‘ആണവായുധ പരീക്ഷണം ആദ്യം നടത്തിയത് ഞങ്ങളല്ല, ആദ്യമായി പുനഃരാരംഭിക്കുന്നതും ഞങ്ങളാവില്ല,’ ട്രംപിന് മറുപടിയുമായി പാകിസ്താൻ

ഇസ്‍ലാമബാദ്: ആണവായുധ പരീക്ഷണം പുനഃരാരംഭിച്ചുവെന്ന ട്രംപിന്റെ പരാമർശത്തിൽ പ്രതികരണവുമായി പാകിസ്താൻ. ആദ്യമായി ആണവ പരീക്ഷണം നടത്തിയ രാജ്യമല്ല പാകിസ്താനെന്നും പുനഃരാരംഭിക്കുന്ന ആദ്യരാജ്യമാവുകയില്ലെന്നും മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥൻ പറഞ്ഞു.

‘ആദ്യമായി ആണവായുധം പരീക്ഷിച്ച രാജ്യം പാകിസ്താനല്ല, അത് ആദ്യമായി പുനഃരാരംഭിക്കുന്നതും പാകിസ്താനാവില്ല,’ അന്താരാഷ്ട്ര മാധ്യമമായ സി.ബി.എസിന് നൽകിയ മറുപടിയിൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ട്രംപ് പറഞ്ഞത്

റഷ്യ, ചൈന, ഉത്തരകൊറിയ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ രഹസ്യ ഭൂഗർഭ കേന്ദ്രങ്ങളിൽ ആണവ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും അമേരിക്കയും അത് പിന്തുടരുമെന്നുമായിരുന്നു ഡോണൾഡ് ട്രംപി​ന്റെ പരാമർശം.

‘റഷ്യ പരീക്ഷിക്കുന്നുണ്ട്, ചൈനയും പരീക്ഷിക്കുന്നുണ്ട്, പക്ഷേ അവർ ​അതേക്കുറിച്ച് സംസാരിക്കില്ല’ ട്രംപ് സി.ബി.എസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പരീക്ഷണം നടത്താത്ത ഒരേയൊരു രാജ്യമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ട്രംപ് ഉത്തരകൊറിയയും പാകിസ്താനും അവരുടെ ആണവായുധങ്ങൾ പരീക്ഷിക്കുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു.

സൈനിക ആവശ്യങ്ങൾക്കോ ​​സിവിലിയൻ ആവശ്യങ്ങൾക്കോ ​​വേണ്ടിയുള്ള എല്ല ആണവ പരീക്ഷണ സ്ഫോടനങ്ങളും നിരോധിക്കുന്ന സമഗ്ര പരീക്ഷണ നിരോധന ഉടമ്പടിയിൽ (സി.ടി.ബി.ടി) 1996ലാണ് അമേരിക്ക ഒപ്പുവെച്ചത്. 1992 ലാണ് രാജ്യം അവസാനമായി ആണവ സ്ഫോടനം നടത്തിയത്.

ഉത്തരകൊറിയ ഒഴികെ മറ്റൊരു രാജ്യവും ഏതാനും പതിറ്റാണ്ടുകളായി ആണവ സ്ഫോടനം നടത്തിയതായി അറിയില്ല. 1990 മുതൽ റഷ്യയും 1996 മുതൽ ചൈനയും ഇത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടില്ല. അടുത്തിടെയായി ആണവായുധങ്ങൾ ഉപയോഗിച്ചുള്ള പ്രതിരോധ സംവിധാനങ്ങൾക്കായി റഷ്യ പരീക്ഷണങ്ങൾ ശക്തമാക്കിയിരുന്നു. എന്നാൽ, ആണവ വിസ്ഫോടനങ്ങൾ പുനഃരാരംഭിക്കേണ്ടതില്ലെന്ന മുൻ നിലപാടിൽ റഷ്യ തുടരുകയാണെന്ന് അധികൃതർ​ വെളിപ്പെടുത്തിയിരുന്നു.

1998-ലാണ് പാകിസ്ഥാൻ അവസാനമായി ആണവ സ്ഫോടന പരീക്ഷണം നടത്തിയത്. അന്താരാഷ്ട്ര സി.ടി.ബി.ടിയിൽ ഒപ്പുവച്ചിട്ടില്ലെങ്കിലും, ഇതിനുശേഷം, ‘ആണവ പരീക്ഷണത്തിന് ഏകപക്ഷീയമായ മൊറട്ടോറിയം’ പാലിക്കുന്നുണ്ടെന്നാണ് ഇസ്‍ലാമാബാദിന്റെ നിലപാട്.

Tags:    
News Summary - We Werent The First Nor...: Pak Responds To Trumps Claim On Testing Nukes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.