ഹിന്ദ് റജബ്

ആരാണ് ഹിന്ദ് റജബ്? കൊളംബിയ വിദ്യാർഥികൾ നെഞ്ചേറ്റിയ ഈ കുഞ്ഞ് രക്തസാക്ഷിയെ അറിയാം...

ഗസ്സ: ലോകത്തിന്റെ നോവാണ് ഗസ്സയിലെ ഹിന്ദ് റജബ് എന്ന മാലാഖക്കുഞ്ഞ്. വിതുമ്പുന്ന ഹൃദയത്തോടെയല്ലാതെ ആറുവയസ്സുള്ള ആ പിഞ്ചുമോളെ ആർക്കും ഓർക്കാനാവില്ല. ജനുവരി 29 ന് ഗസ്സ സിറ്റിയിൽ ഇസ്രായേൽ സൈന്യം അതിക്രൂരമായി കൊലപ്പെടുത്തിയ ഫലസ്തീൻ പെൺകുട്ടി. ഇപ്പോൾ യു.എസിലെ കൊളംബിയ സർവകലാശാലയിലെ ഇസ്രായേൽ വിരുദ്ധ പ്രതിഷേധക്കാർ യൂനിവേഴ്സിറ്റി ഹാളിന് ഈ കുഞ്ഞുരക്തസാക്ഷി​യുടെ പേര് നാമകരണം ചെയ്തതോടെ ഹിന്ദ് റജബ് വീണ്ടും വാർത്തകളിൽ നിറയുകയാണ്.

പ്രിയപ്പെട്ട ആറ് പേരുടെ മൃതദേഹങ്ങൾക്കൊപ്പം മരണത്തെ മുഖാമുഖം കണ്ട് മണിക്കൂറുകൾ... ഒടുവിൽ രക്തസാക്ഷ്യം

അതിഭീകരമായിരുന്നു, ഹിന്ദിന്റെ ഈ മണ്ണിലെ അവസാന നിമിഷങ്ങൾ... ഭൂമിയിൽ ഒരു കുഞ്ഞും ഇതുപോലുള്ള അവസ്ഥയിലൂടെ കടന്നുപോകരുതേ എന്ന് ഏതൊരാളും പ്രാർഥിച്ചുപോകും അതറിയുമ്പോൾ... കുടുംബത്തിലെ പ്രിയപ്പെട്ട ആറുപേരുടെ ചോരചിന്തിയ മൃത​ദേഹങ്ങൾക്കൊപ്പം ഒരുകാറിനകത്ത് മരണത്തെ മുന്നിൽ കണ്ട് മണിക്കൂറുകളാണ് മരണത്തെ മുഖാമുഖം കണ്ട് ഹിന്ദ് കഴിച്ചുകൂട്ടിയത്.

സഹായമഭ്യർഥിച്ച് മൂന്ന് മണിക്കൂറോളം അവൾ ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റി (പിആർസിഎസ്) ടീമുമായും ഉമ്മയുമായും സംസാരിച്ചു. ഒടുവിൽ ഇസ്രായേൽ വെടിയുണ്ട അവളുടെയും അവളെ രക്ഷിക്കാനെത്തിയ രണ്ട് ആംബുലൻസ് ഡ്രൈവർമാരുടെയും ജീവനെടുത്തു.

യുദ്ധടാങ്കുകൾക്ക് മുന്നിൽ നിസ്സഹായയായി കുഞ്ഞുമോൾ...

2024 ജനുവരി 29. ഗസ്സ സിറ്റിയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ സൈന്യം അന്ത്യശാസന നൽകിയ ദിവസം. ഗസ്സ സിറ്റിയിലെ വീട്ടിൽനിന്ന് ഉമ്മയോടും ബന്ധുക്കളോടുമൊപ്പം ഹിന്ദ് വീട്ടിൽനിന്ന് ഇറങ്ങി. നടന്നുപോകാനാണ് ഉമ്മ വിസ്സാം തീരുമാനിച്ചത്. അതിനിടെ, ഹിന്ദിന് അമ്മാവന്റെ കാറിൽ ഒരിടംകിട്ടി. അമ്മാവനും അമ്മായിക്കും അഞ്ചു കസിൻസിനുമൊപ്പം രാവിലെ അവളും കാറിൽ യാത്രയായി. വ്യോമാക്രമണങ്ങളിൽനിന്ന് രക്ഷ നേടാൻ വിവിധ സ്ഥലങ്ങളിലേക്ക് മാറിമാറിയാണ് യാത്ര തുടർന്നത്. കനത്ത മഴയും തണുപ്പുമുണ്ടായിരുന്നു. ആ മഴയിൽനിന്ന് രക്ഷപ്പെടാമല്ലോ എന്നോർത്താണ് പൊന്നുമകളെ വിസ്സാം സഹോദര​ന്റെ കാറിൽ വിട്ടത്. എന്നാൽ, കാർ പുറപ്പെട്ടതിനു പിന്നാലെ അതേ ദിശയിൽനിന്ന് വെടിയൊച്ചകളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു.

