യുദ്ധമുഖത്ത് ആയുധം ലഭിക്കാതെ പുടിന്‍റെ 'കൂലിപ്പട്ടാളം'; വാഗ്നർ ഗ്രൂപ്പും ക്രെംലിനും തമ്മിൽ ഉരസലുകളെന്ന് റിപ്പോർട്ട്

കിയവ്: റഷ്യക്ക് വേണ്ടി യുദ്ധമുഖത്തിറങ്ങിയ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പും റഷ്യൻ അധികൃതരും തമ്മിൽ ഉരസലുകളെന്ന് റിപ്പോർട്ട്. ഇതേത്തുടർന്ന് യുക്രെയ്നിലെ ബാഖ്മുത്തിൽ പോരാട്ടത്തിലുള്ള വാഗ്നർ സംഘാംഗങ്ങൾ ആവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും ലഭിക്കാതെ പ്രതിസന്ധിയിലാണ്. റഷ്യ വാഗ്ദാനം ചെയ്ത ആയുധങ്ങൾ ഇനിയും ലഭിച്ചില്ലെന്ന് വാഗ്നർ മേധാവി പറയുന്നു.

ബാഖ്മുത്ത് പിടിച്ചെടുക്കാനായി നീങ്ങിയ റഷ്യൻ സൈന്യത്തിന്‍റെ 155ാം ബ്രിഗേഡ് കനത്ത തിരിച്ചടിയേറ്റതിനെ തുടർന്ന് പ്രതിരോധത്തിലാണെന്ന് യുക്രെയ്ൻ സൈന്യം പറയുന്നു. യുദ്ധത്തിൽ റഷ്യൻ സൈന്യത്തെ സഹായിക്കാനാണ് വാഗ്നർ ഗ്രൂപ്പിനെ രംഗത്തിറക്കിയിരുന്നത്. അതേസമയം, സെപോറിഷ്യ മേഖലയിൽ യുക്രെയ്ൻ അസോവ് റെജിമെന്‍റ് തങ്ങൾ ആക്രമിച്ചതായി റഷ്യൻ സൈന്യം അവകാശപ്പെട്ടു. ഇതിന്‍റെ വിശദാംശങ്ങൾ നൽകിയിട്ടില്ല.

റഷ്യ വാഗ്ദാനം ചെയ്ത കൂടുതൽ ആയുധങ്ങൾ ലഭിച്ചില്ലെങ്കിൽ ബാഖ്മുത്തിൽ യുദ്ധമുഖത്തുള്ള സൈന്യം വീഴുമെന്ന് വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ജീനി പ്രിഗോസിൻ പറഞ്ഞു. ആ‍യുധങ്ങൾ ലഭിക്കാനുള്ള കാരണം ഞങ്ങൾ പരിശോധിക്കുകയാണ്. ഉദ്യോഗസ്ഥതലത്തിലുള്ള വൈകലാണോ അതോ വഞ്ചനയാണോ എന്നാണ് പരിശോധിക്കുന്നത് -വാഗ്നർ തലവൻ ടെലഗ്രാം ചാനലിലൂടെ വ്യക്തമാക്കി.

പുടിന്‍റെ അടുത്ത സംഘമാണെങ്കിലും വാഗ്നർ തലവനും റഷ്യൻ ഉന്നത സൈനിക മേധാവികളും തമ്മിൽ കടുത്ത ഉരസലാണ് നിലനിൽക്കുന്നത്. പ്രതിരോധ മന്ത്രി സെർജി ഷോയ്ഗുവും മറ്റുള്ളവരും ആയുധങ്ങൾ തടഞ്ഞുകൊണ്ട് രാജ്യദ്രോഹമാണ് ചെയ്യുന്നതെന്ന് യെവ്ജീനി പ്രിഗോസിൻ പറഞ്ഞിരുന്നു.

യുദ്ധം പരാജയപ്പെടുകയാണെങ്കിൽ തന്‍റെയാളുകളെ റഷ്യൻ സൈന്യം ബലിയാടാക്കാനാണോ ഉദ്ദേശിക്കുന്നതെന്ന് ടെലഗ്രാം ചാനലിൽ പുറത്തുവിട്ട വിഡിയോയിൽ വാഗ്നർ തലവൻ ചോദിക്കുന്നു. ബാഖ്മുത്തിൽ നിന്ന് വാഗ്നർ സേന ഇപ്പോൾ പിന്മാറുകയാണെങ്കിൽ റഷ്യൻ മുന്നേറ്റമാകെ തകരും. അത് റഷ്യക്ക് അത്ര നല്ലതാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

റഷ്യൻ പ്രസിഡന്‍റിന്‍റെ സ്വകാര്യ സൈന്യമെന്നാണ് വാഗ്നർ സംഘത്തെ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. സായുധ സംഘടനയായ വാഗ്നർ ഗ്രൂപ്പ് റഷ്യൻ സേനകളിൽ ഒന്നിന്റെയും ഭാഗമല്ല. എന്നാൽ യുക്രെയ്ൻ യുദ്ധത്തിൽ ഇവരുടെ സജീവ സാന്നിധ്യമുള്ളതായി നേരത്തെ മുതൽ ആരോപണമുണ്ട്. സിറിയയിൽ നിന്നും ലിബിയയിൽ നിന്നും നൂറുകണക്കിനു കൂലിപ്പടയാളികളെ ഇവർ യുക്രെയ്നിലെത്തിച്ചെന്നാണു വിവരം. യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്‌കിയെ വധിക്കാനായി ചുമതലപ്പെടുത്തി വാഗ്നര്‍ ഗ്രൂപ്പിലെ 400 ഓളം പോരാളികളെയാണ് റഷ്യ കിയവിലേക്ക് അയച്ചതെന്നാണ് റിപ്പോർട്ടുകൾ.

2014ലാണ് വാഗ്നര്‍ ഗ്രൂപ്പ് എന്ന സ്വകാര്യ സൈനിക സുരക്ഷാ കമ്പനി രൂപീകൃതമാവുന്നത്. 2017 ലെ ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം 6000 പോരാളികള്‍ വാഗ്നര്‍ ഗ്രൂപ്പിലുണ്ട്. സ്വകാര്യ കമ്പനിയാണെങ്കിലും റഷ്യന്‍ സര്‍ക്കാരുമായി വാഗ്നര്‍ ഗ്രൂപ്പിന് അടുത്ത ബന്ധമാണുള്ളത്. 

Tags:    
News Summary - Wagner chief says Russian position at Bakhmut at risk without promised ammunition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.