ജനറിക് മരുന്നുകൾക്ക് 200 ശതമാനം വരെ തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്; നീക്കം ഇന്ത്യൻ കമ്പനികളെ ബാധിച്ചേക്കാം

വാഷിങ്ടൺ: ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് ഘട്ടം ഘട്ടമായുള്ള താരിഫ് വ്യവസ്ഥ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. രണ്ട് വർഷത്തേക്ക് അമേരിക്കയിൽ തീരുവ രഹിതമായി എത്തിക്കുന്നത് തുടരുമെന്നും തുടർന്ന് മരുന്ന് നിർമാണം രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നത് ലക്ഷ്യമിട്ട് താരിഫ് കുത്തനെ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കമ്പനികളെ ആഭ്യന്തരമായി ജനറിക് മരുന്നുകൾ നിർമിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് നീക്കത്തിന്‍റെ ഉദ്ദേശമെന്ന് ട്രംപ് പറഞ്ഞു. 2026 ആഗസ്റ്റ് ഒന്ന് മുതൽ അമേരിക്കയിലേക്ക് കൊണ്ടുവരുന്ന എല്ലാ ജനറിക് മരുന്നുകൾക്കും രണ്ട് വർഷത്തേക്ക് താരിഫ് പൂജ്യം ശതമാനമായി തുടരും. ശേഷം താരിഫ് 100 ശതമാനമായും പിന്നീട് 200 ശതമാനമായും ഉയർത്തും. അമേരിക്കയിൽ ജനറിക് മരുന്ന് ഉൽപാദനം സജീവമാക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്.

നിശ്ചിത സമയത്തിനുള്ളിൽ പ്ലാന്‍റും ഉപകരണങ്ങളും നിർമിക്കാൻ തയാറാകാത്ത കമ്പനികൾക്ക് പിഴ ചുമത്തുമെന്നും അമേരിക്കൻ ജനതയെ സംരക്ഷിക്കുക എന്നതാണ് ഈ നയത്തിന്‍റെ ലക്ഷ്യമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. പേറ്റന്റ് ഉള്ളതും ബ്രാൻഡഡ് ആയതുമായ മരുന്നുകളുടെ നയം മാറ്റമില്ലാതെ തുടരുമെന്നും അത് വിജയകരമാണെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കയിലുടനീളം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള മരുന്ന് നിർമാണ യൂണിറ്റുകൾ വൻ തോതിൽ നിർമിക്കപ്പെടുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ട്രംപിന്റെ ‘ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രം’ എന്ന പേരിലറിയപ്പെടുന്ന വിലനിർണയ നയത്തിലൂടെ ആഭ്യന്തര മരുന്ന് നിർമാണം വർധിപ്പിക്കാനും മരുന്ന് വില കുറക്കാനുമുള്ള ശ്രമത്തെ തുടർന്നാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം, കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന മരുന്നുകളെ താരിഫിൽ നിന്ന് ഒഴിവാക്കാനുള്ള കരാറുകളിൽ പ്രമുഖ മരുന്നു നിർമാതാക്കൾ യു.എസ് ഭരണകൂടവുമായി എത്തിച്ചേർന്നിരുന്നു. അതേസമയം, നിർമാതാക്കൾ വിലനിർണയ കരാറുകൾക്ക് തയാറാകുകയോ അമേരിക്കയിൽ ഉൽപ്പാദിപ്പിക്കാൻ തയാറാവുകയോ ചെയ്യാത്ത പക്ഷം ഇറക്കുമതി ചെയ്യുന്ന ബ്രാൻഡഡ് മരുന്നുകളുടെ മേലും ട്രംപ് താരിഫ് ചുമത്തിയിരുന്നു. ജനറിക് മരുന്നുകൾ ഏറ്റവും കൂടുതൽ കയറ്റിയയക്കുന്ന ഇന്ത്യയെ ട്രംപിന്‍റെ ഈ തീരുമാനം ബാധിക്കാൻ സാധ്യതയുണ്ട്.

Tags:    
News Summary - Trump Plans 200% Tariff on Generic Drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.