ഇറാനിൽ വർഷിച്ചത് 5000 ബോംബുകളെന്ന് ഇസ്രായേൽ, ആക്രമണം കടുപ്പിച്ച് അമേരിക്കയും

തെഹ്റാൻ/തെൽഅവീവ്: ആറാം ദിനവും ഇറാൻ തലസ്ഥാനമായ തെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആക്രമണം ശക്തമാക്കി ഇസ്രായേലും അമേരിക്കയും. ശനിയാഴ്ച രാവിലെ തുടങ്ങിയ ആക്രമണത്തിൽ 1045 പേരാണ് ഇതുവരെ ഇറാനിൽ കൊല്ലപ്പെട്ടത്.

ഇറാനിലെ ഭരണ സംവിധാനങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ല‍ക്ഷ്യമിട്ടുള്ള ആക്രമണം രണ്ടാഴ്ച കൂടി തുടരുമെന്ന സൂചനയാണ് ഇസ്രായേൽ നൽകുന്നത്. മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേൽ പറയുമ്പോഴും, നിരവധി സിവിലിയന്മാരാണ് കൊല്ലപ്പെടുന്നത്. ആക്രമണം തുടങ്ങിയതു മുതൽ ഇതുവരെ 5000ലധികം ബോംബുകളാണ് ഇറാനിൽ ഇസ്രായേൽ വ്യോമസേന വർഷിച്ചത്. ആയിരത്തിലധികം ഇറാൻ സൈനികർ തങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെടുന്നു. ഒരേ സമയം നൂറിലധികം പോർവിമാനങ്ങൾ ചേർന്നാണ് ആക്രമണം നടത്തുന്നത്.

ഇതോടൊപ്പം ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വ്യോമാക്രമണവും തുടരുന്നുണ്ട്. ഇറാൻ ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ വഹിച്ചുകൊണ്ടുള്ള ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായും ഇസ്രായേലി പ്രതിരോധ സേന അറിയിച്ചു. ഇത് രാജ്യത്ത് കനത്ത നാശം വിതച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വലിയ നാശം വിതക്കാൻ ശേഷിയുള്ളവയാണ് ക്ലസ്റ്റർ ബോംബുകൾ. അത്തരം മിസൈലുകളുടെ വാർഹെഡ് താഴേക്കിറങ്ങുമ്പോൾ തുറക്കുകയും ഏകദേശം 2.5 കിലോഗ്രാം സ്‌ഫോടകവസ്തുക്കളുള്ള 20 ചെറിയ ബോംബുകളായി മാറി ഏകദേശം എട്ടു കിലോമീറ്റർ ചുറ്റളവിൽ ചിതറുകയും ചെയ്യുന്നുവെന്നാണ് ഐ.ഡി.എഫ് പറയുന്നത്.

അതേസമയം, രാജ്യത്ത് 150ഓളം നഗരങ്ങൾ ഇതുവരെ ആക്രമിക്കപ്പെട്ടതായി ഇറാനിയൻ അധികൃതർ പറയുന്നു. ഇസ്രായേലിലേക്ക് ഇറാന്‍റെ പ്രത്യാക്രമണവും തുടരുകയാണ്. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ഇറാൻ ലക്ഷ്യമിടുന്നുണ്ട്. അതിനിടെ, ഇറാനെതിരെയുള്ള സൈനിക നടപടികൾ പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ട് ഡെമോക്രാറ്റുകൾ യു.എസ് സെനറ്റിൽ കൊണ്ടുവന്ന ഉഭയകക്ഷി പ്രമേയം പരാജയപ്പെട്ടു. 53-47 എന്ന നിലയിലായിരുന്നു വോട്ടെടുപ്പ്. കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനിൽ സൈനിക നടപടി തുടരുന്നത് തടയാനായിരുന്നു പ്രമേയം ലക്ഷ്യമിട്ടത്.

റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ഒന്നിച്ച് പ്രസിഡന്റിനെ പിന്തുണച്ചു. അമേരിക്കൻ ഭരണഘടനയുടെ ആർട്ടിക്കിൾ II പ്രകാരം, പെട്ടെന്നുള്ള ഭീഷണി ഉണ്ടാകുമ്പോൾ സ്വയം പ്രതിരോധത്തിനായി മാത്രമേ പ്രസിഡന്റിന് ആക്രമണം നടത്താൻ അധികാരമുള്ളൂ. എന്നാൽ, യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോൺഗ്രസിനാണ്. ട്രംപ് ഈ അധികാരം മറികടന്നു എന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുന്നു. ഇറാന്റെ ഭാഗത്തുനിന്ന് പെട്ടെന്നുള്ള ആക്രമണ ഭീഷണി ഉണ്ടായിരുന്നതിന് ഒരു തെളിവും ഹാജരാക്കാൻ ട്രംപ് ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്ന് സെനറ്റർ ടിം കെയ്ൻ വാദിച്ചു.

Tags:    
News Summary - IDF planning for at least 1-2 more weeks of Iran ops; over 5,000 bombs dropped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.