ഇസ്താംബുൾ: കരിങ്കടലിൽ റഷ്യൻ രഹസ്യക്കപ്പലുകളുടെ കൂട്ടത്തിലുള്ള ഓയിൽ ടാങ്കറിന് ഡ്രോണാക്രണത്തിൽ തീപിടിച്ചെന്ന് തുർക്കിയ അറിയിച്ചു. ശനിയാഴ്ച രാവിലെ തുർക്കിയ തീരത്തിനു സമീപം ‘വിരാട്’ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇതേ കപ്പലിനു നേരെ വെള്ളിയാഴ്ച രാത്രിയും ആക്രമണം നടന്നിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദികളെ കണ്ടെത്താനായിട്ടില്ല.
ആക്രമണത്തിനു പിന്നിൽ യുക്രെയ്നാണെന്ന് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. യുക്രെയ്ൻ നാവിക സേനയും അവരുടെ സുരക്ഷാ ഏജൻസിയായ എസ്.ബി.യുവും സംയുക്തമായി നടത്തിയ ആക്രമണമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റഷ്യയുമായുള്ള സംഘർഷത്തിൽനിന്ന് പിന്മാറാനുള്ള സമാധാന കരാറിൽ ഒപ്പുവെക്കാൻ യുക്രെയ്നുമേൽ യു.എസ് സമ്മർദം ചെലുത്തുന്നതിനിടെയാണ് എ.എഫ്.പി റിപ്പോർട്ട് പുറത്തുവന്നത്. ആക്രമണം റഷ്യയുടെ എണ്ണ വ്യാപാരത്തിന് തിരിച്ചടിയാകാനുള്ള സാധ്യതയും അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കരിങ്കടലിൽ സ്ഫോടനത്തെ തുടർന്ന് കത്തിയ മറ്റൊരു റഷ്യൻ ടാങ്കറിലും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും തുർക്കിയ അറിയിച്ചു. 274 മീറ്റർ നീളമുള്ള കൈറോസ് എന്ന കപ്പലാണ് കത്തിയത്. കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു. റഷ്യയുടെ നൊവൊറോസ്സിയസ്ക് തുറമുഖം ലക്ഷ്യമിട്ട് സഞ്ചരിച്ച കപ്പലിലാണ് തീ പിടിച്ചത്. റഷ്യയുടെ 2022ലെ യുക്രെൻ അധിനിവേശത്തെ തുടർന്ന് യു.എസ് ഉപരോധമേർപ്പെടുത്തിയ കപ്പലുകൾക്കാണ് തീപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.