മുതിർന്ന ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ മുഹ്സിൻ ഫഖ്റിസാദയെ 2021ൽ തെഹ്‌റാന് സമീപം ഇസ്രായേൽ റിമോർട്ട് കൺട്രോൾ സ്ഫോടനം വഴി ​കൊലപ്പെടുത്തിയപ്പോൾ [ഫയൽചിത്രം]

ഇറാനെ ആക്രമിക്കുമോ ഇസ്രായേൽ? മുന്നിലുള്ളത് ഈ നാല് സാധ്യതകൾ...

തെൽഅവീവ്: സഖ്യകക്ഷികളു​ടെ സഹായത്തോടെ തക്കസമയത്ത് ഇറാനെ ആക്രമിക്കുമെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്സിന്റെ മുന്നറിയിപ്പിന് പിന്നാലെ ഏതുവിധത്തിലായിരിക്കും ഈ ആക്രമണമെന്ന് ആശ​ങ്കയോടെ ഉറ്റുനോക്കുകയാണ് ലോകം. നാല് സാധ്യതകളാണ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നേരിട്ടുള്ള ആക്രമണത്തിന് മുതിർന്നാൽ ഇറാന്റെ ഭാഗത്തുനിന്ന് വൻ തിരിച്ചടിക്കും യുദ്ധവ്യാപനത്തിനും സാധ്യതയുണ്ടെന്നും നിരീക്ഷകർ വിലയിരുത്തുന്നു. 

ഏപ്രിൽ 1ന് ഡമാസ്‌കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണമാണ് പതിറ്റാണ്ടുകളായി ഇരുരാഷ്ട്രങ്ങളും തമ്മിൽ തുടരുന്ന ഒളിയുദ്ധം മാറി പരസ്യആക്രമണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. കോൺസുലേറ്റ് ആക്രമിച്ച് തങ്ങളുടെ ഉന്നത സൈനിക മേധാവികളെ കൊന്നതിന് പ്രതികാരമായി ഇറാൻ ഇക്കഴിഞ്ഞ ഞായറാഴ്ച 300 മിസൈലുകളിലും ഡ്രോണുകളും ഇസ്രായേലിലേക്ക് തൊടുത്തുവിടുകയായിരുന്നു. 170 ഡ്രോണുകൾ, 30 ക്രൂസ് മിസൈലുകൾ, 120 ബാലിസ്റ്റിക് മിസൈലുകൾ എന്നിവയാണ് ഇറാൻ അയച്ചത്.

ഡമാസ്‌കസിലെ തങ്ങളുടെ കോൺസുലേറ്റ് ആക്രമണത്തിനായി ഇസ്രായേലിന്റെ എഫ്-35 വിമാനങ്ങൾ പറന്നുയർന്ന ഇസ്രായേലിന്റെ എയർ ബേസും ഇൻറലിജൻസ് സെൻററും ലക്ഷ്യമിട്ടാണ് തങ്ങൾ മിസൈലാക്രമണം നടത്തിയതെന്നും ആ രണ്ട് കേന്ദ്രങ്ങളും തകർത്ത് തരിപ്പണമാക്കി​യെന്നും ഇറാൻ സൈനിക മേധാവി മുഹമ്മദ് ബാഖരി പറയുന്നു. എന്നാൽ, ആക്രമണത്തിൽ ചെറിയ നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് ഇസ്രായേൽ വാദം. മിസൈലുകളിൽ 99 ശതമാനവും തടഞ്ഞതായി ഇസ്രായേൽ പ്രതിരോധ സേന വക്താവ് ഡാനിയേൽ ഹഗാരി അവകാശപ്പെടുന്നു.


ആക്രമണം അതിൻറെ എല്ലാ ലക്ഷ്യങ്ങളും നേടിയെന്നും ഈ ഓപറേഷൻ തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ ബാഖരി, ഇസ്രായേൽ ഇനി ഒരാക്രമണത്തിന് മുതിർന്നാൽ വലിയ പ്രതികരണമുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. “സയണിസ്റ്റ് ഭരണകൂടമോ (ഇസ്രായേൽ) അല്ലെങ്കിൽ അവരെ പിന്തുണക്കുന്നവരോ അശ്രദ്ധമായി ഇനി എന്തെങ്കിലും ചെയ്യുകയാണെങ്കിൽ, അവർക്ക് നിർണായകവും വളരെ ശക്തമായതുമായ മറുപടി ലഭിക്കും” -എന്നായിരുന്നു ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ മുന്നറിയിപ്പ്.

