ഇസ്രായേൽ അധിനിവേശത്തെ കുറിച്ച് പൊതു വിചാരണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര കോടതി

ഹേഗ്: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതു വിചാരണ നടത്തു​മെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ). ഇസ്രായേൽ അധിനിവേശത്തെ കുറിച്ച് കക്ഷികൾക്ക് തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിക്കാം. ഡച്ച് നഗരമായ ഹേഗിലെ കോടതി ആസ്ഥാനത്താണ് വിചാരണ. അടുത്ത വർഷം ഫെബ്രുവരി 19 നാണ് നടപടി തുടങ്ങുക.

ഇസ്രയേൽ - ഫലസ്തീൻ സംഘർഷത്തിൽ ഇടപെടാൻ ലോക കോടതി എന്നറിയപ്പെടുന്ന ഐ.സി.ജെയോട് കഴിഞ്ഞ ഡിസംബറിൽ ചേർന്ന 193 അംഗ യുഎൻ ജനറൽ അസംബ്ലി ആവശ്യപ്പെട്ടിരുന്നു. മേഖലയിൽ നിലവിലുള്ള സംഘർഷാവസ്ഥക്ക് മുമ്പായിരുന്നു ഈ നീക്കം. അതിനാൽ കോടതിയുടെ ഊന്നൽ ഇസ്രായേലി അധിനിവേശത്തിൽ മാത്രം കേന്ദ്രീകരിക്കാനാണ് സാധ്യത.


അതിനിടെ, 17 ദിവസമായി കനത്ത വ്യോമാക്രമണം നടത്തുന്ന ഇസ്രോയേൽ അടുത്ത ഘട്ടമായി ഗസ്സയിൽ കരയാക്രമണവും ആരംഭിച്ചു. കരയാക്രമണത്തിന് ഗസ്സയിൽ നുഴഞ്ഞുകയറിയ ഒരു ഇസ്രായേലി സൈനികനെ ഖാൻ യൂനിസിന് കിഴക്ക് ഭാഗത്ത് വെച്ച് കൊലപ്പെടുത്തിയതായി ഹമാസ് അറിയിച്ചു. ഇക്കാര്യം ഇസ്രായേലും സ്ഥിരീകരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ അറിയിച്ചു.

യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിനായി തയ്യാറെടുക്കുന്ന ഹമാസിനെ ഇല്ലാതാക്കുന്നതിനാണ് കരയാക്രമണമെന്നാണ് ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറയുന്നത്. 222 ബന്ദികളെ കണ്ടെത്താൻ എന്ന പേരിലാണ് കരയാക്രമണം. ആക്രമണത്തിനിടെ തങ്ങളുടെ ഒരു സൈനികൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹഗാരി വ്യക്തമാക്കി. അതേസമയം, തെക്കൻ ഗസ്സയിൽ നുഴഞ്ഞുകയറുന്ന ഇസ്രായേലി കവചിത സേനയെ തങ്ങളുടെ പോരാളികൾ നേരിട്ടതായി ഹമാസ് അറിയിച്ചു.

ഖാൻ യൂനിസിന്റെ കിഴക്ക് ഭാഗത്താണ് നുഴഞ്ഞുകയറ്റം നടന്നത്. ഇസ്രായേലി സൈനികനെ വധിക്കുകയും സൈനിക ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതായി ഹമാസ് വ്യക്തമാക്കി.

ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന വ്യോമാക്രമണത്തിൽ ഇതുവരെ 5,087 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 2,055 പേർ കുട്ടികളാണ്. 1,119 സ്ത്രീകളും കൊല്ലപ്പെട്ടു. ഇതുവരെ നടന്ന ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 15,273 ആയി.

Tags:    
News Summary - World court The International Court of Justice (ICJ) to hold public hearings over consequences of Israel’s occupation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.