പീറ്റർ മണ്ടേൽസൻ
ലണ്ടൻ: ജയിലിൽ ജീവനൊടുക്കിയ കുപ്രസിദ്ധ യു.എസ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിൽ പരാമർശിക്കപ്പെട്ട ബ്രിട്ടനിലെ മുൻ മന്ത്രിയും ലേബർ പാർട്ടി നേതാവും മുൻ യു.എസ് അംബസാഡറുമായ പീറ്റർ മണ്ടേൽസനെതിരെ ബ്രിട്ടീഷ് പൊലീസ് അന്വേഷണം ആരംഭിച്ചു.
മണ്ടേൽസന് എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകൾ ഇതിനകംതന്നെ പുറത്തുവന്നിട്ടുണ്ട്. പുതുതായി പുറത്തുവന്ന രേഖകൾ പ്രകാരം, ഒന്നര പതിറ്റാണ്ടുമുമ്പ് മണ്ടേൽസൻ വിപണിയുമായി ബന്ധപ്പെട്ട അതിനിർണായക വിവരങ്ങൾ എപ്സ്റ്റീന് കൈമാറിയിട്ടുണ്ട്. പ്രാഥമിക വിവരമനുസരിച്ച്, മണ്ടേൽസൻ അധികാര ദുർവിനിയോഗം നടത്തിയിട്ടുണ്ടെന്ന് മനസ്സിലായതിനാലാണ് അന്വേഷണമെന്ന് ലണ്ടനിലെ മെട്രോപൊളിറ്റൻ പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞദിവസങ്ങളിലാണ് മണ്ടേൽസനെതിരെ ആരോപണമുയർന്നത്. തുടർന്ന്, ചൊവ്വാഴ്ച അദ്ദേഹം പാർലമെന്റിന്റെ പ്രഭു സഭയിൽനിന്ന് (ഹൗസ് ഓഫ് ലോർഡ്സ്) രാജിവെച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ ക്രിമിനൽ അന്വേഷണത്തിന് ഉത്തരവിട്ടത്. 2008ലാണ് അദ്ദേഹം പ്രഭുസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടത്.
2003-04 കാലത്തും 2009ലും എപ്സ്റ്റീനുമായി ബന്ധമുള്ള ആളുകൾ മണ്ടേൽസനും ഭാര്യക്കും പണമയച്ചതിന്റെ രേഖകളാണ് പുറത്തുവന്നത്. 2009ൽ, ബ്രിട്ടീഷ് സർക്കാറിന്റെ ബിസിനസ് സെക്രട്ടറിയായിരുന്നു മണ്ടേൽസൻ. ഈ കാലയളവിൽ എപ്സ്റ്റീന് അദ്ദേഹം ആനൂകൂല്യങ്ങൾ നേടിക്കൊടുത്തിട്ടുണ്ടാകാമെന്നാണ് അനുമാനം. ഇതടക്കമുള്ള വിഷയങ്ങളിലാണ് 72കാരനായ മണ്ടേൽസനെതിരെ അന്വേഷണമെന്ന് മെട്രോ പൊളിറ്റൻ പൊലീസ് കമാൻഡർ എല്ലാ മാരിയറ്റ് പറഞ്ഞു. അതിനിടെ, ലേബർ പാർട്ടിയിൽനിന്നും മണ്ടേൽസൻ രാജിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.