എന്നാൽ, തങ്ങൾക്കേറ്റ തിരിച്ചടി​യെ മറികടക്കാനും ഗസ്സ വിഷയത്തിൽനിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനും ഇസ്രായേൽ ഇറാനെ ആക്രമിക്കുമെന്നും സംഘർഷം തുടരുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു. ഇറാനെതി​രെ എന്ത് നടപടി സ്വീകരിക്കണമെന്ന് ആലോചിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും യുദ്ധ മന്ത്രിസഭയും യോഗം ചേർന്നിരുന്നു. നാലുസാധ്യതകളാണ് ചൂണ്ടിക്കാട്ടുന്നത്.

1. വ്യോമാക്രമണം:

ഇറാന്റെ റെവല്യൂഷണറി ഗാർഡ് ബേസുകളോ ആണവ ഗവേഷണ കേന്ദ്രങ്ങളോ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സൗകര്യങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയേക്കാം. ഇറാൻ ആക്രമണത്തെ അമേരിക്കയുടെ സഹായത്തോടെ ഇസ്രായേൽ പ്രതിരോധിച്ചതുപോലെ തിരിച്ച് പ്രതിരോധിക്കാൻ ഇറാന് കഴിയണമെന്നില്ല. ഇത് കടുത്ത നാശനഷ്ടത്തിനും പ്രതികാരനടപടികൾക്കും വഴിയൊരുക്കും.

പവർ പ്ലാൻറുകൾ പോലുള്ള സിവിലിയൻ സൗകര്യങ്ങളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും സിവിലിയൻ അപകടങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. നേരിട്ട് ഇറാനെ ആക്രമിക്കാതെ ലെബനാനിലെ ഹിസ്ബുല്ല പോലുള്ള ഇറാൻ പിന്തുണയുള്ള സംഘങ്ങൾക്ക് നേരെയോ സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ ഇറാന്റെ കാര്യാലയങ്ങൾക്കുനേരെയോ വ്യോമാക്രമണം നടത്താനും സാധ്യതയുണ്ട്.

2. രഹസ്യ ഓപറേഷൻ:

ഇസ്രായേൽ മുമ്പ് നിരവധി തവണ ചെയ്തത് പോലുള്ള രഹസ്യ ഓപറേഷനുകൾക്കുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാട്ടു​ന്നു​. നിരവധി മുതിർന്ന ആണവ ശാസ്ത്രജ്ഞരെ കൊലപ്പെടുത്തിയതടക്കം ഇറാന് അകത്തും പുറത്തും ഇത്തരം നീക്കങ്ങൾ ഇസ്രായേൽ നടത്തിയിട്ടുണ്ട്.

മുഹ്സിൻ ഫഖ്റിസാദ

2021ൽ മുതിർന്ന ആണവ ശാസ്ത്രജ്ഞൻ മുഹ്സിൻ ഫഖ്റിസാദയെയും 2022ൽ റവലൂഷനറി ഗാർഡ്സ് കമാൻഡർ സയാദ് ഖുദാഈയെയും ഏപ്രിൽ ഒന്നിന് ഖുദ്സ് സേന കമാൻഡർ മുഹമ്മദ് റിസ സഹേദിയെയും കൊലപ്പെടുത്തിയത് ഈ രീതിയിലായിരുന്നു.

3. സൈബർ ആക്രമണം:

പെട്രോൾ സ്റ്റേഷനുകൾ മുതൽ വ്യാവസായിക പ്ലാൻറുകൾ, ആണവ സൗകര്യങ്ങൾ വരെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള സൈബർ ആക്രമണമാണ് മറ്റൊരു സാധ്യത. വർഷങ്ങളായി നിരവധി സൈബർ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഊർജ ഉൽപാദനം, വിമാന സർവിസ് തുടങ്ങിയ ​മേഖലകളും ഇത്തരം ആക്രമണത്തിന് വിധേയമായേക്കാം.

4. നയതന്ത്ര ഇടപെടൽ:

ഇറാനെതിരായ സൈനിക, ഇൻറലിജൻസ് ആക്രമണങ്ങൾക്ക് പുറമേ ഉപരോധം നീട്ടുന്നതുൾപ്പെടെ തെഹ്‌റാനെ ലോകരാഷ്ട്രങ്ങളിൽനിന്ന് ഒറ്റപ്പെടുത്താനുള്ള നയതന്ത്ര ശ്രമങ്ങളും ഇസ്രായേൽ ശക്തമാക്കുന്നുണ്ട്. ഇറാൻ റവല്യൂഷണറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് സമ്മർദ്ദം തുടരുകയാണ്.

Tags:    
News Summary - What options does Israel have to strike back at Iran?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.