‘യൂറോവിഷനിൽ’ ഇസ്രായേലിനെ പ​ങ്കെടുപ്പിക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് ബി.ബി.സി

ലണ്ടൻ: അടുത്ത വർഷത്തെ ‘യൂറോവിഷൻ’ സംഗീത മത്സരത്തിൽ പങ്കെടുക്കാൻ ഇസ്രായേലിനെ അനുവദിക്കാനുള്ള തീരുമാനത്തിന് പിന്തുണയുമായി ബി.ബി.സി. ഇസ്രായേൽ പ​ങ്കെടുക്കുന്ന പക്ഷം നിരവധി രാജ്യങ്ങളും അവരുടെ പ്രക്ഷേപകരും പരിപാടി ബഹിഷ്‌കരിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. യൂറോപ്യൻ ബ്രോഡ്കാസ്റ്റിങ് യൂനിയൻ (ഇ.ബി.യു) ഇസ്രായേലിന് മത്സരിക്കാൻ വഴിയൊരുക്കിയതിനാൽ 2026ലെ മത്സരത്തിൽ പങ്കെടുക്കില്ലെന്ന് അയർലൻഡ്, സ്പെയിൻ, നെതർലാൻഡ്‌സ്, സ്ലോവേനിയ എന്നിവർ പറയുന്നു. 

ഗസ്സയിലെ വംശഹത്യാ യുദ്ധത്തി​ൽ ഇസ്രായേലിന്റെ പങ്ക് ചൂണ്ടിക്കാട്ടി മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കണമോ എന്നതിനെച്ചൊല്ലി തർക്കം പൊട്ടിപ്പുറപ്പെട്ടിരുന്നു. നിരവധി രാജ്യങ്ങളും അവരുടെ പ്രക്ഷേപകരും പരിപാടി ബഹിഷ്‌കരിക്കുമെന്ന് പ്രതിജ്ഞയെടുത്തതിനെത്തുടർന്ന് ഇസ്രായേലിന്റെ പങ്കാളിത്തത്തെക്കുറിച്ച് വോട്ടെടുപ്പ് നടത്തുന്നതിൽ നിന്ന് ഇ.ബി.യു പിന്മാറി. പകരം മത്സരത്തെ സ്വാധീനിക്കുന്നതിൽ നിന്ന് സർക്കാറുകളെ നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള നിയമങ്ങൾ പാസാക്കി.

ഇതിനെയാണ് ബി.ബി.സി പിന്തുണച്ചത്. ‘ഇ.ബി.യു അംഗങ്ങൾ എടുത്ത കൂട്ടായ തീരുമാനത്തെ ഞങ്ങൾ പിന്തുണക്കുന്നു. ഇത് ഇ.ബി.യുവിന്റെ നിയമങ്ങൾ നടപ്പിലാക്കുന്നതിനെക്കുറിച്ചും എല്ലാവരെയും ഉൾക്കൊള്ളുന്നതിനെക്കുറിച്ചുമാണ്’ എന്ന് ഒരു ബി.ബി.സി വക്താവ് പറഞ്ഞു. ഇസ്രായേൽ യൂറോവിഷന്റെ ഭാഗമാകുന്നത് തികച്ചും ശരിയാണെന്ന് കൺസർവേറ്റിവുകൾ സ്വാഗതം ചെയ്തു. 

ഇസ്രായേലിന്റെ ഉൾപ്പെടുത്തൽ കാരണം നിരവധി രാജ്യങ്ങൾ പരിപാടി ബഹിഷ്കരിക്കാൻ തിരഞ്ഞെടുക്കുന്നത് കാണുന്നത് വളരെയധികം ആശങ്കാജനകമാണ്. സംഗീതം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ആയുധമാക്കേണ്ട ഒരു ഉപകരണമായിരിക്കരുത്. മറിച്ച് ഒരുമിപ്പിക്കുന്ന ശക്തിയായിരിക്കണം -ഷാഡോ കൾച്ചർ സെക്രട്ടറി നിഗൽ ഹഡിൽസ്റ്റൺ പ്രതികരിച്ചു.

Tags:    
News Summary - BBC supports Israel's decision to participate in Eurovision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.