ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ ഇൻക്വിലാബ് ചത്വരത്തിലെ കെട്ടിടത്തിനുനേരെയുണ്ടായ യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പരിശോധിക്കുന്നവർ
തെഹ്റാൻ/തെൽഅവീവ്: എന്തിനെന്നുപോലും വ്യക്തമായി നിർവചിക്കാതെ, ഇറാനുമേൽ തുടരുന്ന അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തിൽ മരണം 1000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 200ലധികം മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമണം അഞ്ചുദിവസം പിന്നിടുമ്പോൾ, പശ്ചിമേഷ്യയുടെ കരയും കടലും ആകാശവും ഒരുപോലെ സംഘർഷഭരിതമായി.
ബുധനാഴ്ച, ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ അതിശക്തമായ ആക്രമണമാണ് സംയുക്ത സേന നടത്തിയത്. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾ ബുധനാഴ്ച വൈകീട്ടോടെ ആരംഭിക്കാനിരിക്കെയാണ് ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം കടുപ്പിച്ചത്. തെഹ്റാനിൽ പ്രസിഡന്റിന്റെ കാര്യാലയത്തിനുനേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. തന്ത്രപ്രധാന മേഖലയായ ഇസ്ഫഹാനിലും കടുത്ത ബോംബിങ്ങാണ്. ഇതിനിടെ, ഖാംനഈയുടെ മകൻ 56കാരനായ മുജ്തബ ഖാംനഈയായിരിക്കും രാജ്യത്തിന്റെ അടുത്ത പരമോന്നത നേതാവെന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ആര് തെരഞ്ഞെടുക്കപ്പെട്ടാലും അവർക്ക് ഖാംനഈയുടെ വിധിയായിരിക്കുമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് ഭീഷണി മുഴക്കി.
അറബ് രാജ്യങ്ങളിലെ യു.എസ് സൈനിക നിലയങ്ങൾക്കുനേരെയും ഇസ്രായേലിനെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളും തുടരുകയാണ്. ഇരു രാജ്യങ്ങളുടെയും കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് 24 മണിക്കൂറിനിടെ 40 മിസൈലുകൾ തൊടുത്തുവെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. സൗദി അറേബ്യയിലെ റാസ് തനൂറ എണ്ണ ശുദ്ധീകരണ ശാലക്കുനേരെയുണ്ടായ ഡ്രോൺ ആക്രമണശ്രമം സൗദി പ്രതിരോധ സേന തകർത്തു. ദുബൈയിലെ യു.എസ് കോൺസുലേറ്റിനുനേരെയുണ്ടായ ആക്രമണശ്രമവും വിഫലമാക്കി.
മേഖലയിലെ എല്ലാ എംബസികളും യു.എസ് അടച്ചിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങൾക്ക് പ്രതിരോധമൊരുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. മേഖലയിലേക്ക് വിമാനവാഹിനിക്കപ്പൽ അയച്ചുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഗതാഗത പാതകളിലൊന്നായ ഹുർമുസ് ഇടനാഴി ഇറാൻ അടച്ചിട്ടുണ്ട്. ഇതുവഴി പോകുന്ന കപ്പലുകൾ അഗ്നിക്കിരയാക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഹുർമുസിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് യു.എസ്.
ഇതിനിടെ, ഇറാൻ ആക്രമണത്തിനുപിന്നാലെ ലബനാൻ പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ഇസ്രായേൽ. തിങ്കളാഴ്ച മുതൽ, ബൈറൂത്തിൽ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ വ്യോമാക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞദിവസം മുതൽ കരയാക്രമണവും ആരംഭിച്ചു. മേഖലയിലെ 80 ഗ്രാമങ്ങളിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോയതായാണ് റിപ്പോർട്ട്. അര ലക്ഷത്തിലധികം പേർ ഇതിനകം പലായനം ചെയ്തു. ബുധനാഴ്ച ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും നടന്നു. ലബനാനിൽ ഇതിനകം 60ലധികം പേർ കൊല്ലപ്പെട്ടു.
കൊളംബോ: ഇറാൻ യുദ്ധക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ യു.എസ് മുക്കി. വിശാഖപട്ടണത്ത് നടന്ന ‘മിലൻ’ അന്താരാഷ്ട്ര നാവികാഭ്യാസം കഴിഞ്ഞ് മടങ്ങിയ ‘ഐറിസ് ദേന’ കപ്പലാണ് ശ്രീലങ്കൻ തീരത്ത് അമേരിക്കൻ ആക്രമണത്തിൽ തകർന്നത്. 80ലേറെ പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്ക്. 180 പേരാണ് കപ്പലിലുണ്ടായിരുന്നത്. 32 നാവികരെ ശ്രീലങ്കൻ നാവിക സേന രക്ഷപ്പെടുത്തി. അന്തർവാഹിനിയിൽനിന്നുള്ള ടോർപിഡോ ഏറ്റാണ് കപ്പൽ മുങ്ങിയതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റർ ഹെഗ്സേത്ത് പറഞ്ഞു.
ഫെബ്രുവരി 25ന് ബംഗാൾ ഉൾക്കടലിൽ സമാപിച്ച നാവികാഭ്യാസം കഴിഞ്ഞ് ഇറാനിലേക്ക് തിരിച്ചതായിരുന്നു. അപായ സന്ദേശം ലഭിച്ചതിനെ തുടർന്ന് നാവിക സേനയെത്തി 32 പേരെ രക്ഷപ്പെടുത്തി ഗാലി തുറമുഖത്തെ ആശുപത്രിയിലെത്തിച്ചതായി ശ്രീലങ്ക അറിയിച്ചു. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്. ശ്രീലങ്കൻ ജലാതിർത്തിക്ക് പുറത്താണ് സംഭവമെന്നും രക്ഷാപ്രവർത്തനത്തിന് ബോട്ടുകളെത്തിയപ്പോൾ എണ്ണപ്പാട മാത്രമാണ് കാണാനായതെന്നും ശ്രീലങ്കൻ നാവിക സേന കമാൻഡർ ബുദ്ധിക സമ്പത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.