വാഷിങ്ടൺ ഡി.സി: ഇറാനിലെ ആണവകേന്ദ്രത്തിൽ ആക്രമണത്തിന് ഉപയോഗിച്ച ബി2 സ്റ്റെൽത്ത് ബോംബർ വിമാനത്തിന്‍റെ വിഡിയോ പുറത്തുവിട്ട് വൈറ്റ് ഹൗസ്. ബി2 സ്റ്റെൽത്ത് ബോംബർ വിമാനമാണ് ശക്തിയേറിയ ജി.ബി.യു-57 ബങ്കർ ബസ്റ്റർ ബോംബ് തന്ത്രപ്രധാനമായ ഫോർദോ ആണവനിലയത്തിൽ ഇട്ടത്. ആക്രമണം പൂർത്തിയാക്കിയ ശേഷം മിസ്സൗറിയിലെ വൈറ്റ്മാൻ വ്യോമതാവളത്തിൽ പറന്നിറങ്ങുന്ന വിമാനത്തിന്‍റെ ദൃശ്യങ്ങളാണ് പങ്കുവെച്ചത്. 'അമേരിക്കൻ സൈന്യത്തെ ദൈവം അനുഗ്രഹിക്കട്ടെ. സ്വാതന്ത്രത്തിനു വേണ്ടിയുള്ള, ലോകംകണ്ട ഏറ്റവും മഹത്തായ സൈന്യമാണത്' -വൈറ്റ് ഹൗസ് പറഞ്ഞു.
ശക്തിയേറിയ ബോംബുകൾക്കു പോലും തകർക്കാൻ കഴിയാത്ത അത്രയും ഭൂമിക്കടിയിലുള്ള ലക്ഷ്യങ്ങളിലേക്ക് തുളച്ചുചെന്ന് പൊട്ടിത്തെറിക്കുന്നതാണ് ബങ്കർ ബസ്റ്റർ എന്നറിയപ്പെടുന്ന ജി.ബി.യു-57 ബോംബ്. ജി.ബി.യു-57 ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാനും വിക്ഷേപിക്കാനും ശേഷിയുള്ള ഏക വിമാനമാണ് അമേരിക്കയുടെ ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബർ. ഇന്ധനം നിറക്കാതെ 11,000 കിലോമീറ്റർ ദൂരവും ഒരു തവണ ഇന്ധനം നിറച്ചാൽ 18,500 കിലോമീറ്ററും സഞ്ചരിക്കാൻ ഇതിന് കഴിയും.
ഞായറാഴ്ച പുലർച്ചെ യു.എസ്സിലെ മിസോറിയിൽനിന്ന് യു.എസ് ബി-2 സ്പിരിറ്റ് ബോംബർ വിമാനങ്ങൾ ഏകദേശം 37 മണിക്കൂർ നിർത്താതെ പറന്ന് ഇറാന്റെ ആകാശത്തെത്തിയാണ് ഫോർദോയിൽ ബങ്കർ ബസ്റ്റർ ബോംബ് ഇട്ടത്. 18,000 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുണ്ടിതിന്. വിമാനത്തിന്റെ ആകെ ഭാരം ഏകദേശം 27,200 കിലോഗ്രാം. വലിയ വ്യോമപ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച് ലക്ഷ്യത്തിലേക്ക് കടന്നുകയറാനും കഴിവുണ്ട്.
ഇറാനും അന്താരാഷ്ട്ര ആണവോർജ ഏജൻസിയും രാജ്യത്തിന് ആണവായുധ നിർമാണ പദ്ധതിയില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും വകവെക്കാതെയായിരുന്നു ഞായറാഴ്ച ‘ഓപറേഷൻ മിഡ്നൈറ്റ് ഹാമർ’ എന്ന് പേരിട്ട അമേരിക്കയുടെ ആക്രമണം. ഇറാന്റെ ഏറ്റവും സുരക്ഷയുള്ള ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ ഫോർദോയിലാണ് ബി2 സ്റ്റെൽത്ത് ബോംബറിൽനിന്ന് അതീവ പ്രഹരശേഷിയുള്ള ബങ്കർ ബസ്റ്റർ ബോംബായ ജി.ബി.യു 57 വർഷിച്ചത്. എത്ര ബോംബുകളിട്ടെന്നോ ആണവകേന്ദ്രത്തിന് എത്രമാത്രം നാശനഷ്ടമുണ്ടായെന്നോ അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഫോർദോക്ക് കാര്യമായ പ്രഹരമേൽപിക്കാൻ യു.എസിനായിട്ടില്ലെന്നും പ്രവേശന കവാടത്തിന് ചെറിയ തകരാറേ സംഭവിച്ചിട്ടുള്ളൂവെന്നുമാണ് ഇറാന്റെ വിശദീകരണം. നതാൻസിലും ഇസ്ഫഹാനിലും യുദ്ധക്കപ്പലുകളിൽനിന്നുള്ള ടോമഹോക് മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.