ഗസ്സ: ഇസ്രായേൽ അധിനിവേശ സേനക്കെതിരെ ഗസ്സക്കാർ പോരാടുമ്പോൾ ഒറ്റുകാരന്റെ റോളിൽ പ്രത്യക്ഷപ്പെട്ട സായുധസംഘത്തലവൻ യാസർ അബൂശബാബ് ഒടുവിൽ സ്വന്തം ഗുണ്ടാസംഘത്തിന്റെ കരങ്ങളാൽ കൊല്ലപ്പെട്ടു. ഇന്നലെ സംഘാംഗങ്ങൾ തമ്മിൽ നടന്ന ആഭ്യന്തര കലഹത്തിനിടെയാണ് യാസർ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൊലപാതകവിവരം യാസർ നേതൃത്വം നൽകുന്ന പോപ്പുലർ ഫോഴ്‌സ് ഗ്രൂപ്പും ഇസ്രായേലി മാധ്യമങ്ങളും സ്ഥിരീകരിച്ചു. ഇസ്രായേൽ പിന്തുണയോടെ ഹമാസിന് ബദലായി സ്വയം അവതരിപ്പിക്കാൻ ശ്രമിച്ച പോപുലർ ഫോഴ്സിനെ ഇസ്രായേലിനുള്ള ഒറ്റുകാരനായാണ് ഫലസ്തീനികൾ വിലയിരുത്തിയത്.
തെക്കൻ ഗസ്സയിലെ ബദവി ഗോത്രവംശജനായ അബൂശബാബ്, കഴിഞ്ഞ വർഷം സായുധസംഘത്തലവനായി ഉയർന്നുവരുന്നതുവരെ അത്രയൊന്നും അറിയപ്പെടാത്ത ആളായിരുന്നു. ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം അബു ശബാബ് ഒരു കുറ്റവാളിയായിരുന്നു. നേരത്തെ മയക്കുമരുന്ന്, ക്രിമിനൽ കേസുകളിൽ ജയിലിൽ കഴിഞ്ഞിരുന്നു എന്നത് മാത്രമാണ് ഇയാളെ കുറിച്ച് ലഭ്യമായ വിവരം.
എന്നാൽ, ഇസ്രായേൽ സഹായത്തോടെ സായുധനീക്കം തുടങ്ങിയതോടെ ചിത്രം മാറി. തുടക്കത്തിൽ ‘ആന്റി-ടെറർ സർവീസ്’ എന്നാണ് യാസറിന്റെ സംഘം അറിയപ്പെട്ടത്. ഇക്കഴിഞ്ഞ മേയിലാണ് ‘പോപുലർ ഫോഴ്‌സ്’ എന്ന പേരിലേക്ക് മാറിയത്. ഗസ്സയിലെ ഇസ്രായേൽ നിയന്ത്രിത പ്രദേശങ്ങളിൽ കുറഞ്ഞത് 100 സായുധ അംഗങ്ങളുമായായിട്ടായിരുന്നു പ്രവർത്തനം. അതേസമയം, ഹമാസിനെതിരെ പോരാടുന്ന ഫലസ്തീൻ ദേശീയ സംഘമായാണ് ഇവർ സ്വയം വിളിച്ചിരുന്നത്. എന്നാൽ, യാതൊരു ജനപിന്തുണയും ഇയാൾക്കോ ഇയാളുടെ സംഘത്തിനോ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. 70,120ൽ അധികം പൗരൻമാരെ കൊന്നൊടുക്കിയ ഇസ്രായേലുമായി പോപുലർ ഫോഴ്സ് സഹകരണതതിലേർപ്പെട്ടതോടെ സ്വന്തം ഗോത്രം പോലും അബൂശബാബിനെ തള്ളിപ്പറഞ്ഞു. ‘ഗോത്രത്തിന്റെ ചരിത്രത്തെ പ്രതിനിധീകരിക്കാത്ത ഒരു ഇരുണ്ട അധ്യായത്തിന്റെ അവസാനമാണ് അബൂശബാബിന്റെ മരണത്തിലൂടെ സംഭവിച്ചത്’ എന്നാണ് ഗോത്രത്തലവൻ ഇനനലെ പ്രതികരിച്ചത്.
