മഡ്രിഡ്: അഭിമുഖത്തിനെത്തിയ സ്ത്രീയുടെ വയസു ചോദിച്ച് വെട്ടിലായി സ്‍പെയിനിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് റസ്റ്റാറന്റ്. വയസു ചോദിച്ചതിനും സ്ത്രീയായതിന്റെ പേരിൽ യുവതിയെ ജോലിക്കായി പരിഗണിക്കാതിരുന്നതിനും റസ്റ്റാറന്റിന് കോടതി മൂന്നരലക്ഷം രൂപ പിഴ ചുമത്തി. തുക മുഴുവൻ യുവതിക്ക് നൽകണം.
സ്ട്രോബെയിനിലെ പിസ കമ്പനി ബ്രാഞ്ചിലെ ഡെലിവറി ഡ്രൈവറുടെ ജോലിക്കായാണ് ജാനിസ് വാൽഷ് എന്ന യുവതി അപേക്ഷ നൽകിയത്. ഇന്റർവ്യൂവിനിടെ ഡൊമിനോസ് പിസ കമ്പനി അവരുടെ വയസ് അന്വേഷിക്കുകയായിരുന്നു. വയസ് എത്രയായി എന്നായിരുന്നു ആദ്യ ചോദ്യമെന്ന് വാൽഷ് ബി.ബി.സി ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വയസ് പറഞ്ഞ ശേഷം നിങ്ങളെ കണ്ടാൽ അത്രയും പ്രായം തോന്നില്ല എന്നായിരുന്നു ഇന്റർവ്യൂവറുടെ മറുപടി.
ജോലിക്ക് തന്നെ തെരഞ്ഞെടുത്തില്ല എന്ന കാര്യവും അവർ പിന്നീടറിഞ്ഞു. തന്റെ പ്രായവും സ്ത്രീയായത് കാരണവുമാണ് കമ്പനി ജോലിക്കെടുക്കാത്തത് എന്ന് വ്യക്തമായതോടെ വാൽഷ് താൻ നേരിട്ട വിവേചനത്തെ കുറിച്ച് ഫേസ്ബുക് വഴി റസ്റ്റാറന്റ് അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് അഭിമുഖം നടത്തിയവർ മാപ്പുപറഞ്ഞു. അഭിമുഖത്തിനിടെ ഉദ്യോഗാർഥിയുടെ വയസ് ചോദിക്കുന്നത് ഉചിതമല്ലെന്ന് അഭിമുഖം നടത്തിയ വ്യക്തിക്ക് അറിയില്ലായിരുന്നു എന്നായിരുന്നു റസ്റ്റാറന്റ് അധികൃതരുടെ വിശദീകരണം.
സ്ത്രീയായതു കൊണ്ടാണ് ഡ്രൈവർ ജോലിക്ക് തന്നെ അവഗണിച്ചതെന്നും വാൽഷ് സൂചിപ്പിച്ചു. അതാണ് ഇന്റർവ്യൂ കഴിഞ്ഞയുടൻ ഡ്രൈവറെ ആവശ്യമുണ്ടെന്നു കാണിച്ച് കമ്പനി വീണ്ടും പരസ്യം നൽകിയത്. തുടർന്ന് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വാൽഷ് നിയമനടപടി സ്വീകരിക്കുകയായിരുന്നു. വടക്കൻ അയർലൻഡിലെ തുല്യത കമ്മീഷനും പിന്തുണയുമായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.