ഇന്ത്യയുടെ വളർച്ചനിരക്ക് 6.5 ശതമാനമായി കുറയുമെന്ന് ലോക ബാങ്ക്

വാഷിങ്ടൺ: ഈ സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചനിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് പ്രവചനം. ഈവർഷം ജൂണിൽ 7.5 ശതമാനമാണ് ഇന്ത്യൻ വളർച്ചനിരക്കായി ലോകബാങ്ക് കണക്കാക്കിയിരുന്നത്.

അന്തർദേശീയ സാഹചര്യം മോശമായ പശ്ചാത്തലത്തിലാണ് വളർച്ചനിരക്കിൽ ഇടിവ് പ്രവചിക്കുന്നത്. എന്നാൽ, മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നും ഐ.എം.എഫിന്റെയും ലോക ബാങ്കിന്റെയും വാർഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ പുതിയ സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസിൽ ബാങ്ക് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷം ഇന്ത്യ 8.7 ശതമാനം വളർച്ച കൈവരിച്ചിരുന്നു. ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും കോവിഡിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായ ഇടിവിൽനിന്ന് ഇന്ത്യ കരകയറിയെന്നും ലോക ബാങ്കിന്റെ ദക്ഷിണേഷ്യയിലെ ചീഫ് ഇക്കണോമിസ്റ്റ് ഹാൻസ് ടിമ്മർ പറഞ്ഞു.

വലിയ വിദേശ കടമില്ലെന്നത് ഇന്ത്യക്ക് സഹായകരമാണ്. സേവന മേഖലയിലും സേവന കയറ്റുമതിയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, അവശ്യസാധനങ്ങളുടെയടക്കം വില ഉയർന്നുനിൽക്കുന്നത് ആശങ്കജനകമാണ്.

നിലവിൽ വൻകിട സ്ഥാപനങ്ങളിലും വിദേശനിക്ഷേപത്തിലും ശ്രദ്ധവെക്കുന്ന ഇന്ത്യൻ നയം നല്ലതാണ്. സാമൂഹിക സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ഊന്നൽ നൽകണം. കൂടുതലാളുകളെ സാമ്പത്തിക പരിവൃത്തത്തിനുള്ളിലാക്കാൻ രാജ്യം ശ്രദ്ധിക്കണമെന്നും ലോകബാങ്ക് വിദഗ്ധൻ പറഞ്ഞു.

അന്തർദേശീയ സാമ്പത്തിക സാഹചര്യം മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നത് പരിഗണിച്ചാണ് വളർച്ചനിരക്കിൽ ഇടിവ് കണക്കാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - World Bank predicts India's growth rate to fall to 6.5 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.