തെഹ്റാൻ: കുർദ് മിലീഷ്യകളെ ഉപയോഗിച്ച് ഇറാനിൽ ഭരണം അട്ടിമറിക്കാൻ നീക്കം തകൃതിയാക്കി യു.എസും സി.ഐ.എയും. ഇറാഖ് അതിർത്തി മേഖലകളിലും ഇറാഖി കുർദിസ്താനിലും സജീവ സാന്നിധ്യമായ കുർദുകളെ പരമാവധി ആയുധമണിയിക്കുകയാണ് ഒന്നാം ഘട്ടത്തിൽ നടപ്പാക്കുക. ഇറാനിൽ ആക്രമണം ശക്തമാക്കി ഭരണം ദുർബലമാക്കാനായാൽ കുർദുകൾക്ക് കാര്യങ്ങൾ എളുപ്പമാകുമെന്നും അവർക്ക് ഭരണം പിടിച്ചെടുക്കാനാകുമെന്നും അമേരിക്ക കണക്കുകൂട്ടുന്നു. ദിവസങ്ങളായി അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ ഏറ്റവും കടുത്ത ആക്രമണം തുടരുകയാണ്. പരമോന്നത ആത്മീയ നേതാവ് അലി ഖാംനഈയും മുൻനിര സൈനിക മേധാവികളും കൊല്ലപ്പെട്ടു. പാർലമെന്റ് കെട്ടിടമടക്കം ആക്രമണത്തിനിരയായി. ഭരണസംവിധാനവും ആക്രമണ സാധ്യതകളും പൂർണമായി തുടച്ചുനീക്കലാണ് ലക്ഷ്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറയുന്നു.
ഇതിനിടെയാണ് യു.എസ് സൈനിക പിന്തുണ ആവശ്യപ്പെട്ട് കുർദ് ഗ്രൂപ്പുകൾ രംഗത്തെത്തിയത്. ഇറാഖിൽ ബഗ്ദാദ്, ഇർബിൽ എന്നിവിടങ്ങളിലെ കുർദ് നേതൃത്വം ഇതിനകം യു.എസുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറാഖി കുർദിസ്താനിലെ മുതിർന്ന നേതാക്കളെ ട്രംപ് നേരിട്ട് വിളിച്ച് സഹായം വാഗ്ദാനം ചെയ്തിരുന്നു. ചൊവ്വാഴ്ച ഇറാൻ കുർദിസ്താൻ ഡെമോക്രാറ്റിക് പാർട്ടി നേതാവ് മുസ്തഫ ഹിജ്രിയുമായും ട്രംപ് ആശയവിനിമയം നടത്തി. ഇറാഖി കുർദിസ്താനിലെ കുർദ് വിഭാഗങ്ങൾ ഏറെയായി അമേരിക്കയുടെ സഖ്യകക്ഷികളുമാണ്. ഇറാനിലേക്ക് ആയുധം കടത്താൻ ഇറാഖിലെ കുർദുകളുടെ സഹായം അനിവാര്യമാണ്. ഇതുകൂടി കണക്കാക്കിയാണ് ഇറാഖിലെ കുർദുകളുമായി അമേരിക്ക പുതിയ ചർച്ചകൾ സജീവമാക്കുന്നത്. ഇവയെ സഹായിച്ച് ഇറാഖ് അതിർത്തിയിൽ പൊലീസ് എയ്ഡ് പോസ്റ്റുകൾ, സൈനിക കേന്ദ്രങ്ങൾ എന്നിവക്കുനേരെ വൻ ആക്രമണം നടത്തുന്നുമുണ്ട്. വരുംനാളുകളിൽ ഇത് കൂടുതൽ രൂക്ഷമാക്കുമെന്ന് ഇസ്രായേൽ സൂചന നൽകുന്നു. പുതിയ ഭീഷണി മുൻകൂട്ടിക്കണ്ട് ഇറാൻ സൈന്യം കുർദുകൾക്കെതിരെയും ആക്രമണം ആരംഭിച്ചുവെന്നതും ശ്രദ്ധേയമാണ്.
ഇറാനിൽ കരയാക്രമണത്തിന് പദ്ധതിയുള്ളതായി കഴിഞ്ഞ ദിവസം യു.എസ് സൂചന നൽകിയിരുന്നു. പടിഞ്ഞാറൻ ഇറാൻ വഴി കരയാക്രമണം നടത്തുന്ന പക്ഷം കുർദുകളെ കൂടി പങ്കാളികളാക്കിയാകും നടത്തുക. ഇവരെ മുന്നിൽനിർത്തി ഒരുവശത്ത് ആക്രമണം നടക്കുമ്പോൾ മറുവശത്ത്, ഭരണം അട്ടിമറിക്കൽ എളുപ്പമാകും. ഇതോടൊപ്പം, ഇറാഖിലും സിറിയയിലുമുള്ള ആഭ്യന്തര സംഘർഷങ്ങൾക്ക് സമാനമായി ഇറാനിലും ഇത്തരം ചെറിയ സംഘങ്ങളെ ചെല്ലും ചെലവും നൽകി വളർത്തിയാൽ ഇവർ കലാപവുമായി ഇറങ്ങുന്നതും യു.എസ്- ഇസ്രായേൽ ശ്രമങ്ങൾക്ക് തുണയാകും. ഇത്രയും വിപുലമായ പദ്ധതികളുണ്ടെങ്കിലും ഇറാനിൽ കുർദുകളുടെ സ്വാധീനം തുലോം പരിമിതമാണ്. ജനസംഖ്യയിൽ തീരെ വിരളവും. ഉള്ളവരാകട്ടെ, പല ഉപവിഭാഗങ്ങളായി പിരിഞ്ഞവരും. മേഖലയിലൊന്നാകെ, മൂന്ന് കോടിയിൽ താഴെയാണ് കുർദ് ജനസംഖ്യ. അവരൊന്നാകെ തുർക്കിയ, ഇറാഖ്, ഇറാൻ, സിറിയ, അർമീനിയ എന്നിവിടങ്ങളിലായി ചിതറിക്കിടക്കുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.