(ഫയൽ ചിത്രം)

യു.എസ്-ഇറാൻ സംഘർഷം തുടരുന്നു; മധ്യസ്ഥ ശ്രമങ്ങൾ സജീവമാക്കി ഖത്തറും പാകിസ്താനും, ഇറാനിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കി

തെഹ്റാൻ: ഹുർമുസിലെ ഇറാന്‍റെ നീക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി, ഇറാനുമേൽ തുടർച്ചയായ പതിനൊന്നാം ദിവസവും വ്യോമാക്രമണം പൂർത്തിയാക്കിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനിലെ സൈനിക ഓപ്പറേഷൻ കേന്ദ്രങ്ങൾ, നാവിക സംവിധാനങ്ങൾ, വിമാന ഹാംഗറുകൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് യു.എസ് സേന ലക്ഷ്യമിട്ടത്.

തലസ്ഥാനമായ തെഹ്‌റാനിൽ കനത്ത സ്ഫോടന ശബ്ദങ്ങൾ കേട്ടതായും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിലെ ബുശെർ, സിരിക് എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ ഉണ്ടായതായി തസ്നിം, ഫാർസ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഖുസെസ്താൻ പ്രവിശ്യയിലെ ബെഹ്ബഹാൻ, ഉമിദിയേഹ് നഗരങ്ങൾക്ക് സമീപവും യു.എസ് മിസൈൽ ആക്രമണമുണ്ടായതായി ഡെപ്യൂട്ടി ഗവർണർ അറിയിച്ചു.

വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രിസ് നഗരപ്രാന്തത്തിലുള്ള ഒരു സൈനിക കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായി. പ്രാദേശിക സമയം പുലർച്ചെ 2:40ഓടെയാണ് നഗരത്തിന് സമീപമുള്ള സൈനിക മേഖലയിൽ സ്ഫോടനമുണ്ടായത്. അതേസമയം നഗരത്തിനുള്ളിൽ ആക്രമണങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സമീപകാല ആക്രമണങ്ങൾ കൂടുതലും തെക്കൻ ഇറാനിലും ഹുർമുസ് കടലിടുക്ക് മേഖലയിലുമായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ തെഹ്‌റാനിലും തബ്രിസിലുമുള്ള ആക്രമണങ്ങൾ ഈ രീതിയിൽ നിന്നുള്ള മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

അതേസമയം, ഇറാൻറെ ഡ്രോൺ ആക്രമണത്തെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വഴി തടഞ്ഞതായി കുവൈത്ത് സൈന്യം അറിയിച്ചു. ഈ മാസം യു.എസ് ആക്രമണങ്ങൾ പുനരാരംഭിച്ചതുമുതൽ കുവൈത്ത്, ബഹ്റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ ​അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

ഇതിനിടയിൽ, ‘പിക്കേക്സ് മൗണ്ടൈൻ' എന്ന ഇറാനിയൻ ആണവ കേന്ദ്രത്തിന് മേൽ പെട്ടെന്നുതന്നെ കനത്ത ആക്രമണം നടത്താൻ പദ്ധതിയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ അമേരിക്ക ആണവ കേന്ദ്രങ്ങളെ ആക്രമിച്ചാൽ മേഖലയിൽ പ്രത്യാക്രമണങ്ങൾ വ്യാപിപ്പിക്കുമെന്ന് ഇറാന്‍റെ ഖത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് മുന്നറിയിപ്പ് നൽകി.

അക്രമങ്ങൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ശത്രുത അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ മധ്യസ്ഥർ വഴി ശക്തമാക്കിയിട്ടുണ്ട്. ഇറാൻ ആഭ്യന്തര മന്ത്രി ഇസ്കന്ദർ മുമെനി ഇസ്‍ലാമാബാദിൽ പാകിസ്താൻ ആർമി ചീഫ് അസിം മുനീർ ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മേഖലയിലെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനായി നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ച് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി, സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി എന്നിവരുമായി ഫോണിൽ ചർച്ച നടത്തി.

ജൂൺ 17ലെ യു.എസ്-ഇറാൻ ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കാനും നയതന്ത്ര മാർഗ്ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കാനും എല്ലാ കക്ഷികളും തയാറാകണമെന്ന് ശൈഖ് മുഹമ്മദ് ഓർമിപ്പിച്ചു. സുപ്രധാനമായ ഹുർമുസ് കടലിടുക്കിന്‍റെ നിയന്ത്രണത്തിനായി യു.എസും ഇറാനും തമ്മിലുള്ള മത്സരം തുടരുകയാണ്.

കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ അന്താരാഷ്ട്ര ജലപാതയിലൂടെ സഞ്ചരിച്ച 30ലധികം വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതായി സെന്റ്കോം വ്യക്തമാക്കി. എന്നിരുന്നാലും, കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമായി തുടരുന്നുണ്ടെന്നും മെയ് മാസം മുതൽ ഏകദേശം 900 വാണിജ്യ കപ്പലുകളുടെയും 450 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലിന്റെയും സുരക്ഷിത സഞ്ചാരത്തിന് യു.എസ് സേന സഹായം നൽകിയിട്ടുണ്ടെന്നും സെന്റ്കോം അവകാശപ്പെട്ടു. 

Tags:    
News Summary - US attacks Iran for 11th consecutive night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.