ക്വിറ്റോ: ഇക്വഡോറിൽ വർധിച്ചുവരുന്ന ക്രിമിനൽ ശൃംഖലകളെയും മയക്കുമരുന്ന് മാഫിയകളെയും അടിച്ചമർത്താൻ അമേരിക്കയും ഇക്വഡോറും സംയുക്ത സൈനിക നീക്കം ആരംഭിച്ചു. മയക്കുമരുന്ന് ഭീകരത തുടച്ചുനീക്കാനായി മാർച്ച് മൂന്ന് മുതൽ ഇരുരാജ്യങ്ങളുടെയും സൈന്യം പ്രവർത്തനം തുടങ്ങിയതായി യു.എസ് സതേൺ കമാൻഡ് അറിയിച്ചു.
ലാറ്റിനമേരിക്കയിലെയും കരീബിയനിലെയും രാജ്യങ്ങൾ ഭീകരതക്കെതിരെ നടത്തുന്ന ശക്തമായ പോരാട്ടത്തിന്റെ ഉദാഹരണമാണിതെന്ന് ജനറൽ ഫ്രാൻസിസ് ഡൊണോവൻ പറഞ്ഞു. സൈനിക ഹെലികോപ്റ്ററുകൾ നീങ്ങുന്നതിന്റെയും നിരീക്ഷണ ദൃശ്യങ്ങളുടെയും വിഡിയോ സഹിതമാണ് അമേരിക്ക ഈ പ്രഖ്യാപനം നടത്തിയത്.
മയക്കുമരുന്ന് മാഫിയകളെയും ക്രിമിനൽ സംഘങ്ങളെയും 'വിദേശ ഭീകര സംഘടനകളായി' പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. നിലവിൽ ഇക്വഡോർ സൈന്യത്തിന് ആവശ്യമായ രഹസ്യാന്വേഷണ വിവരങ്ങളും സാങ്കേതിക സഹായവുമാണ് അമേരിക്ക നൽകുന്നത്. ഭീകരതയിലൂടെയും അഴിമതിയിലൂടെയും ജനജീവിതം ദുസ്സഹമാക്കുന്ന നാർക്കോ-ടെററിസ്റ്റുകൾക്കെതിരെ ഞങ്ങൾ നിർണ്ണായകമായ നടപടി സ്വീകരിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി.
അതേസമയം അമേരിക്കയുടെ സൈനിക നീക്കങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. മയക്കുമരുന്ന് കടത്ത് എന്നത് ക്രിമിനൽ കുറ്റമാണെന്നും അതിനെ യുദ്ധമായി കാണുന്നത് ശരിയല്ലെന്നുമാണ് മനുഷ്യാവകാശ പ്രവർത്തകരുടെ വാദം. കരീബിയൻ കടലിലും പസഫിക് മഹാസമുദ്രത്തിലുമായി നടന്ന 44 വ്യോമാക്രമണങ്ങളിൽ ഇതുവരെ 150 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ പലരും സാധാരണക്കാരായ മത്സ്യത്തൊഴിലാളികളാണെന്ന് കൊളംബിയ അടക്കമുള്ള രാജ്യങ്ങളിലെ കുടുംബങ്ങൾ ആരോപിക്കുന്നുണ്ട്.
അടുത്തിടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ തടവിലാക്കിയ അമേരിക്കൻ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഐക്യരാഷ്ട്രസഭ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരുകാലത്ത് ലാറ്റിനമേരിക്കയിലെ ഏറ്റവും സമാധാനപരമായ രാജ്യമായിരുന്ന ഇക്വഡോറിൽ 2020ലെ കോവിഡ് മഹാമാരിക്ക് ശേഷമാണ് കുറ്റകൃത്യങ്ങൾ വർധിച്ചത്. കൊളംബിയക്കും പെറുവിനും ഇടയിലുള്ള ഇക്വഡോറിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം മയക്കുമരുന്ന് മാഫിയകൾ ചൂഷണം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.