വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സഹ സ്ഥാപകനും ശതകോടീശ്വരനുമായ ബിൽഗേറ്റ്സിന്റെ സ്വകാര്യ ഓഫീസിലേക്ക് ജോലിക്ക് അപേക്ഷിച്ച യുവതികളോട് ലൈംഗിക ചുവയുള്ള ചോദ്യങ്ങൾ ചോദിച്ചതായി റിപ്പോർട്ട്. ലൈംഗിക താല്പര്യങ്ങൾ, മുൻകാല ബന്ധങ്ങൾ തുടങ്ങിയ ചോദ്യങ്ങളാണ് ചോദിച്ചതെന്ന് ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
ഉദ്യോഗാർഥിയുടെ മുൻകാല ലഹരി ഉപയോഗം, വിവാഹേതര ബന്ധം എന്നിവ സംബന്ധിച്ച ചോദ്യങ്ങളും ഇതിൽ ഉൾപ്പെടും. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്താൻ സാധിക്കും വിധമുള്ള ചോദ്യങ്ങൾ തയ്യാറാക്കിയത് ഒരു സ്വകാര്യ സുരക്ഷാ സ്ഥാപനമാണ്.
ഇതുവരെ വിവാഹേതര ബന്ധം ഉണ്ടായിട്ടുണ്ടോ, ഏത് തരം ലൈംഗിക താല്പര്യമാണുള്ളത്, അശ്ലീല വിഡിയോകൾ കാണാറുണ്ടോ, സ്വന്തം മൊബൈലിൽ ഇത്തരം ചിത്രങ്ങളുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ചില വനിതാ ഉദ്യോഗാർഥികൾക്ക് നേരിടേണ്ടിവന്നത്. ചിലരോട് പണത്തിനായി നൃത്തം ചെയ്തിട്ടുണ്ടോ എന്നുവരെ ചോദിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ പുരുഷ ഉദ്യോഗാർഥികളോട് ഇത്തരം ചോദ്യങ്ങൾ ചോദിച്ചിട്ടില്ല. അതേസമയം ബിൽഗേറ്റ്സിന്റെ ഓഫീസ് വക്താവ് വിഷയത്തിൽ പ്രതികരിച്ചു. അപേക്ഷകർ ഇത്തരം ചോദ്യം ചെയ്യലിന് വിധേയരായത് തങ്ങൾക്ക് അറിയില്ലെന്നും ഈ ചോദ്യം ചെയ്യൽ അസ്വീകാര്യവും കരാർ ലംഘനമാമണെന്നും വക്താവ് വ്യക്തമാക്കി. ബ്ലും ബർഗ് ശതകോടീശ്വര സൂചിക പ്രകാരം ലോകത്തെ ഏറ്റവും ധനികനായ നാലാമത്തെ വ്യക്തിയാണ് ബിൽഗേറ്റ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.