വാഷിങ്ടൺ: കുടിയേറ്റക്കാരായ പൗരൻമാരെ മൂന്നാംലോക രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത് പുനഃരാരംഭിക്കാൻ ഡോണൾഡ് ട്രംപ് ഭരണകൂടത്തിന് യു.എസ് സുപ്രീംകോടതിയുടെ അനുമതി. മ്യാൻമർ, ദക്ഷിണ സുഡാൻ, ക്യൂബ, മെക്സിക്കോ, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് കുടിയേറ്റക്കാർ ഉൾപ്പെട്ട കേസിലാണ് വിധി. ഇവരെ മെയ് മാസത്തിൽ ദക്ഷിണ സുഡാനിലേക്കെന്ന് പറയപ്പെടുന്ന വിമാനത്തിൽ നാടുകടത്തിയിരുന്നു. ‘ഏറ്റവും മോശം’ മനുഷ്യർ ആണെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് ഭരണകൂടം അവരെ നാടുകടത്തിയത്.
മൂന്നാം രാജ്യങ്ങളിലേക്കുള്ള നാടുകടത്തൽ നേരിടേണ്ടിവരുന്ന അപകടസാധ്യതകൾ എന്തൊക്കെയാണെന്ന് ഉദ്യോഗസ്ഥരോട് പറയാൻ കുടിയേറ്റക്കാർക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെടുന്ന കീഴ്‌ക്കോടതി ഉത്തരവ് സുപ്രീംകോടതി ജസ്റ്റിസുമാർ റദ്ദാക്കി. എന്നാൽ, ജസ്റ്റിസുമാരായ സോണിയ സൊട്ടോമയർ, എലീന കഗൻ, കേതാൻജി ബ്രൗൺ ജാക്‌സൺ എന്നിവർ തിങ്കളാഴ്ചത്തെ ഭൂരിപക്ഷ വിധിയെ വിമർശിച്ചു. അതിനെ നിയമത്തിന്റെ ‘ഗുരുതരമായ ദുരുപയോഗം’ എന്ന് വിശേഷിപ്പിച്ചു.
‘അമേരിക്കൻ ജനതയുടെ സുരക്ഷക്കും സംരക്ഷണത്തിനും വേണ്ടിയുള്ളതാണ് ഈ വിധി’ എന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പ്രതികരിച്ചു. കൊലപാതകം, തീവെപ്പ്, സായുധ കൊള്ള എന്നിവയുൾപ്പെടെ എട്ട് കുടിയേറ്റക്കാർ യു.എസിൽ ‘ഹീനമായ കുറ്റകൃത്യങ്ങൾ’ ചെയ്തിട്ടുണ്ടെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ആരോപണം.
എന്നാൽ, തടവുകാരിൽ പലർക്കും ക്രിമിനൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് കുടിയേറ്റക്കാരുടെ അഭിഭാഷകർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഫയലിൽ പറഞ്ഞു. വാദികളെ പ്രതിനിധീകരിച്ച നാഷണൽ ഇമിഗ്രേഷൻ ലിറ്റിഗേഷൻ അലയൻസ് കോടതി വിധിയെ ‘ഭയാനക’മെന്ന് വിശേഷിപ്പിച്ചു.
കഴിഞ്ഞ മാസം ബോസ്റ്റൺ ആസ്ഥാനമായുള്ള അപ്പീൽ കോടതി, കുടിയേറ്റക്കാർക്കനുകൂലമായ കീഴ്‌ക്കോടതി വിധി തടയാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ട്രംപ് കേസ് സുപ്രീംകോടതി ജഡ്ജിമാരുടെ മുമ്പാകെ കൊണ്ടുവന്നത്. ബൈഡൻ നിയമിച്ച അപ്പീൽ കോടതി ജഡ്ജി ബ്രയാൻ മർഫിയുടെ ഇടപെടൽ കുടിയേറ്റക്കാരെ അമേരിക്കൻ സൈനിക താവളം സ്ഥിതി ചെയ്യുന്ന ഹോൺ ഓഫ് ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നിലനിർത്താൻ യു.എസ് സർക്കാറിനെ പ്രേരിപ്പിച്ചു. ‘ അവിടെ അപകടകരമായ കുറ്റവാളികൾക്കായി അവിടെ ഒരു താൽക്കാലിക തടങ്കൽ കേന്ദ്രം സ്ഥാപിക്കാൻ ഇമിഗ്രേഷൻ ഏജന്റുമാർ നിർബന്ധിതരായി’ എന്ന് യു.എസ് സോളിസിറ്റർ ജനറൽ ജോൺ സോവർ സുപ്രീംകോടതിയെ അറിയിച്ചു.
അക്രമാസക്തരായ കുറ്റവാളികളായ കുടിയേറ്റക്കാരെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് നാടുകടത്താൻ സർക്കാറിന് പലപ്പോഴും കഴിയുന്നില്ല. കാരണം ആ രാജ്യങ്ങൾ അവരെ തിരികെ കൊണ്ടുപോകാൻ വിസമ്മതിക്കുന്നു. ഇത് അവരെ യു.എസിൽ തുടരാൻ അനുവദിക്കുന്നു എന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. തുടർന്നാണ് ട്രംപിന്അനുകൂലമായ വിധി സുപ്രീംകോടതി ജഡ്ജിമാർ പുറപ്പെടുവിച്ചത്.
തിങ്കളാഴ്ചത്തെ തീരുമാനം കൂട്ട നാടുകടത്തൽ നടപടികളിൽ റിപ്പബ്ലിക്കൻ പ്രസിഡന്റിന്റെ മറ്റൊരു വിജയമായാണ് ട്രംപ് അനുകൂലികൾ കരുതുന്നത്. 350,000 ത്തോളം കുടിയേറ്റക്കാരെ ബാധിക്കുന്ന വെനിസ്വേലൻ പൗരന്മാർക്കുള്ള താൽക്കാലിക സംരക്ഷിത പദവി അവസാനിപ്പിക്കാൻ സുപ്രീംകോടതി കഴിഞ്ഞ മാസം ട്രംപിന് അനുമതി നൽകിയിരുന്നു.
മെയ് മാസത്തിലെ മറ്റൊരു വിധിയിൽ, ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ചു ലക്ഷം കുടിയേറ്റക്കാർക്ക് രണ്ട് വർഷത്തേക്ക് യു.എസിൽ തുടരാൻ അനുവദിച്ച മാനുഷിക പദ്ധതി പ്രസിഡന്റിന് താൽക്കാലികമായി നിർത്തിവെക്കാൻ കഴിയുമെന്നും ജസ്റ്റിസുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.