‘ട്രംപിന്റെ പ്രഖ്യാപനം കൊളോണിയൽ ഭീഷണി,’ വ്യോമാതിർത്തി അടച്ചതിനെ തള്ളി വെനസ്വേല

കാരക്കാസ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ തള്ളി വെനസ്വേല. ട്രംപിന്റേത് കൊളോണിയൽ ഭീഷണിയാണെന്ന് വെനസ്വേലയുടെ വിദേശകാര്യമന്ത്രാലയം ഔദ്യോഗിക ​പ്രസ്താവനയിൽ പറഞ്ഞു.

‘വെനിസ്വേലയുടെ വ്യോമമേഖലയിലെ പരമാധികാരത്തെ ഭീഷണിപ്പെടുത്തുന്ന കൊളോണിയൽ ഭീഷണിയെ തള്ളുന്നു. വെനിസ്വേലൻ ജനതക്കെതിരെ നടക്കുന്ന അതിരുകടന്നതും നിയമവിരുദ്ധവും നീതീകരിക്കപ്പെടാത്തതുമായ മറ്റൊരു കടന്നാക്രമണമായി കണക്കാക്കി അപലപിക്കുന്നു,’- മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ശനിയാഴ്ച രാവിലെ വെനസ്വേലയുടെ വ്യോമാതിർത്തി അടച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ‘മയക്കുമരുന്ന് വ്യാപാരികളേ, മനുഷ്യക്കടത്തുകാരേ, വിമാനക്കമ്പനികളേ, പൈലറ്റുമാരേ ദയവായി വെനിസ്വേലക്ക് ചുറ്റുമുള്ളതും മുകളിലുള്ളതുമായ വ്യോമമേഖല പൂർണമായും അടച്ചതായി കണക്കാക്കുക,’- ട്രൂത് സോഷ്യലിലെ കുറിപ്പിൽ ഡോണൾഡ് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിൽ ഭിന്നത രൂക്ഷമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.

നവംബർ ആദ്യവാരം വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെ, മുതിർന്ന യു.എസ് ഉദ്യോഗസ്ഥരും മഡൂറോക്കും ​വെനസ്വേലൻ സർക്കാരിനുമെതിരെ കടുത്ത പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു.

ലഹരി സംഘങ്ങൾക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് വെനസ്വേലയെ ലക്ഷ്യമിടുന്നതെന്നാണ് ട്രംപ് സർക്കാറിന്റെ വിശദീകരണം. അതേസമയം, മഡുറോ സർക്കാറിനെ അട്ടിമറിക്കാൻ നിയമവിരുദ്ധമായ നീക്കങ്ങൾക്ക് വാഷിങ്ടൺ കോപ്പുകൂട്ടുകയാണെന്ന് ചൂണ്ടി മനുഷ്യാവകാശ പ്രവർത്തകരടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.

വർധിച്ച സൈനീക വിന്യാസവും സംഘർഷ ഭരിതമായ സാഹചര്യവും ചൂണ്ടിക്കാട്ടി വെനസ്വേലയുടെ വ്യോമമേഖല ഉപയോഗിക്കുന്നതിനെതിരെ യു.എസ് ഫെഡറൽ ഏവിയേഷൻ കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ, തെക്കേ അമേരിക്കയിലേക്ക് സർവീസ് നടത്തുന്ന പ്രധാനപ്പെട്ട ആറ് വിമാനക്കമ്പനികൾ ഇതുവഴിയുള്ള സർവീസ് നിറുത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ, യു.എസിന്റെ നേതൃത്വത്തിൽ നടത്തുന്ന കടന്നുകയറ്റത്തെയും ഭീകരപ്രവർത്തനങ്ങളെയും പിന്തുണക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്പനികളുടെ പ്രവർത്തനാനുമതി​ വെനസ്വേലയും റദ്ദു​ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ച ലോകത്തിലെ വലിയ യുദ്ധക്കപ്പലുകളിലൊന്നായ സി.വി.എൻ-78നെ യു.എസ് കരീബിയൻ കടലിൽ വിന്യസിച്ചിരുന്നു. അത്യാധുനിക യുദ്ധവിമാനങ്ങളെ വഹിക്കാൻ ശേഷിയുള്ളതാണ് ഈ യുദ്ധക്കപ്പൽ. ഇതിനിടെ, ലഹരിക്കടത്ത് ആരോപിച്ച് വെനസ്വേലയുമായി ബന്ധമുള്ള കപ്പലുകളിൽ യു.എസ്, ബോംബിങ് ശക്തമാക്കിയിട്ടുണ്ട്. വിവിധ സംഭവങ്ങളിലായി 12ലധികം ആളുകൾ മരിച്ച ആക്രമണത്തെ ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥർ ‘കൊലപാതകം’ എന്നാണ് വിശേഷിപ്പിച്ചത്.

വെനസ്വേല​യിലെ ലഹരിക്കടത്തുകാർക്കെതിരെ കരമാർഗം നടപടി കടുപ്പിക്കാനൊരുങ്ങുകയാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനമെത്തുന്നതെന്നും ശ്ര​ദ്ധേയമാണ്. അതേസമയം, വെനി​സ്വേല ഭയക്കില്ലെന്നും ഭയപ്പെടുത്താനാവില്ലെന്നുമായിരുന്നു വ്യാഴാഴ്ച ദേശീയ മാധ്യമത്തിൽ നടത്തിയ പ്രഭാഷണത്തിൽ മഡുറോയുടെ മറുപടി.

അമേരിക്ക വെനസ്വേലയിലെ അനധികൃത ഇടപെടലുകൾക്ക് എതിരെ ‘കാരണങ്ങളും നുണകളും’ കണ്ടെത്തുകയാണെന്നും മഡുറോ പറഞ്ഞു. ‘കാർട്ടൽ ദേ ലോസ് സോൾസ്’ എന്ന ലഹരിക്കടത്ത് സംഘവുമായി മഡൂറോക്ക് അടുത്ത ബന്ധമുണ്ടെന്ന് യു.എസ് ഈ വാരം ആദ്യം ആരോപിച്ചിരുന്നു. സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു യു.എസ് ​ആരോപണം. അതേസമയം, ‘കാർട്ടൽ ദേ ലോസ് സോൾസ്’ എന്ന സംഘമില്ലെന്നും ഇത് വെനസ്വേലയിൽ ലഹരിവിറ്റ് ധനികരായ ഉന്നത സൈനീകോദ്യോഗസ്ഥരെ വിശേഷിപ്പിക്കാൻ ഉ​പയോഗിക്കുന്ന പ്രയോഗമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

അതേസമയം, അന്താരാഷ്ട്ര തലത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ മഞ്ഞുരുക്കത്തിന്റെ സൂചനകൾ നൽകുന്ന റിപ്പോർട്ടുകളും പുറത്തുവരുന്നതുണ്ട്. മഡുറോയുമായി ട്രംപ് ഫോണിൽ സംസാരിച്ചതായും യു.എസിൽ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയടക്കം ചർച്ച ചെയ്തതായും വെള്ളിയാഴ്ച ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ​ചെയ്തിരുന്നു.

Tags:    
News Summary - Venezuela denounces Trumps airspace remarks as colonialist threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.