പഠിക്കുന്നതും ജോലി ചെയ്യുന്നതും സ്വപ്നം കാണേണ്ട; അഫ്ഗാനിസ്താനിലെ സ്ത്രീകളുടെ അവകാശം മുഖ്യവിഷയമല്ലെന്ന് താലിബാൻ

കാബൂൾ: അഫ്ഗാനിസ്താനിൽ സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശവും തങ്ങളുടെ മുൻഗണനവിഷയങ്ങളിൽ ഉൾപ്പെട്ടതല്ലെന്ന് താലിബാൻ നേതാവ് വ്യക്തമാക്കി.രാജ്യത്ത് സ്ത്രീകൾ കടുത്ത അടിച്ചമർത്തൽ നേരിടുന്ന സാഹചര്യത്തിലാണ് താലിബാൻ നേതാവ് സബിഹുല്ല മുജാഹിദിന്റെ പ്രതികരണം. ഖാമ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അഫ്‍ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതു മുതൽ പെൺകുട്ടികളെ യൂനിവേഴ്സിറ്റികളിൽ പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും വിലക്കിയിരിക്കുകയാണ്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനമുയർന്നിരുന്നു.

ഇസ്‍ലാമിക നിയമം മറികടക്കുന്ന ഒരു കാര്യവും രാജ്യത്ത് അനുവദിക്കില്ലെന്നും താലിബാൻ വ്യക്തമാക്കി. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകൾക്കെതിരായ നിരോധനം സംബന്ധിച്ച വിഷയങ്ങൾ പരിഗണിക്കുക. രാജ്യത്തെ മതവിശ്വാസം കണക്കിലെടുക്കണമെന്നും അതിനെതിരായ ഒരു പ്രവർത്തനവും അനുവദിക്കാനാവില്ലെന്നും സബിഹുല്ല പറഞ്ഞു. ഇതിനിടയിൽ രാജ്യത്തെ മതവിശ്വാസവും മനുഷ്യത്വപരമായ സഹായങ്ങളും കൂട്ടിക്കുഴക്കരുതെന്നും താലിബാൻ നേതാവ് ആവശ്യപ്പെട്ടു.

സ്ത്രീകളെ അടിച്ചമർത്തുന്ന സമീപനം പുലർത്തുന്ന താലിബാൻ അടുത്തിടെ എൻ.ജി.ഒകളിൽ ജോലി ചെയ്യുന്നതിനും സ്ത്രീകൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നു. അഫ്ഗാൻ പെൺകുട്ടികൾ വിദ്യാഭ്യാസം നേടാനും ജോലി ചെയ്യാനുമുള്ള അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് യു.എസ്,യു.കെ,ജർമനി,യൂറോപ്യൻ യൂനിയൻ, യു.എൻ,ഒ.ഐ.സി എന്നിവ രംഗത്തുവന്നിരുന്നു.

Tags:    
News Summary - Women's rights not priority, says taliban spokesperson after education ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.