നഗരത്തി​ന്റെ കിഴക്കുഭാഗത്തുള്ള അൽ അഹ്‍ലി ആ​ശുപത്രിയിൽ അഭയം തേടാമെന്നാണ് കുടുംബം കരുതിയത്. അവിടം സുരക്ഷിതമായിരിക്കുമെന്ന തോന്നലിലായിരുന്നു അത്. നഗരത്തിലെ ​പ്രശസ്തമായ അൽ അസ്ഹർ യൂനിവേഴ്സിറ്റി ലക്ഷ്യമിട്ടാണ് റജബിന്റെ അമ്മാവൻ പോയത്. എന്നാൽ, ഇസ്രായേലി ടാങ്കുകൾ കാറിന് മുന്നിലെത്തിയതോടെ രക്ഷക്കായി അടുത്തുള്ള പെട്രോൾ സ്റ്റേഷനിലേക്ക് കയറ്റിയെങ്കിലും ക്രൂരൻമാരായ ഇസ്രായേൽ സൈന്യം ​കാറിന് നേരെ തുരുതുരെ വെടിയുതിർത്തു.

കാറിനുള്ളിലുള്ളവർ രക്ഷക്കായി ബന്ധുക്കളെ വിളിച്ച് കേണു. അവരിലൊരാൾ അധിനിവേശ വെസ്റ്റ് ബാങ്കിൽനിന്ന് 80 കി.മീ അകലെയുള്ള ഫലസ്തീനിയൻ റെഡ് ക്രസന്റിന്റെ എമർജൻസി ഹെഡ്ക്വാർട്ടേഴ്സിൽ ബന്ധപ്പെട്ടു. അപ്പോൾ ഉച്ച കഴിഞ്ഞ് രണ്ടര മണിയായിരുന്നു. റാമല്ലയിലെ റെഡ് ക്രസന്റ് കോൾ സെന്ററിൽനിന്ന് ഓപറേറ്റർമാർ ഹിന്ദിന്റെ അമ്മാവന്റെ ഫോണിലേക്ക് വിളിച്ചു. ഫോണെടുത്തത് അദ്ദേഹത്തിന്റെ 15 വയസ്സുള്ള മകൾ ലയാൻ. റെക്കോർഡ് ചെയ്യപ്പെട്ട ആ ഫോൺകാളിൽ ലയാന്റെ ദൈന്യമായ വിതുമ്പലുകൾക്കൊപ്പം ആ വിവരവും കൂടി ഉൾച്ചേർന്നു. തന്റെ മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം ഇസ്രായേലി സൈന്യത്തിന്റെ ക്രൂരമായ ആക്രമണ​ത്തിൽ കൊല്ലപ്പെട്ടു!. അതു പറഞ്ഞുതീരും മുമ്പേ ‘അവർ ഞങ്ങൾക്കുനേരെ വെടിയുതിർക്കുകയാണ്’ എന്ന് ലയാന്റെ ശബ്ദമെത്തി. പിന്നാലെ വെടിയൊച്ചയിലും വലിയൊരു നിലവിളിയിലും മുങ്ങി ആ ഫോൺ സംഭാഷണം നിലച്ചു.


റെഡ് ക്രസന്റ് സംഘം വീണ്ടും വിളിച്ചപ്പോഴാണ് ഹിന്ദ് റജബ് ഫോണെടുത്തത്. കാറിൽ റജബ് മാത്രമാണ് ജീവനോടെ ബാക്കിയുണ്ടായിരുന്നത്. മൂന്നുമണിക്കൂറോളം മരണത്തെ മുഖാമുഖം കണ്ട് ആ കുഞ്ഞുമോൾ റെഡ് ക്രസന്റ് ടീമുമായി സംസാരിച്ചു. ‘സീറ്റിനടിയിൽ ഒളിക്കൂ..ആരും നിന്നെ കാണാതിരിക്കണം’ -റെഡ് ക്രസന്റ് ടീമംഗം റാണ ഫഖീഹ് അവൾക്ക് നിർദേശം നൽകിക്കൊണ്ടിരുന്നു.

