റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസിന്റെ സമാധാനപദ്ധതി നിർദേശം അംഗീകരിക്കാൻ സെലൻസ്‌കി ഇതുവരെ തയാറായിട്ടില്ലെന്ന് ട്രംപ്. യു.എസ് മുന്നോട്ട് വെച്ച പദ്ധതിയിൽ പുരോഗതിയുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദമിർ സെലൻസ്കി പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ വിമർശനം. റഷ്യയുമായി കരാറിലെത്താനായി തുടർച്ചയായി മൂന്ന് ദിവസമാണ് ചർച്ചകൾ നടന്നത്. എന്നാൽ ചർച്ചകൾ മുന്നോട്ട് കൊണ്ടു പോകുന്നതിൽ സെലൻസിക്ക് താൽപര്യമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു.
സമാധാന പദ്ധതിയിലെ നിർദേശങ്ങൾ വായിക്കാൻ സെലൻസ്‌കി തയാറാവാത്തതിൽ തനിക്ക് നിരാശയുണ്ടെന്നും യുക്രെയ്നിലെ ജനങ്ങൾക്ക് ഇഷ്ടപ്പെട്ട പദ്ധതി പ്രസിഡന്റിന് ഇഷ്ടപ്പെട്ടില്ലെന്നും ട്രംപ് ആരോപിച്ചു. കെന്നഡി സെന്റർ ഓണേഴ്സിൽ പങ്കെടുക്കവെ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. പദ്ധതി റഷ്യ അംഗീകരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ സെലൻസ്‌കി ഇത് അംഗീകരിക്കുമെന്ന് തോന്നുന്നില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം വൈറ്റ് ഹൗസ് മുന്നോട്ട് വെച്ച പദ്ധതിക്ക് റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. ട്രംപിന്റെ നിർദേശത്തിലെ ചില വശങ്ങൾ പ്രായോഗികമല്ലെന്ന് പുടിൻ പറഞ്ഞിരുന്നു. ഇതിനിടെ നാല് വർഷത്തോളമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ റഷ്യക്ക് ഭൂമി വിട്ടുകൊടുക്കണമെന്ന് ട്രംപ് യുക്രേനിയക്കാരോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
ട്രംപ് ഭരണകൂടത്തിന്റെ പുതിയ ദേശീയ സുരക്ഷാ തന്ത്രത്തെ റഷ്യ സ്വാഗതം ചെയ്തതായി റഷ്യയുടെ ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സെലെൻസ്‌കിക്കെതിരായ ട്രംപിന്റെ വിമർശനം. അതേസമയം, വ്യാഴാഴ്ച യുക്രെയ്നെ ലക്ഷ്യമിട്ട് റഷ്യ വ്യാപകമായി ഡ്രോണാക്രമണം നടത്തിയിരുന്നു. 137 ഡ്രോണുകൾ പ്രയോഗിച്ചതായി യുക്രെയ്ൻ വ്യോമസേന ആരോപിച്ചു. റഷ്യൻ തുറമുഖത്തെയും എണ്ണ ശുദ്ധീകരണശാലയെയും ലക്ഷ്യംവെച്ച് യുക്രെയ്നും ആക്രമണം നടത്തുന്നതായി റിപ്പോർട്ടുണ്ട്. യുക്രെയ്ന്റെ 85 ഡ്രോണുകൾ തകർത്തതായി റഷ്യയും അവകാശപ്പെട്ടു. യു.എസ് മധ്യസ്ഥതയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.