ലണ്ടൻ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇറാൻ അടച്ചുപൂട്ടിയ ഹുർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സംഘർഷം നിലനിൽക്കുന്ന ഈ സമുദ്രപാതയിൽ പൗരന്മാരെ നഷ്ടപ്പെട്ട ഏക രാജ്യം ഇന്ത്യയാണെന്ന് ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യൻ പ്രതിസന്ധി ചർച്ച ചെയ്യാൻ ബ്രിട്ടൻ വിളിച്ചുചേർത്ത അറുപതിലധികം രാജ്യങ്ങളുടെ ബഹുരാഷ്ട്ര യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
രാജ്യാന്തര സമുദ്രപാതകളിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ ഗതാഗതം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി യോഗത്തിൽ ഊന്നിപ്പറഞ്ഞു. നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ സംഘർഷത്തിന് പരിഹാരം കാണാൻ സാധിക്കൂ എന്ന ഇന്ത്യയുടെ ഔദ്യോഗിക നിലപാട് അദ്ദേഹം ആവർത്തിച്ചു. പശ്ചിമേഷ്യയിലെ അസ്ഥിരത ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ നേരിട്ട് ബാധിക്കുന്നതാണ്. ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയെ സംബന്ധിച്ച് ഈ പാത നിർണ്ണായകമാണ്.
കൂടാതെ ഗൾഫ് മേഖലയിൽ ചരക്ക് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ നാവികർ കൊല്ലപ്പെട്ട ഒരേയൊരു രാജ്യം ഇന്ത്യയാണ്. വിദേശ പതാകയുള്ള കപ്പലുകളിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യൻ നാവികർ ഇതിനോടകം കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. എംബസികൾ വഴി ഇവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. യുദ്ധസാഹചര്യത്തിൽ ഇതുവരെ എട്ട് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമാവുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ഇറാനിൽ കുടുങ്ങിയ 204 ഇന്ത്യൻ പൗരന്മാരെ അസർബൈജാൻ അതിർത്തി വഴി കരമാർഗ്ഗം സുരക്ഷിതമായി പുറത്തെത്തിച്ചു. ഇതിന് സഹായിച്ച അസർബൈജാൻ സർക്കാരിനോട് ഇന്ത്യ നന്ദി അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. ഷിപ്പിങ് മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും ഏകോപിതമായാണ് രക്ഷാപ്രവർത്തനങ്ങൾക്കും നിരീക്ഷണത്തിനുമായി പ്രവർത്തിക്കുന്നത്.
യു.കെ വിദേശകാര്യ സെക്രട്ടറി അവേറ്റ് കൂപ്പറിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേര്‍ത്തത്. ഹുര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കുക, കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നയതന്ത്രതലത്തിലും രാഷ്ട്രീയമായും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ കുറിച്ചാണ് യോഗം ചര്‍ച്ച ചെയ്തത്. അതേസമയം, യു.എസ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു.
യു.എസും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെ പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന് പിന്നാലെയാണ് അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിലും ഊര്‍ജവിതരണത്തിലും നിര്‍ണായകമായ ഹുര്‍മുസ് കടലിടുക്ക് അടച്ചത്. ആക്രമണം പൂര്‍ണമായി അവസാനിപ്പിച്ച് പിന്മാറിയാലല്ലാതെ ഹുര്‍മുസ് തുറക്കില്ലെന്ന് ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിൽ ഇന്ത്യക്ക് ഉറപ്പുമായി ഇറാൻ വീണ്ടും രംഗത്തുവന്നിട്ടുണ്ട്. തങ്ങളുടെ സുഹൃദ്‌രാജ്യമായ ഇന്ത്യക്ക് ആശങ്ക വേണ്ടെന്നും ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമാണെന്നുമാണ് ഇന്ത്യയിലെ ഇറാൻ എംബസി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.