‘ഒന്നു വരുമോ? എ​ന്നെ രക്ഷിക്കുമോ? എനിക്ക് വല്ലാതെ പേടിയാകുന്നു. ടാങ്ക് എന്റെ തൊട്ടടുത്തു തന്നെയാണുള്ളത്.. അത് അടുത്തുകൊണ്ടിരിക്കുന്നു’ -ഹിന്ദ് റജബ് പറഞ്ഞു കൊണ്ടിരുന്നു. ‘വളരെ അടുത്താണോ ടാങ്ക് ഉള്ളത്?’ -റാണ ചോദിച്ചു. ‘അതേ വളരെ വളരെ അടുത്താണ്..എന്നെയൊന്ന് രക്ഷിക്കാമോ? എനിക്ക് പേടിയായിട്ടുവയ്യ’ -ഹിന്ദ് റജബ് പറഞ്ഞു.


ഇതിനിടയിൽ, ആ സ്ഥലത്തേക്ക് തങ്ങളുടെ ആംബുലൻസ് അയക്കാൻ അനുമതി തേടി റെഡ് ക്രസന്റ് അധികൃതർ ഇസ്രായേലി സൈന്യവുമായി ബന്ധപ്പെട്ടു. ആ ഫോൺകാൾ തുടങ്ങി മൂന്നു മണിക്കൂറിനുശേഷം റജബിനെ രക്ഷിക്കാനായി ഒരു ആംബുലൻസ് പുറപ്പെട്ടു. അതിനിടയിൽ അവളുടെ ഉമ്മയെ റെഡ് ക്രസന്റ് അധികൃതർ കണ്ടെത്തിയിരുന്നു. റജബിന്റെ ഫോണിലേക്ക് വിളിച്ച് അവർ ഉമ്മയുമായി സംസാരിക്കാൻ അവസരമൊരുക്കി. ഉമ്മയുടെ ശബ്ദം കേട്ടതോടെ അവൾ നിർത്താതെ കരഞ്ഞു. ‘ഫോൺ കട്ട് ചെയ്യല്ലേ’ എന്ന് അവൾ അപേക്ഷിച്ചുകൊണ്ടിരുന്നു.

‘എവിടെയാണ് നിനക്ക് പരിക്കുപറ്റിയതെന്ന് ഞാൻ അവളോട് ചോദിച്ചു. എന്നിട്ട് ശ്രദ്ധ തിരിക്കാനായി അവളുടെ കൂടെ ഞാൻ ഖുർആൻ ഓതിക്കൊണ്ടിരുന്നു. ഞങ്ങൾ ഒന്നിച്ച് പ്രാർഥിച്ചു. ചൊല്ലിക്കൊടു​ക്കുന്ന ഓരോ വരിയും അവൾ വിതുമ്പലോടെ ഏറ്റുചൊല്ലി’ -ഉമ്മ വിസ്സാം ബി.ബി.സിയോട് പറഞ്ഞു.


അവളെ രക്ഷിക്കാൻ പുറപ്പെട്ട ആംബുലൻസിലെ ഡ്രൈവർമാരായ യൂസുഫും അഹ്മദും അവൾക്കരികിലെത്തിയെന്ന് കരുതിയതിനു പിന്നാലെ ആ ഫോൺകാൾ കട്ടായി. വിസ്സാം അവളുമായി സംസാരിച്ചതിന്റെ അവസാനത്തിൽ കാറിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടിരുന്നു. ദൂരെയൊരു ആംബുലൻസ് തനിക്ക് കാണാനാവുന്നുണ്ടെന്ന് റജബ് ഉമ്മയോട് പറയുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് 12 നാൾ ഒന്നും കേട്ടില്ല. ആരും ഒന്നും അറിഞ്ഞില്ല. ഇസ്രായേൽ സൈന്യം താണ്ഡവമാടിയ പ്രദേശത്ത് അത്രയും നാൾ ആർക്കും പോകാൻ കഴിഞ്ഞിരുന്നില്ല.

ഒടുവിൽ, അവിടം തകർത്തുതരിപ്പണമാക്കി സൈന്യം പിന്മാറിയപ്പോൾ രക്ഷാപ്രവർത്തകർ ഹിന്ദിനെ തേടി കുതിച്ചെത്തി. എന്നാൽ, കരളുരുകുന കാഴ്ചയായിരുന്നു അവരെ കാത്തിരുന്നത്. കുടുംബാംഗങ്ങളോടും ഫലസ്തീൻ റെഡ്ക്രെസന്റിലെ ജീവനക്കാർക്കുമൊപ്പം കുഞ്ഞു റജബിനെയും മരിച്ച നിലയിൽ അവിടെ കണ്ടെത്തി. ഇസ്രായേൽ ക്രൂരൻമാർ ആ രക്തനക്ഷത്ര​ത്തെ എന്നെന്നേക്കുമായി ഈ ഭൂമിയിൽനിന്ന് ഇല്ലാതാക്കി....


Full View


Tags:    
News Summary - Who is Hind Rajab, the Palestinian girl Columbia University protesters named a hall after?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.