ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇറാന്റെ ദേശീയ ജൂനിയർ തായ്‌ക്വോണ്ടോ താരവും

തെഹ്റാൻ: തെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ തങ്ങളുടെ മൂന്ന് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഇറാൻ തായ്‌ക്വോണ്ടോ ഫെഡറേഷൻ സ്ഥിരീകരിച്ചു. ഇതിൽ ഫെഡറേഷനിലെ കൗമാര താരവും രാജ്യത്തിന്റെ ഭാവി വാഗ്ദാനവുമായ അമീർ അലി അമിനിയും ഉൾപ്പെടുന്നു. നിരവധി ഇറാനിയൻ മാധ്യമങ്ങൾ മരണം റിപ്പോർട്ട് ചെയ്തു.

സംഭവം ഇറാനിയൻ കായിക സമൂഹത്തിൽ പ്രത്യേകിച്ച് ആയോധനകലാരംഗത്തും തായ്‌ക്വോണ്ടോ മേഖലകളിലും ഞെട്ടലുളവാക്കി. കഴിവും അർപ്പണ മനോഭാവവുമുള്ള യുവ മത്സരാർഥിയായ അമീർ അലി അമിനിയെ ദേശീയ, അന്തർദേശീയ വേദികളിൽ ഇറാനിയൻ തായ്‌ക്വോണ്ടോയുടെ ശോഭനമായ ഭാവി സാധ്യതയായി കണ്ടിരുന്നു. നിരവധി യുവതല മത്സരങ്ങളിൽ പങ്കെടുത്ത അച്ചടക്കമുള്ള ഒരു മത്സരാർഥിയായിരുന്നു അമിനിയെന്ന് ഫെഡറേഷൻ വിശേഷിപ്പിച്ചു.

മരണത്തിന്റെ കൃത്യമായ സ്ഥലത്തെയും സാഹചര്യത്തെയും കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. തെഹ്‌റാനിലെ ഒന്നിലധികം സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഞായാറാഴ്ച രാത്രിയിൽ നടന്ന വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ട നിരവധി സാധാരണക്കാരിൽ ഒരാളാണ് അമിനിയെന്ന് ഇറാനിയൻ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അമീർ അലി അമിനിയുടെ മരണം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ ദുഃഖത്തിന് കാരണമായി. നിരവധി അത്‌ലറ്റുകളും പരിശീലകരും പൗരന്മാരും അനുശോചനം രേഖപ്പെടുത്തുകയും സമാധാനത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്തു. പ്രാദേശിക സംഘർഷങ്ങളിൽ പൊലിയുന്ന മനുഷ്യ ജീവനുകളുടെ വിലയെയും യുവ പ്രതിഭകൾ ഉൾപ്പെടെയുള്ള നിരപരാധികളുടെ ജീവിതങ്ങളിൽ ചെലുത്തുന്ന വിനാശകരമായ ആഘാതത്തെയും എടുത്തുകാണിക്കുന്നതായി താരത്തിന്റെ വിയോഗം.

Tags:    
News Summary - Young Iranian taekwondo athlete killed in Israeli strikes on Tehran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.