അമേരിക്കൻ അവകാശവാദം തള്ളി സ്പെയിൻ; ഇറാനെതിരായുളള യുദ്ധത്തിൽ സഹകരിക്കില്ല

മഡ്രിഡ്: ഇറാൻ യുദ്ധത്തിൽ അമേരിക്കൻ സൈന്യവുമായി സഹകരിക്കാൻ ധാരണയായെന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയെ തള്ളി സ്പെയിൻ. വാണിജ്യ ഉപരോധം ഏർപ്പെടുത്തുമെന്ന പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണിക്കിടയിലും തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് സ്പെയിൻ വ്യക്തമാക്കി.

ഇറാനെതിരായ യുദ്ധത്തിന് രാജ്യത്തെ സൈനിക താവളങ്ങൾ വിട്ടുനൽകില്ലെന്ന സ്പെയിനിന്റെ തീരുമാനത്തിൽ മാറ്റം വന്നതായി ബുധനാഴ്ച വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് സൂചിപ്പിച്ചിരുന്നു. 'പ്രസിഡന്റിന്റെ സന്ദേശം സ്പെയിൻ വ്യക്തമായി ഉൾക്കൊണ്ടു എന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ യു.എസ് സൈന്യവുമായി സഹകരിക്കാൻ അവർ സമ്മതിച്ചിട്ടുണ്ട്' -ലീവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്നാൽ വൈറ്റ് ഹൗസിന്റെ ഈ അവകാശവാദം സ്പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് നിഷേധിച്ചു. സ്പെയിൻ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനിടെ ഇറാനിലെ യു.എസ് - ഇസ്രയേൽ സൈനിക നീക്കത്തിനെതിരെ വിമർശനം ആവർത്തിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും രംഗത്ത് വന്നിട്ടുണ്ട്. ലക്ഷകണക്കിന് പേരുടെ ജീവൻവെച്ചുള്ള തീക്കളിയാണ് ഇറാനിലെ യുദ്ധമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ചൊവ്വാഴ്ചയാണ് യുദ്ധത്തെ എതിർക്കുന്ന സ്പെയിനിന്റെ നിലപാടിനെ ട്രംപ് രൂക്ഷമായി വിമർശിച്ചത്. സ്പെയിനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ സാമ്പത്തിക ഭീഷണികൾക്ക് വഴങ്ങില്ലെന്നായിരുന്നു സ്പെയിനിന്റ നിലപാട്. ബോംബുകൾ കൊണ്ട് ലോകത്തെ പ്രശ്നങ്ങൾ പരിഹരിക്കാം എന്നത് വെറും മിഥ്യാധാരണയാണെന്ന് സ്പെയിൻ പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

അതേസമയം അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾക്കെതിരെ സ്പെയിൻ സ്വീകരിച്ച നിലപാടിനെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ  പ്രശംസിച്ചു. സ്പെയിനിന്റെ പെരുമാറ്റം ഉത്തരവാദിത്തമുള്ളതാണെന്നും പാശ്ചാത്യ രാജ്യങ്ങളിൽ ഇപ്പോഴും വിവേകമുള്ളവർ ഉണ്ടെന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങൾ അമേരിക്കൻ നിലപാടിനെ പരോക്ഷമായി പിന്തുണക്കുമ്പോഴും സ്പെയിൻ വേറിട്ട നിലപാടാണ് സ്വീകരിക്കുന്നത്. ഗസ്സയിലെ ഇസ്രായേൽ നടപടികളെയും നേരത്തെ സ്പെയിൻ ശക്തമായി വിമർശിച്ചിരുന്നു.

Tags:    
News Summary - Spain denies claim it agreed to cooperate with US military

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.