എട്ടുമാസം മുമ്പ് കാണാതായ ആളെ വീട്ടിൽ തുണി സൂക്ഷിക്കാനായി നിർമിച്ച രഹസ്യ അറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 53കാരനായ റിച്ചാർഡ് മെഡ്ഗെയെയാണ് കാണാതായി എട്ടുമാസങ്ങൾക്ക് ശേഷം കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് റിച്ചാർഡിനെ കാണാതായതെന്ന് ഭാര്യ ജെന്നിഫർ മെഡ്ഗെ പറയുന്നു. ജോലി സ്ഥലത്തു നിന്ന് നേരത്തെ എത്തുമെന്ന് അറിയിച്ച ശേഷം പിന്നീട് റിച്ചാർഡുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ജെന്നിഫർ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്റെ കാർ വീട്ടിലുണ്ടായിരുന്നു. എന്നാൽ ആളെ കണ്ടില്ല. ഒടുവിൽ പൊലീസിൽ പരാതി നൽകുകയും പൊലീസ് വീടുമുഴുവൻ അന്വേഷിക്കുകയും ചെയ്തിട്ടും റിച്ചാർഡിനെ കണ്ടെത്തിയില്ല.
പിന്നീട് ക്രിസ്മസിന് അലങ്കാരപ്പണികൾ നടത്തുന്നതിനായി ചില സാധനങ്ങൾ സംഘടിപ്പിക്കാൻ വേണ്ടി വീട്ടിലെ തുണികൾ സൂക്ഷിക്കുന്ന ക്ലോസെറ്റ് തുറന്നപ്പോഴാണ് റിച്ചാർഡിന്റെ മൃതദേഹം കണ്ടെത്തിയത്.
വീട്ടിലെ സ്റ്റെയർ കെയ്സിനു കീഴിലുള്ള കബോർഡിനുപിന്നിലായുള്ള സ്റ്റോറേജ് ഏരിയയിലാണ് മൃതദേഹം കണ്ടെത്തിയത്. അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ജെന്നിഫർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച മഡിസൻ കൗണ്ടി പൊലീസ് റിപ്പോർട്ട് പുറത്തു വിട്ടു. റിപ്പോർട്ടിൽ മരണം ആത്മഹത്യയാണെന്നും ദുരൂഹതകൾക്ക് തൊളിവൊന്നുമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പരിശോധിക്കാൻ പൊലീസ് വീട്ടിലെത്തിയിരുന്നപ്പോൾ ഓടയിൽ നിന്നെപ്പോലെയുള്ള മണമുണ്ടായിരുന്നെന്നും എന്നാൽ മൃതദേഹം കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു. മൃതദേഹം ഉണങ്ങിയ അവസ്ഥയിലാണെന്നും കൂടുതലായി ദുർഗന്ധം ഉണ്ടാകാത്തതിനാലാണ് വളരെക്കാലം കണ്ടെത്താനാകാതിരുന്നതെന്നും പൊലീസ് പറഞ്ഞു. ജനുവരിയിൽ കുടുംബം റിച്ചാർഡിന്റെ സംസ്കാരം നടത്തിയെന്നും ജെന്നിഫർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.