'എന്‍റെ ഉമ്മയെ മുഹമ്മദ് യൂനുസിന് തൊടാൻ പോലും കഴിയില്ല' ശൈഖ് ഹസീനയുടെ വധശിക്ഷ വിധിയെക്കുറിച്ച് മകൻ

ന്യൂഡൽഹി: തന്‍റെ ഉമ്മയെ ബംഗ്ലാദേശിലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യുനുസിന് തൊടാൻ പോലുമാകില്ലെന്ന മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ മകൻ സജീബ് വാസദ്. ശൈഖ് ഹസീനക്ക് വധശിക്ഷ വിധിച്ച ട്രൈബ്യൂണലിന്‍റെ വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"യൂനുസിന് എന്റെ ഉമ്മയെ തൊടാൻ പോലും കഴിയില്ല, അവർക്ക് അവരെ ഒന്നും ചെയ്യാൻ കഴിയില്ല" വാസദ് ഉറപ്പിച്ചു പറഞ്ഞു.

നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ അവസ്ഥയിലൂടെയാണ് ബംഗ്ലാദേശ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും എന്നും നിയമവാഴ്ച നിലവിൽ വന്നാൽ ഈ കേസ് നിലനിൽക്കുക പോലുമില്ലെന്നും ന്യൂസ് ഏജൻസിയോട് അദ്ദേഹം പ്രതികരിച്ചു.

"അവർക്ക് എന്‍റെ മാതാവിനെ കൊല്ലാൻ കഴിയില്ല. അവർക്ക് അവരെ ലഭിക്കുക പോലുമില്ല. ബംഗ്ലാദേശിൽ നിയമവാഴ്ച നിലവിൽ വന്നാൽ, ഈ വിധിയും മറ്റു അനുബന്ധ പ്രക്രികളുമെല്ലാം തള്ളപ്പെടും. ഇവിടെ ഇപ്പോൾ നിലനിൽക്കുന്നതെല്ലാം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഒരിക്കൽ ഇവിടെ നിലനിന്നിരുന്ന എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടിരിക്കുകയാണ്." അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ച് മുഹമ്മദ് യുനുസിന് നൽകിയ നോബൽ പ്രൈസ് തിരിച്ചെടുക്കണമോ എന്ന ചോദ്യത്തിന് നോബൽ പ്രൈസ് കമ്മിറ്റി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.

"മ്യാൻമറിലെ നോബൽ സമ്മാന ജേതാവായ ആങ് സാൻ സൂകിയെ നോക്കൂ. അവർ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടി. അടിസ്ഥാനപരമായി നോബൽ സമ്മാനം ലഭിക്കുന്നത് ലോബിയിലൂടെയാണ്. പക്ഷേ അവർ റോഹിങ്ക്യകളെ കൊല്ലുകയായിരുന്നു. ഉതുപോലെ ഇപ്പോൾ യൂനുസ് ബംഗ്ലാദേശിനെ ഒരു പരാജയപ്പെട്ട രാഷ്ട്രവും ഇസ്ലാമിക ഭീകര രാഷ്ട്രവുമാക്കി മാറ്റുകയാണ് ചെയ്യുന്നത്."

"ബംഗ്ലാദേശിന്റെ ചരിത്രമനുസരിച്ച് ഇത്തരം വിചാരണകൾക്ക് വർഷങ്ങളോളം വാദം കേൾക്കേണ്ടി വരാറുണ്ട്. പക്ഷെ ഈ കേസിൽ 140 ദിവസം കൊണ്ട് എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി വിധി പറഞ്ഞു. നീതിയെ പരിഹസിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കേസിന്‍റെ കാര്യത്തിൽ ന്യായമായ നടപടിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇതൊരു തമാശയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുക്കപ്പെടാത്ത, ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ സർക്കാർ നിയമങ്ങൾ ഭേദഗതി ചെയ്തു. പാർലമെന്റില്ലാതെ നിയമങ്ങൾ ഭേദഗതി ചെയ്യാൻ ആർക്കും അവകാശമില്ല എന്നും അദ്ദേഹം പറഞ്ഞു.