ഗസ്സയുടെ തെക്ക് ഭാഗത്തുള്ള കിഴക്കൻ റഫയുടെ വലിയ ഭാഗങ്ങൾ പോപുലർ ഫോഴ്സാണ് നിയന്ത്രിക്കുന്നത് എന്നാണ് വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അബുശബാബ് അവകാശപ്പെട്ടത്. ഗസ്സയുടെ ഭാവി കെട്ടിപ്പടുക്കാൻ തങ്ങൾ തയ്യാറാണെന്നും ഹമാസുമായി യാതൊരു ബന്ധവുമില്ലാത്ത ഫലസ്തീനികളെ യുദ്ധത്തിൽനിന്ന് രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്നും ഇയാൾ പറഞ്ഞിരുന്നു.
അതേസമയം, ഹമാസിനെതിരെ പോരാടാൻ സായുധവിഭാഗങ്ങളെ തങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തന്നെ തുറന്നു സമ്മതിച്ചലിരുന്നു. യുദ്ധാനന്തരം സൈനിക പിന്മാറ്റം ആരംഭിക്കുമ്പോൾ ഗസ്സയിൽ വളഞ്ഞവഴിയിൽ നിയന്ത്രണം ഉറപ്പിക്കുക എന്ന ഇസ്രായേൽ തന്ത്രത്തിന്റെ ഭാഗമായി വൻതുക മുടക്കിയാണ് ചോറ്റുപട്ടാളത്തെ ഇസ്രായേൽ നിലനിർത്തിയത്. ഹമാസ് മുഖ്യധാരയിൽനിന്ന് പിൻമാറുകയും രാജ്യാന്തര സംവിധാനം ഭരണത്തിലേക്ക് വരികയും ചെയ്യുമ്പോൾ താഴെതട്ടിൽ സ്വാധീനം ഉറപ്പിക്കാനാണ് ഇതുവഴി ഇസ്രായേലിന്‍റെ നീക്കം.
യാസർ അബു ശബാബിന്റെ സംഘത്തിന് ഇസ്രായേൽ പണവും ആയുധവും നൽകുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. സ്കൈ ന്യൂസിന്‍റെ റിപ്പോർട്ട് പ്രകാരം യു.എസ് ഫണ്ടിങിൽ പ്രവർത്തിക്കുന്ന ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്‍റെ (ജി.എച്ച്.എഫ്) മറവിൽ അബുശബാബിന്‍റെ സംഘത്തിന് സഹായം നൽകുന്നുവെന്ന് കണ്ടെത്തിയിരുന്നു. വൻതോതിൽ പണവും തോക്കുകളും വാഹനങ്ങളും ഐ.ഡി.എഫ് ഇവർക്കെത്തിച്ചു നൽകുന്നതായും സ്കൈ ന്യൂസ് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഗസ്സയെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് ഇസ്രായേൽ പയറ്റുന്നതെന്നാണ് ആക്ഷേപം. ഗസ്സക്കാർ പട്ടിണി കിടക്കുമ്പോൾ ഈ സംഘത്തിനും അവർ നിയന്ത്രിക്കുന്ന പ്രദേശത്തും കൃത്യമായി ഭക്ഷണവും വൈദ്യസഹായവുമൊക്കെ ലഭിക്കുന്നുണ്ട്. ഇസ്രയേലിൽ നിന്നുള്ള അതിർത്തി കവാടമായ കരെം ഷലോമിൽ (കരീം അബു സലിം) നിന്ന് ഗസ്സയിലേക്ക് ട്രക്കുകൾ വരുന്ന വഴിയിലാണ് ഇവരുടെ സ്വാധീന കേന്ദ്രം. ഇവർ ഭക്ഷണവും മറ്റുമായി വരുന്ന ട്രക്കുകൾ കൊള്ളയടിക്കുന്നതായി യു.എന്നിന്‍റെ റിപ്പോർട്ട് ഉണ്ടായിരുന്നു. തങ്ങൾ യാസർ അബുശബാബിന്‍റെ സംഘത്തെ സഹായിക്കുന്ന കാര്യം ഐ.ഡി.എഫ് സൈനികർ തന്നെ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.