വിമാനത്തിനകത്ത് പാമ്പ്, എയർഏഷ്യ വിമാനം വഴിതിരിച്ചുവിട്ടു; വീഡിയോ കാണാം

വിമാനത്തിനകത്ത് പാമ്പ് കയറിയതിനെ തുടർന്ന് എയർഏഷ്യ വിമാനം വഴിതിരിച്ചുവിട്ടു. ക്വാലാലംപൂരിൽ നിന്ന് മലേഷ്യയിലെ തവാവിലേക്കുള്ള എയർ ഏഷ്യ വിമാനത്തിലാണ് പാമ്പിനെ കണ്ടെത്തിയതും തുടർന്ന് വിമാനം വഴിതിരിച്ച് വിടേണ്ടി വന്നതും.

വിമാനത്തിനകത്തെ ബാഗേജ് ഏരിയയിലൂടെ പാമ്പ് ഇഴഞ്ഞു നീങ്ങുന്ന ദൃശ്യങ്ങൾ വൈറലായി.

പാമ്പ് ഒന്നുകിൽ യാത്രക്കാരിൽ ആരുടേതെങ്കിലും ആകാനും അല്ലെങ്കിൽ പുറത്ത് നിന്ന് വിമാനത്തിനകത്തേക്ക് കയറിയതാകാനും സാധ്യതയുണ്ടെന്ന് പറയുന്നു.

വിമാനം വഴി തിരിച്ച് വിടുന്നത് വരെ പാമ്പ് വിമാനത്തിനകത്ത് തന്നെ തുടരുന്നതായും പൈലറ്റ് പങ്കുവെച്ച ദൃശ്യങ്ങളിൽ കാണാം.

എയർഏഷ്യയുടെ ചീഫ് സെക്യൂരിറ്റി ഓഫീസർ ലിയോങ് ടിയാൻ ലിംഗ് സംഭവം സ്ഥിരീകരിച്ചു.

ക്യാപ്റ്റനെ വിവരം അറിയിച്ചയുടൻ പാമ്പിനെ പുറത്തെടുക്കുന്നതിന് വേണ്ടി വിമാനം കുച്ചിംഗിലേക്ക് തിരിച്ചുവിട്ടതായും അദ്ദേഹം പറഞ്ഞു.

ഒരു ഘട്ടത്തിലും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ അപകടത്തിലായിരുന്നില്ലെന്നും ഇത് ഏതൊരു വിമാനത്തിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന വളരെ അപൂർവമായ കാര്യമാണെന്നും ചീഫ് സെക്യൂരിറ്റി ഓഫീസർ കൂട്ടിച്ചേർത്തു.


വിമാനം കുച്ചിംഗിലേക്ക് തിരിച്ചുവിട്ടതിന് ശേഷം, അതേ ദിവസം തന്നെ യാത്രക്കാരുമായുള്ള തവാവിലേക്കുള്ള യാത്ര വീണ്ടും പുനരാരംഭിക്കാൻ സാധിച്ചു.

"അയ്യോ! വിമാനത്തിനകത്ത് ഒരു പാമ്പ്!", പൈലറ്റ് ഹന മൊഹ്‌സിൻ ഖാൻ ഈ അടിക്കുറിപ്പോടെ ട്വിറ്ററിൽ പങ്കുവെച്ച ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 

Tags:    
News Summary - Watch: Passengers Spotted A Snake Inside An AirAsia Flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.