മുസഫർ നവാബ് 

വിശ്വപ്രശസ്ത ഇറാഖി കവി മുസഫർ നവാബ് നിര്യാതനായി

ഷാർജ:വിശ്വപ്രശസ്ത ഇറാഖി കവി മുസഫ്ർ നവാബ്(88) നിര്യാതനായി. ഷാർജയിൽ വെച്ച് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. ഇരുപതാം നൂറ്റാണ്ടിലെ അമ്പതുകളിലും അറുപതുകളിലും കാവ്യജീവിതം ആരംഭിച്ച ഇറാഖിലെ ഏറ്റവും പ്രമുഖ കവികളിലൊരാളായി നവാബ് കണക്കാക്കപ്പെടുന്നു. ഇറാഖിന് അകത്തും പുറത്തുമുള്ള രാഷ്ട്രീയ കവിതകൾക്ക് പുറമെ ജനപ്രീയമായമായ ഒട്ടനവധി കവിതകളും അദ്ദേഹം രചിച്ചു.

ബാല്യകാലം തൊട്ട് കാവ്യ പ്രതിഭയായിരുന്നു നവാബ്. ഇന്ത്യയിൽ വേരുള്ള പ്രഭു കുടുംബാംഗമായിരുന്നു ഇദ്ദേഹം. 1934ൽ ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലാണ് ജനനം. സെക്കൻഡറി കാലത്ത് നവാബിന്റെ സൃഷ്ടികൾ സ്‌കൂൾ ചുമരുകളിൽ ഇടംപിടിച്ചു തുടങ്ങി.

ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനുവേണ്ടി നിലകൊണ്ട നവാബ് കൊളോണിയലിസത്തിനും നിലവിലുള്ള ഭരണകൂടങ്ങൾക്കും എതിരായി നിന്നു. ജന്മനാട്ടിൽ ദീർഘകാലം തടവിലാക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും പിന്നീട് അരനൂറ്റാണ്ടോളം നീണ്ടുനിന്ന പ്രവാസജീവിതം നയിക്കാൻ നിർബന്ധിതനാവുകയും ചെയ്തു.

1963-ൽ അബ്ദുൽ കരീം ഖാസിമിന്റെ ഭരണത്തെ അട്ടിമറിച്ച പശ്ചാത്തലത്തിൽ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും വ്യാപകമായി അറസ്റ്റിന് വിധേയരായി. ഇതോടെ ഇദ്ദേഹം ഇറാഖ് വിടാൻ നിർബന്ധിതനായി. തുടർന്ന് ഇറാനിലേക്ക് പലായനം ചെയ്തു. എന്നാൽ, ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഇറാഖി അധികാരികൾക്ക് കൈമാറുന്നതിന് മുമ്പ് അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്തു.

ഇറാഖി സൈനിക കോടതി അദ്ദേഹത്തെ തൂക്കിക്കൊല്ലാൻ വിധിച്ചെങ്കിലും പിന്നീട് അത് ജീവപര്യന്തമായി കുറച്ചു. സൗദി-ഇറാഖ് അതിർത്തിയിലുള്ള നക്രാ സല്മാൻ ജയിലിൽ അവർ അദ്ദേഹത്തെ തടവിലിട്ടു. വർഷങ്ങൾക്കു ശേഷം തെക്കൻ ഇറാഖിലെ ഹല്ല ജയിലിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. എന്നാൽ, നവാബും ഒരു കൂട്ടം രാഷ്ട്രീയ തടവുകാരും ജയിൽ മതിലുകൾക്ക് പുറത്തേക്ക് പോകുന്ന സെല്ലിൽ നിന്ന് ഒരു തുരങ്കം തുരന്ന് രക്ഷപ്പെട്ടു.

പക്ഷെ നവാബ് വീണ്ടും അറസ്റ്റിലായി. പിന്നീട് കുറച്ച് കാലത്തിനു ശേഷം അദ്ദേഹത്തെ വിട്ടയച്ചു. ആദ്യം ബെയ്റൂട്ടിലേക്കും അവിടെ നിന്ന് ഡമാസ്കസിലേക്കും അദ്ദേഹം പോയി. പിന്നീട് വിവിധ അറബ് രാജ്യങ്ങളിലും യൂറോപ്പിലും താമസിച്ച അദ്ദേഹം 2011ൽ ഇറാഖിലേക്ക് തിരിച്ചുവന്നെങ്കിലും വീണ്ടും ഡമാസ്കസിലേക്കും ബെയ്‌റൂട്ടിലേക്കും മാറി മാറി സഞ്ചരിച്ചു.

Tags:    
News Summary - World-famous Iraqi poet Muzaffar Nawab dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.