അമേരിക്കൻ വിമാനവാഹിനി കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കൺ

അറബിക്കടലിൽ അമേരിക്കൻ പടക്കപ്പലിനു നേരെ ഇറാൻ ഡ്രോൺ;​ യുദ്ധ വിമാനം ഉപയോഗിച്ച് വെടിവെച്ചു വീഴ്ത്തി

തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, അറബിക്കടലിൽ അമേരിക്കൻ പടക്കപ്പൽ ലക്ഷ്യമിട്ട് വന്ന ഇറാൻ ഡ്രോൺ വെടി​വെച്ചിട്ടു. അറബിക്കടലിലൂടെ നീങ്ങുന്ന അമേരിക്കൻ വിമാന വാഹിനി കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണിനു നേരെ വന്ന ഡ്രോൺ വെടിവെച്ചിട്ടതായി യു.എസ് സെൻട്രൽ കമാൻ വക്താവ് ടിം ഹോകിൻസ് അറിയിച്ചു. കപ്പലിന്റെയും ജീവനക്കാരുടെയും സ്വയരക്ഷക്കു വേണ്ടിയാണ് ഡ്രേൺ വെടിവെച്ചിട്ടതെന്ന് വക്താവ് വിശദീകരിച്ചു.

ചൊവ്വാഴ്ചയായിരുന്നു സംഭവം. അറബിക്കടലിൽ ഇറാന്റെ തെക്കൻ തീരത്തു നിന്നും 800 കിലോമീറ്ററോളം അകലെയായി സഞ്ചരിക്കുകയായിരുന്ന കപ്പലിനരികിലേക്കായിരുന്നു ഇറാന്റെ ഷഹീദ് 139 ഡ്രോൺ എത്തിയത്. തുടർന്ന് കപ്പലിൽ നിന്നുള്ള എഫ് 35 സി യുദ്ധ വിമാനം ഉപയോഗിച്ച് ഡ്രോൺ തകർക്കുകയായിരുന്നുവെന്ന് സെൻട്രൽ കമാൻഡ് വക്താവ് വിശദീകരിച്ചു.

എന്നാൽ, സംഭവത്തെ കുറിച്ച് ഇറാൻ പ്രതികരിച്ചിട്ടില്ല. അതേസമയം, അന്താരാഷ്രട ജല മേഖലയിലൂടെ സഞ്ചരിച്ച ഡ്രോണുമായി ആശയ വിനിമയം നഷ്ടമായതായി അനൗദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇറാന്റെ ‘തസ്നിം’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇറാൻ അമേരിക്ക സംഘർഷ ഭീതി തുടരവെ, ആണവ ചർച്ചകൾക്കുള്ള നീക്കങ്ങളും സജീവമാണ്. യുദ്ധ സന്നാഹങ്ങൾ സജീവമാക്കി ഏത് നിമിഷവും ആക്രമണമുണ്ടാവുമെന്ന സമ്മർദവുമായി ഇറാനെ കരാറിലെത്തിക്കാനാണ് അമേരിക്കൻ നീക്കം. അമേരിക്കയുമായുള്ള ചർച്ചകൾക്ക് തുർക്കിയ, ഒമാൻ രാജ്യങ്ങളെ വേദിയാക്കാൻ ഇറാൻ വിദേശകാര്യമന്ത്രാലയം ശ്രമിക്കുന്നതായി ‘തസ്നിം’ റിപ്പോർട്ട് ചെയ്തു.

അതേസമയം, തങ്ങൾക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഭീഷണികൾ അവസാനിപ്പിച്ചാൽ മാത്രമേ ആണവ ചർച്ചകൾക്കായി സന്നദ്ധമാവൂവെന്ന് ഇറാൻ ആവർത്തിച്ചു.

ചർച്ച ആണവ പദ്ധതിയിൽ കേന്ദ്രീകരിക്കണമെന്ന് ഇറാൻ ആവശ്യപ്പെടു​മ്പോൾ, മേഖലയിലെ വിവിധ സായുധ ഗ്രൂപ്പുകളുമായുള്ള ഇറാന്റെ ബന്ധവും ബാലിസ്റ്റിക് മിസൈൽ, പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളും ചർച്ചാ മേശയിലെത്തിക്കാനാണ് യു.എസ് നീക്കം.

അതിനിടെ, ഹോർമുസ് കടലിലുടക്കിൽ പ്രവേശിച്ച അമേരിക്കൻ പതാകയുള്ള കപ്പലുകൾക്കെതിരെ ഇറാൻ റെവല്യൂഷണറി ഗാർഡ് ഭീഷണി ഉയർത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് ആരോപിച്ചു. 

Tags:    
News Summary - US military says it shot down an Iranian drone in Arabian Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.