മാതാവിന് സ്വന്തം അഭിഭാഷകരെ തെരഞ്ഞെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല. ഈ വിധി അവരിൽ അടിച്ചേൽപ്പിക്കുകയായിരുന്നു. നീതിയെ പൂർണമായും പരിഹസിക്കുകയായിരുന്നു ഈ വിധിയിലൂടെ എന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിലെ പ്രക്ഷോഭത്തിനിടെ വിദ്യാർഥികളെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം നൽകിയ കുറ്റത്തിനാണ് ബംഗ്ലാദേശ് മുൻ​ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ശൈഖ് ഹസീനക്ക് തിങ്കളാഴ്ചയാണ് ട്രൈബ്യൂണൽ കോടതി വധശിക്ഷ വിധിച്ചത്. വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയതിലൂടെ ഹസീന മാനവരാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്നാണ് ട്രൈബ്യൂണൽ കണ്ടെത്തിയത്. പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസിന്റെ ക്രൂരമായ അടിച്ചമർത്തലിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വിധി ആശ്വാസമാകും. എന്നാൽ അധികാരം നഷ്ടമായതിനു ശേഷം ഇന്ത്യയിൽ പ്രവാസ ജീവിതം നയിക്കുന്ന ഹസീനയെ ഇത് എങ്ങനെ ബാധിക്കും. ഹസീനക്കൊപ്പം മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാലിനും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. അതേസമയം, മുൻ പൊലീസ് മേധാവി ചൗധരി അബ്ദുല്ല അൽ മാമൂന് അഞ്ചുവർഷം തടവാണ് ലഭിച്ചത്. കുറ്റം സമ്മതിച്ചതിനും അന്വേഷണ സംഘവുമായി സഹകരിച്ചതിനുമാണ് ഈ ശിക്ഷായിളവ്.

കലാപത്തിന് പ്രേരിപ്പിച്ചു, പ്രക്ഷോഭകാരികളെ കൊല്ലാൻ ഉത്തരവിട്ടു, കൂട്ടക്കൊല തടയാൻ ശ്രമിച്ചില്ല എന്നീ മൂന്നുകുറ്റങ്ങളാണ് ഹസീനക്കെതിരെ പ്രധാനമായും ചുമത്തിയത്. ഹസീനക്ക് ആദ്യം ജീവപര്യന്തം തടവു ശിക്ഷ നൽകാനാണ് കോടതി തീരുമാനിച്ചിരുന്നത്. എന്നാൽ മറ്റുകുറ്റകൃത്യങ്ങൾ കൂടി ഉൾപ്പെടുത്തി ജീവപര്യന്തം തടവ് വധശിക്ഷയാക്കുകയായിരുന്നു.

എന്നാൽ വധശിക്ഷ വിധിച്ചിട്ടും തനിക്കെതിരായ എല്ലാ ആരോപണങ്ങളും ശൈഖ് ഹസീന നിഷേധിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതും കെട്ടിച്ചമച്ചതുമായ കംഗാരുകോടതിയുടെ വിധിയാണിതെന്നായിരുന്നു ഹസീനയുടെ പ്രതികരണം. ബംഗ്ലാദേശ് ഇടക്കാല സർക്കാർ വധശിക്ഷ വിധിയെ സ്വാഗതം ചെയ്തു. വധശിക്ഷ വിധി വന്നതിനു പിന്നാലെ ഹസീനയെയും അസദുസ്സമാൻ ഖാനെയും എത്രയും പെട്ടെന്ന് കൈമാറണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇരുവരുടെയും അസാന്നിധ്യത്തിലായിരുന്നു കോടതി വിധിയെന്നതും ​ശ്രദ്ധേയം. കുറ്റവാളികളെ കൈമാറൽ ഉടമ്പടി പ്രകാരം ഇന്ത്യ ഇരുനേതാക്കളും വിട്ടുനൽകണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം. വിധി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഏറ്റവും അടുത്ത അയൽരാജ്യമെന്ന നിലയിൽ അവിടത്തെ ജനങ്ങളുടെ സുരക്ഷയും സുസ്ഥിരതയും രാജ്യത്തിന്റെ ജനാധിപത്യവും സമാധാനവും നിലനിർത്താൻ ഇന്ത്യക്ക് പ്രതിബദ്ധതയുണ്ടെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

വിധിയിൽ ഐക്യരാഷ്ട്രസഭയും പ്രതികരിച്ചിരുന്നു. ശിക്ഷാവിധി പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവർക്കുള്ള അനുകൂലമായ നീക്കമാണെന്നായിരുന്നു യു.എൻ പ്രതികരണം.

എന്നാൽ ആർക്കായാലും ഏതു സാഹചര്യത്തിലായാലും വധശിക്ഷ നൽകുന്നതിനെ അനുകൂലിക്കുന്നില്ലെന്നും യു.എൻ വ്യക്തമാക്കുകയും ചെയ്തു.

Tags:    
News Summary - "Yunus Can't Touch My Mother": Sheikh Hasina's Son On Death Verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.