ഓട്ടവ: കാനഡയിൽ നിന്ന് നിർബന്ധപൂർവം പുറത്താക്കുന്ന ഇന്ത്യക്കാരുടെ എണ്ണം മുമ്പില്ലാത്ത വിധം വർധിച്ചിരിക്കുകയാണ്. 2019ലെ കണക്ക് പരിശോധിക്കുമ്പോൾ 2024ൽ കാനഡയിൽ നിന്ന് പുറത്താക്കപ്പെട്ട ഇന്ത്യൻ പൗരൻമാരുടെ എണ്ണം റെക്കോഡിലേക്ക് എത്തിയെന്നാണ് റിപ്പോർട്ട്.
2019 മുതലാണ കാനഡയിൽ നിന്ന് ഇന്ത്യക്കാരെ നിർബന്ധപൂർവം പടിയിറക്കുന്ന പ്രക്രിയക്ക് ആക്കം കൂടിയത്. 2019ൽ 625 ഇന്ത്യക്കാരെയാണ് ഇത്തരത്തിൽ പുറത്താക്കിയത്. 2024ൽ പുറത്താക്കിയവരുടെ മൂന്നിലൊന്നാണിത്. കനേഡിൽ ബോർഡർ സർവീസ് ഏജൻസി നൽകുന്ന റിപ്പോർട്ടനുസരിച്ച് ഈ വർഷം ജൂലൈ വരെ മാത്രം 1891ഇന്ത്യക്കാരെയാണ് കാനഡ നാടുകടത്തിയത്.
ഈ വർഷം ജൂലൈ വരെ പുറത്താക്കിയവരുടെ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ളത് മെക്സിക്കൻ പൗരൻമാരാണ്. 2678 മെക്സിക്കൻ പൗരൻമാരെയാണ് രാജ്യത്ത്നിന്ന് പുറത്താക്കിയത്. പട്ടികയിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യക്കാരുടെ എണ്ണം.
കഴിഞ്ഞവർഷം 1997 ഇന്ത്യക്കാരെയാണ് കാനഡ പുറത്താക്കിയത്. 3683 മെക്സിക്കൻ പൗരൻമാരെയും. കൊളംബിയൻ പൗരൻമാരാണ് മൂന്നാംസ്ഥാനത്ത്-981.
മാധ്യമങ്ങളുടെ ഈ ചോദ്യത്തിന് കുറച്ചു മുമ്പ് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി വ്യക്തമായ മറുപടി നൽകിയിരുന്നു. വിദേശരാജ്യങ്ങളിൽ നിന്നുള്ള ക്രിമിനലുകളെയാണ് കാനഡ പുറത്താക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എത്രയും പെട്ടെന്ന് ഇത്തരക്കാരെ ട്രാക്ക് ചെയ്ത് പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. അതിർത്തി സുരക്ഷക്ക് പരിഷ്‍കാരങ്ങൾ കൊണ്ടുവരുമെന്നും കുറ്റമറ്റ കുടിയേറ്റ സമ്പ്രദായമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡയിൽ അഭയം തേടിയവരും താൽകാലി റെസിഡന്റ് പെർമിറ്റിൽ കഴിയുന്നവരും ഇങ്ങനെ പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിൽ വരും. ചുരുക്കിപ്പറഞ്ഞാൽ കാനഡയിലെ കുടിയേറ്റവിരുദ്ധ വികാരത്തിന്റെ അനന്തരഫലമാണ് ഈ പുറത്താക്കൽ.
കാനഡയിൽ നിന്ന് കുറ്റാരോപിതരായ വിദേശ പൗരൻമാരെ നീക്കം ചെയ്യുന്നത് ജുഡീഷ്യൽ പ്രക്രിയയുടെ ഭാഗമായി തുടരുന്നതിനെ കുറിച്ച് ആലോചിക്കുമെന്നു കാണിച്ച് അതിർത്തി പൊലീസ് ഇക്കഴിഞ്ഞ ഒക്ടോബർ 10ന് ഒരു നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇങ്ങനെ പുറത്താക്കാൻ ഉദ്ദേശിക്കുന്ന പട്ടികയിൽ ഇന്ത്യക്കാരാണ് ഏറ്റവും മുന്നിൽ( 6,837 പേർ). മെക്സിക്കൻ പൗരൻമാരാണ് തൊട്ടുപിന്നിലുള്ളത്(5,170). പട്ടികയിൽ ആകെയുള്ള 30,733 പേരിൽ 27,103 പേർ അഭയാർഥികളായിരുന്നു. ഇങ്ങനെ അഭയം തേടുന്നവരിൽ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതലുളളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.