ബോംബിങ്ങിനിടയിലും ​പതറാതെ വാർത്ത വായിച്ച ഇറാനിയൻ അവതാരക സഹർ ഇമാമിക്ക് വെനിസ്വേലൻ മാധ്യമ പുരസ്കാരം

തെഹ്റാൻ: ഇസ്‍ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് ന്യൂസ് സ്റ്റുഡിയോക്കു നേരെ ഇസ്രായേൽ ഭരണകൂടം നടത്തിയ ആക്രമണത്തിനിടയിലും സധൈര്യം ജോലിയിൽ തുടർന്ന ഇറാനിയൻ വാർത്താ അവതാരക സഹർ ഇമാമിക്ക് 2025ലെ വെനിസ്വേലൻ സൈമൺ ബൊളിവർ ദേശീയ മാധ്യമ പുരസ്കാരം.

വെനിസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ ശനിയാഴ്ച നടന്ന ദേശീയ പത്രപ്രവർത്തക ദിന ചടങ്ങിൽ ഇമാമിക്കും കൊല്ലപ്പെട്ട സഹപ്രവർത്തകർക്കും വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോ അഭിമാനകരമായ പുരസ്‌കാരം സമ്മാനിച്ചു. ആക്രമണ സമയത്ത് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകരുടെ ധൈര്യത്തെയും പ്രൊഫഷണലിസത്തെയും അദ്ദേഹം പ്രശംസിച്ചു.

‘ഇറാൻ ജനത വീരോചിതമായി ചെറുത്തുനിൽക്കുന്ന ഈ ഘട്ടത്തിൽ സത്യം വെളിപ്പെടുത്തിയ ധീരമായ പ്രവർത്തനത്തിന് ഇറാനിയൻ വനിത സഹർ ഇമാനിയുടെയും അവരുടെ സഹപ്രവർത്തകരായ നിമ രജബ്ബൂറിന്റെയും മസൂമെ അസിമിയുടെയും ധൈര്യത്തെ അംഗീകരിക്കാനുള്ള മാനവികതയുടെ ഏകകണ്ഠമായ വികാരമാണ് ഈ പുരസ്കാരം പ്രതിനിധാനം ചെയ്യുന്നതെന്ന് മദൂറോ പറഞ്ഞു.

ഇറാനിൽ ഇസ്രായേൽ ഭരണകൂടവും അമേരിക്കയും നടത്തിയ ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. ഇറാനിയൻ ജനതയുടെയും നേതൃത്വത്തിന്റെയും സർക്കാറിന്റെയും സായുധ സേനയുടെയും അചഞ്ചലതയെയും അദ്ദേഹം പ്രശംസിച്ചു.

ഇമാമിയുടെയും ആക്രമണത്തിൽ രക്തസാക്ഷികളായവരുടെ കുടുംബങ്ങളുടെയും പേരിൽ വെനിസ്വേലയിലെ ഇറാൻ അംബാസഡർ അലി ചെഗിനി പ്രത്യേക പുരസ്കാരം ഏറ്റുവാങ്ങി.

ജൂൺ 16ന്, തത്സമയ വാർത്താ സംപ്രേഷണം നടക്കുന്നതിനിടെ ഇസ്രായേൽ ഭരണകൂടം ​ഐ.ആർ.ഐ.ബിയുടെ വാർത്താ വിഭാഗം സ്ഥിതി ചെയ്യുന്ന കേന്ദ്ര കെട്ടിടം ആക്രമിച്ചു. ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ഐ.ആർ.ഐ.ബിയുടെ വാർത്താ ഡയറക്ടറും രാഷ്ട്രീയകാര്യ ഡെപ്യൂട്ടിയുമായ ഹസ്സൻ അബെദിനി സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് സംപ്രേഷണം അൽപ്പനേരം തടസ്സപ്പെട്ടു.

ആക്രമണ സമയത്ത് ഇമാമി വാർത്തകൾ അവതരിപ്പിക്കുകയായിരുന്നു. ആദ്യ പ്രഹരത്തിൽ കെട്ടിടം വിറച്ചിട്ടും പതറാതെ നിലപാടിൽ ഉറച്ചുനിന്ന് ആക്രമണത്തെ അപലപിച്ചുകൊണ്ട് അവർ പ്രക്ഷേപണം തുടർന്നു.

നിമിഷങ്ങൾക്കുള്ളിൽ നടന്ന മറ്റൊരു സ്ഫോടനം മൂലം സ്റ്റുഡിയോയിൽ പുകയും പൊടിയും നിറഞ്ഞു. ഇതോടെ അവിടം ഒഴിയാൻ നിർബന്ധിതയായി. അബെദിനിക്കൊപ്പം ചേരാനും തന്റെ വേദനാജനകമായ അനുഭവം പങ്കുവെക്കാനും അവർ താമസിയാതെ സ്റ്റുഡിയോവിലേക്ക് മടങ്ങിയെത്തി.

ജൂൺ 13ന് ഇറാനെതിരെ ഇസ്രായേൽ ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമണം അഴിച്ചുവിട്ടത്. ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ മുതിർന്ന സൈനിക കമാൻഡർമാരെയും ഉന്നത ആണവ ശാസ്ത്രജ്ഞരെയും വധിച്ചു. തുടർന്ന് ആണവ, സൈനിക കേന്ദ്രങ്ങളും ജനവാസ കേന്ദ്രങ്ങളും ആക്രമിച്ചു. ഓപ്പറേഷൻ ട്രൂ പ്രോമിസ് 3ന്റെ ഭാഗമായി ഇറാനിയൻ സായുധ സേന 22 തരംഗ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിലെ നിരവധി തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇത്. 

Tags:    
News Summary - Venezuela awards Simon Bolivar Prize to Iranian news anchor Sahar Emami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.