസ്കിയെ പുറത്താക്കി സെലെൻസ്‌കി; നടപടി പ്രതിഷേധത്തെ തുടർന്ന്

കിയവ്: റഷ്യൻ അധിനിവേശത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി, യുക്രെയ്ൻ സൈനിക മേധാവി ഒലക്സാണ്ടർ സിർസ്കിയെ പുറത്താക്കി പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്‌കി. പകരം പുതിയ സൈനിക മേധാവിയായി മിഖൈലോ ഡ്രാപറ്റിയെ നിയമിച്ചതായി സെലെൻസ്‌കി പ്രഖ്യാപിച്ചു. തലസ്ഥാനമായ കിയവിലുണ്ടായ തുടർച്ചയായ ആറു ദിവസത്തെ പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് നടപടി.

മുൻ പ്രതിരോധ മന്ത്രി മിഖൈലോ ഫെഡോറോവിനെ നീക്കം ചെയ്തതിനെ തുടർന്നാണ് കിയവിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. പ്രതിരോധ മന്ത്രിയായിരിക്കെ ഫെഡോറോവും മുൻ സൈനിക മേധാവി സിർസ്കിയും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും നിലനിന്നിരുന്നു. റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കാൻ സിർസ്കിയെ മാറ്റണമെന്നും അദ്ദേഹം തന്റെ പരിഷ്കരണ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നുവെന്നും ഫെഡറോവ് പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു.

ഇതിനിടെ റഷ്യൻ അധിനിവേശത്തിനെതിരെയുള്ള പ്രതിരോധം കൂടുതൽ ശക്തമാക്കാനാണ് പുതിയ നിയമനമെന്ന് സെലെൻസ്‌കി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി. ഒലക്സാണ്ടർ സിർസ്കിക്കും മുന്നണി പോരാളികൾക്കും രാജ്യത്തിന്റെ സുപ്രധാന മുന്നേറ്റങ്ങളിൽ നൽകിയ പങ്കിന് നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. മിഖൈലോ ഡ്രാപറ്റിക്കും സമാനമായ കാഴ്ചപ്പാടാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശത്രുവിനെ പരാജയപ്പെടുത്തുക, റഷ്യയുടെ മേൽ സമ്മർദം ചെലുത്തി സമാധാനത്തിലേക്ക് നയിക്കുക എന്നിവയാണ് തങ്ങളുടെ പൊതുവായ ലക്ഷ്യമെന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു.

സൈനിക നേതൃത്വത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കേണ്ടതും, ആൾബല ശേഖരണത്തിലും മുന്നണിയിലെ പ്രവർത്തനങ്ങളിലും നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടതും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ജനറൽ സ്റ്റാഫിന്റെ പ്രവർത്തനങ്ങൾ എങ്ങനെ പുനഃക്രമീകരിക്കണമെന്ന് മിഖൈലോ ഡ്രാപറ്റി, യെവ്ജെനി ഖ്മാര, പാവ്‌ലോ പാലിസ എന്നിവരുമായി ചേർന്ന് തീരുമാനിച്ചിട്ടുണ്ടെന്നും സെലെൻസ്‌കി വ്യക്തമാക്കി.

അച്ചടക്കമുള്ളവരും അതീവ ഫലപ്രദവുമായ ഉദ്യോഗസ്ഥരിൽ ഒരാളായാണ് പുതിയ സൈനിക മേധാവി മിഖൈലോ ഡ്രാപറ്റി അറിയപ്പെടുന്നത്. 2014ൽ കിഴക്കൻ യുക്രെയ്നിലെ റഷ്യൻ അധിനിവേത്തെ പ്രതിരോധിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 2022 ഫെബ്രുവരിയിൽ റഷ്യയുടെ സമ്പൂർണ്ണ അധിനിവേശം ആരംഭിച്ചപ്പോഴും ഡ്രാപറ്റിയുടെ നേതൃത്വം നിർണായകമായിരുന്നു. 2024ൽ സെലെൻസ്‌കിയുടെ ജന്മനാടായ ക്രിവി റിഹിലെ റഷ്യൻ മുന്നേറ്റം തടഞ്ഞതിലും, ഖെർസൺ മേഖലയിൽ നിന്ന് റഷ്യൻ സൈന്യത്തെ തുരത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. പിന്നീട് ഖാർകിവ് മേഖലയിലെ റഷ്യൻ ആക്രമണങ്ങളെ ചെറുത്തുതോൽക്കാനുള്ള പ്രതിരോധവും അദ്ദേഹം വിജയകരമായി ഏകോപിപ്പിച്ചു.

തുടർന്ന് ഗ്രൗണ്ട് ഫോഴ്സ് കമാൻഡറായി നിയമിതനായ അദ്ദേഹം, 2025ൽ ഒരു റഷ്യൻ വ്യോമാക്രമണത്തിൽ നിരവധി യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്ന് ആ സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ സൈന്യത്തെ വിജയത്തിലേക്ക് നയിക്കാൻ ഡ്രാപറ്റിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്ൻ ഭരണകൂടം

അതേസമയം യുക്രെയ്നിലെ യുദ്ധത്തിൽ സിവിലിയന്മാരുടെ മരണങ്ങൾ വൻതോതിൽ വർധിച്ചതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. 2026ന്റെ ആദ്യ ആറുമാസത്തിനുള്ളിൽ യുക്രെയ്നിൽ 1,396 സിവിലിയന്മാർ കൊല്ലപ്പെടുകയും 7,978 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജനീവയിൽ നടന്ന വാർത്താസമ്മേളനത്തിൽ യു.എൻ ഹ്യൂമൻ റൈറ്റ്‌സ് മോണിറ്ററിങ് മിഷൻ മേധാവി ഡാനിയേൽ ബെൽ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 37 ശതമാനത്തിന്റെ വർധനവാണ് കാണിക്കുന്നത്.

റഷ്യയും യുക്രെയ്നും സമീപകാലത്തായി വ്യോമാക്രമണങ്ങൾ കൂടുതൽ കഠിനമാക്കിയിട്ടുണ്ട്. റഷ്യ ബാലിസ്റ്റിക് മിസൈലുകൾ തുടർച്ചയായി പ്രയോഗിക്കുമ്പോൾ, അതിനെ പ്രതിരോധിക്കാൻ ആവശ്യമായ 'പാട്രിയറ്റ്' ഇന്റർസെപ്റ്റർ ആയുധങ്ങളുടെ കുറവ് ഉക്രെയ്ൻ നേരിടുന്നുണ്ട്. മറുപടിയായി റഷ്യൻ മണ്ണിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്നും ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച റഷ്യയിലുണ്ടായ യുക്രെയ്ന്റെ ഡ്രോൺ ആക്രമണത്തിൽ എട്ട് വെയർഹൗസ് ജീവനക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മോസ്കോക്ക് പുറത്തുള്ള ഒരു ഓയിൽ ഡിപ്പോയിലും ആക്രമണത്തെ തുടർന്ന് തീപിടുത്തമുണ്ടായി. യുഎസിന്റെ ശ്രദ്ധ കൂടുതലും ഇറാനുമായുള്ള യുദ്ധത്തിലായതിനാൽ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾ നിലവിൽ സ്തംഭനാവസ്ഥയിലാണ്. 

Tags:    
News Summary - Zelenskyy replaces Ukraine military chief after protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.