ഇറാനിയൻ എണ്ണക്ക് മേലുള്ള ഉപരോധം യു.എസ് താൽക്കാലികമായി നീക്കി

വാഷിങ്ടൺ: ഇറാനിയൻ എണ്ണക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം താൽക്കാലികമായി നീക്കിയതായി യു.എസ് ട്രഷറി വെള്ളിയാഴ്ച അറിയിച്ചു. പശ്ചിമേഷ‍്യന്‍ സംഘർഷം മൂലമുണ്ടായ ആഗോള ഇന്ധന പ്രതിസന്ധി പരിഹരിക്കാനുള്ള വാഷിങ്ടണിന്റെ ഏറ്റവും പുതിയ നീക്കമാണ് ഇത്. മാർച്ച് 20-ന് മുമ്പ് കപ്പലുകളിൽ കയറ്റിയ ഇറാനിയൻ ക്രൂഡ് ഓയിലും മറ്റ് പെട്രോളിയം ഉത്പന്നങ്ങളും വിതരണം ചെയ്യാനും വിൽക്കാനും ഉത്തരവിൽ പറയുന്നു. ഏപ്രിൽ 19 വരെയാണ് ഇതിന്റെ കാലാവധി.

ലോകമെമ്പാടുമുള്ള ഊർജ ലഭ്യത വർധിപ്പിക്കുകയും വിപണിയിലെ അസ്ഥിരത കുറക്കുകയുമാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ലക്ഷ്യമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. ലോകത്തെ 20 ശതമാനം എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധവും ഊർജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും എണ്ണവില കുതിച്ചുയരാൻ കാരണമായിരുന്നു.

`നിലവിൽ ഇറാനിയൻ എണ്ണ ചൈന കുറഞ്ഞ വിലയ്ക്ക് പൂഴ്ത്തിവെച്ചിരിക്കുകയാണ്. ഉപരോധം നീക്കുന്നതിലൂടെ ഏകദേശം 140 ദശലക്ഷം ബാരൽ എണ്ണ ആഗോള വിപണിയിലെത്തും' ബെസെന്റ് വ്യക്തമാക്കി.

എന്നാൽ അന്താരാഷ്ട്ര വിപണിയിലേക്ക് നൽകാനുള്ള അധിക ക്രൂഡ് ഓയിൽ തങ്ങളുടെ കൈവശം ഇല്ലെന്ന് ഇറാൻ പ്രതികരിച്ചു. യു.എസ് ട്രഷറി സെക്രട്ടറിയുടെ പ്രസ്താവന പ്രതീക്ഷകൾ നൽകാൻ മാത്രമുള്ളതാണെന്ന് ഇറാൻ പെട്രോളിയം മന്ത്രാലയ വക്താവ് സാമൻ ഘദ്ദൂസി പറഞ്ഞു.

Tags:    
News Summary - US temporarily lifts sanctions on Iranian oil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.