തെഹ്‌റാൻ: സമുദ്രനിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഹുർമുസ് കടലിടുക്കിൽ ചരക്ക് കപ്പലുകൾക്ക് നേരെ ഇറാൻ സായുധ സേന വെടിയുതിർത്തു. ഇറാന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ കപ്പലിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) റിപ്പോർട്ട് ചെയ്തു.
ഒമാൻ തീരത്തിന് സമീപം പനാമ ഫ്ലാഗ് ചെയ്ത 'എം.എസ്.സി ഫ്രാൻസെസ്ക' (MSC Francesca) എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. വെടിവെപ്പിൽ കപ്പലിന്റെ മുൻഭാഗത്തിന് (Bridge) ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. ഹുർമുസ് കടലിടുക്കിൽ സംഘർഷം പുകയുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രത്യാക്രമണം ഉണ്ടായിരിക്കുന്നത്.
കപ്പൽ ഇറാന്റെ സമുദ്രാതിർത്തി ലംഘിച്ചുവെന്നും നാവികസേന നൽകിയ നിർദേശങ്ങൾ പാലിക്കാൻ തയ്യാറായില്ലെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ തീരത്തുനിന്ന് 15 കിലോമീറ്റർ അകലെ വെച്ചാണ് കപ്പലിന് നേരെ വെടിവെപ്പുണ്ടായത്.
കപ്പലിന് നാശനഷ്ടങ്ങൾ സംഭവിച്ചുവെങ്കിലും ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മേഖലയിൽ അമേരിക്കൻ നാവിക ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ ഈ നീക്കം ആഗോള കപ്പൽ ഗതാഗതത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഇറാൻ വ വ്യക്തമാക്കിയിട്ടുണ്ട്.
പാകിസ്താനിൽ വെച്ച് നടക്കേണ്ട ഇറാൻ - അമേരിക്ക സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലാണ്. ഹുർമുസിൽ അമേരിക്കൻ നാവിക സേന ഏർപ്പെടുത്തിയ ഉപരോധവും ഇറാന്റെ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തതുമാണ് സാഹചര്യങ്ങൾ വഷളാവാൻ കാരണം. നിലവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വെടിനിർത്തൽ നീട്ടിയിട്ടുണ്ടെങ്കിലും ഉപരോധം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.