ഇസ്രായേൽ കാട്സ്, ഖാംനഈ
തെൽ അവീവ്: അടുത്തിടെ നടന്ന 12 ദിന യുദ്ധത്തിൽ അവസരം ലഭിച്ചിരുന്നെങ്കിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ ഇസ്രായേൽ വധിക്കുമായിരുന്നുവെന്ന് പ്രതിരോധമന്ത്രി ഇസ്രായേൽ കാട്സ്. ഖാംനഈയെ കൃത്യമായി നിരീക്ഷിച്ച് വധിക്കാനായിരുന്നു പദ്ധതി. എന്നാൽ അത്തരത്തിലൊരു ദൗത്യം നടപ്പാക്കാനുള്ള അവസരം ലഭിച്ചില്ല. ജീവന് ഭീഷണിയുണ്ടെന്ന് മനസ്സിലാക്കി ഖാംനഈ മാറിനിന്നെന്നും കാട്സ് കാൻ പബ്ലിക് ടെലിവിഷനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ഞങ്ങളുടെ നിരീക്ഷണ പരിധിയിൽ ഉണ്ടായിരുന്നെങ്കിൽ, ഖാംനഈയെ വധിക്കുമായിരുന്നു, ഞങ്ങൾ ഒരുപാട് തിരഞ്ഞു. ഖാംനഈ ഇത് മനസ്സിലാക്കി, ബങ്കറിനുള്ളിലേക്ക് പോയി, കമാൻഡർമാരുമായുള്ള ബന്ധം വിച്ഛേദിച്ചു. അതിനാൽ വധിക്കാനായില്ല” -കാട്സ് പറഞ്ഞു. ഇസ്രായേലി പ്രതിരോധ സേനയും (ഐ.ഡി.എഫ്) രഹസ്യാന്വേഷണ ഏജൻസികളും മുമ്പ് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതായി സ്ഥിരീകരിച്ചിരുന്നെങ്കിലും, ഉന്നതരെ വധിക്കാൻ പദ്ധതിയിട്ടെന്ന് ആദ്യമായാണ് സമ്മതിക്കുന്നത്.
അസോസിയേറ്റ് പ്രസ്സിന്‍റെ റിപ്പോർട്ട് പ്രകാരം ജൂൺ 13ന് ഇറാന്‍റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയതിനു ശേഷം ഖാംനഈ പൊതുമധ്യത്തിൽ വന്നിട്ടില്ല. ഇറാനിലെ റെവല്യൂഷനറി ഗാർഡിലെ നിരവധി കമാൻഡർമാരും ശാസ്ത്രജ്ഞരും ജൂൺ 13ലെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തിന്‍റെ തുടക്കത്തിൽ, ഖാംനഈയെ വധിക്കാൻ ഉദ്ദേശിക്കുന്നതായി ഇസ്രായേലും യു.എസും സൂചന നൽകിയിരുന്നു. യുദ്ധത്തിന്‍റെ അന്ത്യത്തിൽ ഇറാനിൽ ഭരണമാറ്റം കൊണ്ടുവരാനും നെതന്യാഹുവും ട്രംപും ലക്ഷ്യമിട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ചൊവ്വാഴ്ച യു.എസിന്‍റെ മധ്യസ്ഥതയിലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. വ്യാഴാഴ്ച വിഡിയോ സന്ദേശത്തിൽ ഖാംനഈ പ്രത്യക്ഷപ്പെട്ടിരുന്നു. ഇസ്രായേലിനെതിരെ വിജയം നേടിയെന്നും യു.എസിന്‍റെ ഇടപെടൽ നിഷ്ഫലമായെന്നും തക്ക മറുപടി നൽകിയെന്നും ഖാംനഈ പറഞ്ഞു. യുദ്ധത്തിലൂടെ യു.എസിന് ഒന്നും നേടാനായില്ലെന്നും ഖാംനഈ കൂട്ടിച്ചേർത്തു. എന്നാൽ ഖാംനഈയുടെ പ്രസ്താവന മുഖം രക്ഷിക്കാനുള്ള ശ്രമമാണെന്ന് യു.എസ് പറഞ്ഞു.
അതേസമയം, അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ചുകൊണ്ടുള്ള ബില്ലിന് ഇറാൻ അംഗീകാരം നൽകി. ആണവോർജ ഏജൻസിയിൽ നിന്ന് പിന്മാറാൻ നേരത്തെ ഇറാൻ തീരുമാനിച്ചിരുന്നു. ഇസ്രായേലുമായുള്ള വെടിനിർത്തലിന് പിന്നാലെ ഇറാനിൽ ജനജീവിതം സാധാരണ നിലയിലേക്ക് കടന്നു. സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തെ നേരിടുന്ന ഇറാന്റെ സായുധ സേനക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്ച രാത്രി തെഹ്റാനിൽ വൻ പ്രകടനവും പൊതുസമ്മേളനവും നടന്നു. ഇസ്രായേലി ആക്രമണങ്ങളെ ചെറുക്കുന്നതിനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനുമുള്ള സൈനിക നീക്കങ്ങൾക്ക് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.