ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു; മരണം ആയിരത്തിലേക്ക്, ഇരകളേറെയും കുട്ടികൾ
ധാക്ക: പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും രൂക്ഷമായ അഞ്ചാംപനി വ്യാപനത്തിൽ ബംഗ്ലാദേശിൽ കുട്ടികളുടെ മരണം ആയിരത്തിലേക്ക് അടുക്കുന്നു. മാർച്ച് മുതൽ ഇതുവരെ കുറഞ്ഞത് 986 കുട്ടികളാണ് മരിച്ചത്. സംശയിക്കുന്നതും സ്ഥിരീകരിച്ചതുമായ കേസുകളുടെ എണ്ണം 1.80 ലക്ഷം കടന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിനം 1,000ലധികം പുതിയ സംശയിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ധാക്കയിലെ കുട്ടികളുടെ ആശുപത്രിയിൽ രോഗബാധിതരായ കുട്ടികളുടെ വാർഡുകൾ നിറഞ്ഞിരിക്കുകയാണ്. ഓക്സിജൻ ഉപകരണങ്ങളുടെ ശബ്ദത്തിനിടയിൽ കുട്ടികളുടെ കരച്ചിലും ഉയരുന്നു. ഒമ്പത് മാസം പ്രായമുള്ള മകൻ സാബിത് ഹഖിനൊപ്പം ആശുപത്രിയിൽ കഴിയുന്ന 30കാരിയായ റിമ അക്തർ ഒരു ദിവസം രണ്ട് കുട്ടികൾ മരിച്ചതായി എ.എഫ്.പിയോട് പറഞ്ഞു.
രോഗവ്യാപനം തടയാൻ സർക്കാർ വ്യാപക വാക്സിനേഷൻ യജ്ഞം ആരംഭിച്ചിട്ടും കേസുകളുടെ എണ്ണം ഉയരുകയാണ്. നിലവിലെ വ്യാപനത്തിൽ ആറ് മാസം മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികളിലാണ് കൂടുതലായും രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. പോഷകാഹാരക്കുറവ് പ്രതിരോധശേഷി ദുർബലമാക്കുന്നതിനാൽ പല കുട്ടികളും ഗുരുതരാവസ്ഥയിലാണ് ആശുപത്രികളിലെത്തുന്നത്.
വാക്സിനേഷൻ പ്രവർത്തനങ്ങളിലെ തടസ്സങ്ങളും നിലവിലെ പ്രതിസന്ധിക്ക് കാരണമായതായി ആരോഗ്യവിഭാഗം പറയുന്നു. 2024ൽ ആസൂത്രണം ചെയ്ത അഞ്ചാംപനി പ്രതിരോധ കാമ്പയിൻ രാഷ്ട്രീയ അസ്ഥിരതയെ തുടർന്ന് വൈകി. 2025ലെ പ്രതിരോധ പ്രവർത്തനങ്ങൾക്കും പണിമുടക്കുകളും രാഷ്ട്രീയ അനിശ്ചിതത്വവും ഉൾപ്പെടെയുള്ള വിവിധ തടസ്സങ്ങൾ നേരിട്ടു. ഇതോടെ നിരവധി കുട്ടികൾക്ക് ആവശ്യമായ വാക്സിൻ ഡോസുകൾ ലഭിക്കാതെ പോയി. വാക്സിൻ ലഭിക്കാതെ പോയ കുട്ടികളെ കണ്ടെത്തി പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ആരോഗ്യപ്രവർത്തകർ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.